ലോകകപ്പ് ചരിത്രത്തിലാദ്യം; വായ മറച്ചുപിടിച്ച് സംസാരിച്ചതിന് അൽമിറോണിന് ചുവപ്പുകാർഡ്
ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരം തോറ്റ പരാഗ്വേയ്ക്കും തുർക്കിക്കും സാൻ ഫ്രാൻസിസ്കോയിലേത് ഒരു ജീവൻമരണ പോരാട്ടമായിരുന്നു

- Published:
20 Jun 2026 12:37 PM IST

സാൻ ഫ്രാൻസിസ്കോ: ഫുട്ബോൾ പൊതുവെ കാലുകൾ കൊണ്ട് സംസാരിക്കുന്ന കളിയാണ്. എന്നാൽ ചിലപ്പോൾ ഒരു ചെറിയ കൈവിരലനക്കം പോലും ഒരു വലിയ സ്റ്റേഡിയത്തെ നിശബ്ദമാക്കും. സാൻ ഫ്രാൻസിസ്കോ ബേ ഏരിയ സ്റ്റേഡിയത്തിൽ സംഭവിച്ചതും അതാണ്. ശാന്തമായൊരു താഴ്‌വരയിലേക്ക് അപ്രതീക്ഷിതമായി ഇടിമിന്നൽ വന്നുവീഴുന്നതുപോലെയാണ് റഫറി ഇവാൻ ബാർട്ടന്റെ പോക്കറ്റിൽ നിന്ന് ആ ചുവപ്പുകാർഡ് ഉയർന്നത്.
പരാഗ്വേയുടെ സൂപ്പർതാരം മിഗ്വൽ അൽമിറോൺ ചെയ്ത തെറ്റെന്തായിരുന്നു? അദ്ദേഹം ആരെയും ഫൗൾ ചെയ്തില്ല, ആരോടും കയർത്തില്ല. പകരം, തുർക്കി താരം ബാരിസ് യിൽമാസിനോട് സംസാരിക്കുമ്പോൾ സ്വന്തം വായ ഒരു കൈകൊണ്ട് മറച്ചുപിടിച്ചു! ഫിഫയുടെ പുതിയ നിയമപ്രകാരം ലോകകപ്പ് ഫുട്ബോൾ ചരിത്രത്തിൽ ഈ കുറ്റത്തിന് പുറത്താകുന്ന ആദ്യ താരമായി അൽമിറോൺ മാറി.
ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരം തോറ്റ പരാഗ്വേയ്ക്കും തുർക്കിക്കും സാൻ ഫ്രാൻസിസ്കോയിലേത് ഒരു ജീവൻമരണ പോരാട്ടമായിരുന്നു. കളിയുടെ രണ്ടാം മിനിറ്റിൽ തന്നെ ജൂലിയോ എൻസിസോ നൽകിയ മനോഹരമായ പാസിൽ നിന്ന് മാറ്റിയാസ് ഗലാർസ പരാഗ്വേയെ മുന്നിലെത്തിച്ചു. ഈ ഒരു ഗോളിന്റെ കടം വീട്ടാൻ തുർക്കി കൊടുങ്കാറ്റുപോലെ ആഞ്ഞടിച്ചുകൊണ്ടിരുന്ന ഒന്നാം പകുതിയുടെ ഇഞ്ചുറി ടൈമിലാണ് ആ നാടകീയ നിമിഷം പിറക്കുന്നത്.
