Quantcast

ഘാന ഗംഭീരം; പൊരുതി വീണ് കൊറിയ

അവസാന നിമിഷം ദക്ഷിണ കൊറിയക്ക് ലഭിച്ച കോർണർ കിക്ക് എടുക്കുന്നതിന് മുമ്പ് റഫറി ഫൈനൽ വിസിൽ മുഴക്കിയത് വിവാദമായി. ഇതിനെതിരെ പ്രതികരിച്ച കൊറിയൻ പരിശീലകന് റഫറി ചുവപ്പ് കാർഡ് നൽകി.

MediaOne Logo

Web Desk

  • Updated:

    2022-11-28 15:26:29.0

Published:

28 Nov 2022 1:01 PM GMT

ഘാന ഗംഭീരം; പൊരുതി വീണ് കൊറിയ
X

ദോഹ: പൊരുതിക്കളിച്ച ദക്ഷിണ കൊറിയയെ 3-2ന് വീഴ്ത്തി ആഫ്രിക്കൻ കരുത്തരായ ഘാന. തീ പാറിയ പോരാട്ടത്തിൽ അവസാനം വരെ പൊരുതിയാണ് ദക്ഷിണ കൊറിയ കീഴടങ്ങിയത്. ആദ്യ പകുതിയിൽ ഘാനയാണ് രണ്ട് ഗോളടിച്ച് കരുത്ത് കാട്ടിയത്. രണ്ടാം പകുതിയിൽ കൊറിയ രണ്ട് ഗോളുകളും മടക്കി. തളരാതെ പൊരുതിയ ഘാനയുടെ പോരാളികൾ മിനിറ്റുകൾക്കകം മുഹമ്മദ് ഖുദുസിലൂടെ ലീഡ് തിരിച്ചുപിടിക്കുകയായിരുന്നു.

പന്തടക്കത്തിലും പാസിങ്ങിലും അടക്കം കളത്തിൽ ഉജ്ജ്വല മികവ് പുലർത്തിയ കൊറിയയെ അവസരങ്ങൾ മുതലാക്കിയ പ്രകടനത്തിലൂടെയാണ് ഘാന വീഴ്ത്തിയത്. മുഹമ്മദ് ഖുദുസ് ഘാനക്കായി ഇരട്ട ഗോൾ നേടി. 34, 68 മിനിറ്റുകളിലായിരുന്നു ഖുദുസിന്റെ ഗോൾ. 24-ാം മിനിറ്റിൽ മുഹമ്മദ് സാലിസുവാണ് ഘാനയുടെ ആദ്യ ഗോൾ നേടിയത്. ദക്ഷിണ കൊറിയക്കായി സുങ് ചോ ഗുവെയാണ് 58, 61 മിനിറ്റുകളിൽ ഘാന വല കുലുക്കിയത്.

അവസാന നിമിഷം ദക്ഷിണ കൊറിയക്ക് ലഭിച്ച കോർണർ കിക്ക് എടുക്കുന്നതിന് മുമ്പ് റഫറി ഫൈനൽ വിസിൽ മുഴക്കിയത് വിവാദമായി. ഇതിനെതിരെ പ്രതികരിച്ച കൊറിയൻ പരിശീലകന് റഫറി ചുവപ്പ് കാർഡ് നൽകി.

കൊറിയൻ താരങ്ങൾ മികച്ച ആക്രമണം നടത്തുന്നതിനിടെയാണ് ഘാനയുടെ ആദ്യ ഗോൾ പിറന്നത്. ജോർദാൻ അയേവു കൊറിയൻ ബോക്‌സിലേക്ക് ഉയർത്തിവിട്ട ക്രോസ് ക്ലിയർ ചെയ്യുന്നതിൽ കൊറിയൻ പ്രതിരോധ നിര വരുത്തിയ പിഴവാണ് ആദ്യ ഗോളിന് വഴിവെച്ചത്.

ആദ്യ ഗോൾ പിറന്ന് 10 മിനിറ്റിനിടെ ഘാന രണ്ടാം ഗോളും നേടി. ബോക്‌സിന് പുറത്ത് ഇടതുവിങ്ങിൽ നിന്ന് ജോർദാൻ അയേവു കൊറിയൻ ബോക്‌സിലേക്ക് ഉയർത്തി നൽകിയ പന്ത് മുഹമ്മദ് ഖുദുസ് ഉയർന്നു ചാടി ഹെഡറിലുടെ ഗോളിലേക്ക് തിരിച്ചുവിടുകയായിരന്നു.

ഇടത് വിങ്ങിലൂടെ കൊറിയ നടത്തിയ നീക്കങ്ങളാണ് അവരുടെ ആദ്യ ഗോളിലേക്ക് നയിച്ചത്. ലീ കാങ് ഘാന ബോക്‌സിലേക്ക് ഉയർത്തി നൽകിയ ക്രോസ് സുങ് ചോ ഗുവെ തകർപ്പൻ ഹെഡറിലൂടെ ഗോളാക്കി മാറ്റി. ആദ്യ ഗോളിന്റെ ചൂടാറും മുമ്പ് കൊറിയ രണ്ടാം ഗോളും നേടി. കിം ജിൻ സു കൊറിയൻ ബോക്‌സിലേക്ക് നൽകിയ തകർപ്പൻ ക്രോസിൽ സുങ് ചോ ഗുവെയുടെ ഹെഡർ. ഗോൾ കീപ്പറുടെ കണക്കൂകൂട്ടലുകൾ തെറ്റിച്ച് പന്ത് വലയിലെത്തി.



കൊറിയൻ മേധാവിത്വത്തിന് വെറും ഏഴ് മിനിറ്റ് മാത്രമേ ആയുസുണ്ടായിരുന്നുള്ളു. ഇടത് വിങ് കേന്ദ്രീകരിച്ച് നടത്തിയ മുന്നേറ്റത്തിൽ ഗിഡിയോൻ മെൻസാഹ് കൊറിയൻ പോസ്റ്റിന് സമാന്തരമായി ബോക്‌സിലേക്ക് മറിച്ചു. പന്ത് പിടിച്ചെടുക്കാനുള്ള ഇനാകി വില്യംസിന്റെ ശ്രമം പാളിയെങ്കിലും അപ്പുറത്ത് കാത്തിരുന്ന മുഹമ്മദ് ഖുദുസ് കൊറിയൻ പ്രതിരോധത്തെ കാണികളാക്കി ബൊകിസിന്റെ ഇടത് മൂലയിലേക്ക് പായിച്ചു.

ആദ്യ മത്സരത്തിൽ പോർച്ചുഗലിനോട് പരാജയപ്പെട്ട ഘാനക്ക് ഈ വിജയത്തോടെ മൂന്ന് പോയിന്റ് ലഭിച്ചു. ആദ്യ മത്സരത്തിൽ യുറുഗ്വായെ സമനിലയിൽ തളച്ച ദക്ഷിണ കൊറിയക്ക് ഒരു പോയിന്റാണുള്ളത്.



ലൈനപ്പ്:

ദക്ഷിണ കൊറിയ

കിം സിയൂങ്‌യു, കിം ജിൻസു, കിം മിൻജെ, കിം മൂൻഹ്‌വാൻ, കിം യങ്‌വൺ, ജങ് വൂയങ്, ഹുവാങ് ഇൻബിയോം, സൺ ഹ്യൂങ്മിൻ, ക്‌വോൻ ചാങ്ഹൂൻ, ജിയോങ് വൂയിങ്, ചോ ഗസങ്,

ഘാന

ലോറൻസ് അതി സിഗി, താരിഖ് ലാംപ്‌തെ, മുഹമ്മദ് സാലിസു, ജിദിയോൻ മെൻസ, ഡാനിയേൽ അമാർത്തി, തോമസ് പാർട്ടി, ഖുദുസ് മുഹമ്മദ്, സാലിസ് അബ്ദുൽ സമദ്, ജോർദാൻ അയേവു, ആന്ദ്രെ അയേവു, ഇനാകി വില്യംസ്‌


TAGS :

Next Story