തുർക്കിയുടെ ബാരിസ് യിൽമാസുമായി മൈതാനമധ്യത്ത് വെച്ച് ഒരു വാക്കുതർക്കത്തിലേർപ്പെടുകയായിരുന്നു അൽമിറോൺ. സംസാരിക്കുന്നതിനിടെ അദ്ദേഹം തന്റെ ഇടതുകൈപ്പത്തി കൊണ്ട് വായ മറച്ചുപിടിച്ചു. ക്യാമറകൾക്കോ ചുറ്റുമുള്ളവർക്കോ താൻ പറയുന്നത് എന്താണെന്ന് വായിച്ചെടുക്കാൻ കഴിയാത്ത വിധമുള്ള ആ 'മറയ്ക്കൽ' പക്ഷേ, റഫറി ഇവാൻ ബാർട്ടന്റെ കണ്ണിൽ പെട്ടു. വാർ പരിശോധനയ്ക്ക് ഒടുവിൽ റഫറി ദയയില്ലാതെ ചുവപ്പുകാർഡ് പുറത്തെടുത്തു. ചെയ്തതെന്താണെന്ന് വിശ്വസിക്കാനാകാതെ, തലയിൽ കൈവെച്ച് അൽമിറോൺ മൈതാനം വിട്ടു.
എന്താണ് ഫിഫയുടെ ഈ പുതിയ നിയമം?
കളിക്കളത്തിൽ എതിരാളികളോടും സഹതാരങ്ങളോടും തന്ത്രങ്ങൾ പറയുമ്പോൾ ചുണ്ടുകൾ അനങ്ങുന്നത് ക്യാമറയിൽ പതിയതിരിക്കാൻ വായ മറച്ചുപിടിക്കുന്നത് ഫുട്ബോളിൽ പതിവാണ്. എന്നാൽ 2026 ലോകകപ്പോടെ ഫിഫ ഇതിനൊരു കർശനമായ ലക്ഷ്മണരേഖ വരച്ചു.
'സംസാരം സൗഹൃദപരമാണെങ്കിൽ വായ മറച്ചുപിടിക്കുന്നതിൽ ഒരു തെറ്റുമില്ല. എന്നാൽ അതൊരു വാദപ്രതിവാദമോ സംഘർഷമോ നടക്കുന്ന സാഹചര്യത്തിലാണെങ്കിൽ, വായ മറയ്ക്കുന്നത് നിങ്ങൾ ഗുരുതരമായ എന്തോ ചതി ചെയ്യുകയാണെന്നതിന്റെ ലക്ഷണമാണ്. അതിനുള്ള ശിക്ഷ ചുവപ്പുകാർഡ് തന്നെയാണ്', ഫിഫയുടെ റഫറിയിംഗ് മേധാവി പിയർലൂയിജി കൊളീനയുടെ ഈ വാക്കുകളിൽ നിയമത്തിന്റെ കാഠിന്യമുണ്ട്.
കഴിഞ്ഞ ഫെബ്രുവരിയിൽ ചാമ്പ്യൻസ് ലീഗിൽ ബെൻഫിക്കയുടെ ജിയാൻലൂക്ക പ്രെസ്റ്റിയാനിയും റയൽ മാഡ്രിഡിന്റെ വിനീഷ്യസ് ജൂനിയറും തമ്മിലുണ്ടായ വിവാദമാണ് ഫിഫയെക്കൊണ്ട് ഈ തീരുമാനെമെടുപ്പിച്ചത്. അന്ന് വായ മറച്ചുപിടിച്ച് പ്രെസ്റ്റിയാനി തന്നെ വംശീയമായി അധിക്ഷേപിച്ചെന്ന് വിനീഷ്യസ് ആരോപിച്ചിരുന്നു. തെളിവുകളില്ലാതിരുന്നിട്ടും യുവേഫ പ്രെസ്റ്റിയാനിക്ക് ആറ് മത്സരങ്ങളിൽ വിലക്കേർപ്പെടുത്തി. മൈതാനങ്ങളിലെ ഇത്തരം 'രഹസ്യ അധിക്ഷേപങ്ങൾ' പൂർണമായും ഇല്ലാതാക്കാനാണ് ഫിഫ ഇപ്പോൾ ചുവപ്പുകാർഡ് തന്നെ ആയുധമാക്കിയിരിക്കുന്നത്.
Adjust Story Font
16
