Quantcast

ചേട്ടന് പരിക്ക്, പകരക്കാരനായി ഇറങ്ങിയത് അനിയൻ: ഫ്രാൻസ് ടീമിലെ അപൂർവ കാഴ്ച

മത്സരത്തിന്റെ ഒമ്പതാം മിനിറ്റിൽ ആസ്‌ട്രേലിയ ഗോൾ നേടിയതിന് തൊട്ടുപിന്നാലെയാണ് ലൂക്കാസിന് പരിക്കേല്‍ക്കുന്നത്

MediaOne Logo

Web Desk

  • Published:

    23 Nov 2022 5:59 AM GMT

ചേട്ടന് പരിക്ക്, പകരക്കാരനായി ഇറങ്ങിയത് അനിയൻ: ഫ്രാൻസ് ടീമിലെ അപൂർവ കാഴ്ച
X

ദോഹ: ആസ്‌ട്രേലിയയ്‌ക്കെതിരായ മത്സരത്തിനിടെ കാൽമുട്ടിനേറ്റ പരിക്കിനെ തുടര്‍ന്ന് ഫ്രാൻസ് ഡിഫൻഡർ ലൂക്കാസ് ഹെർണാണ്ടസ് ലോകകപ്പില്‍ നിന്ന് പുറത്ത്. മത്സരത്തിന്റെ ഒമ്പതാം മിനിറ്റിൽ ആസ്‌ട്രേലിയ ഗോൾ നേടിയതിന് തൊട്ടുപിന്നാലെയാണ് ലൂക്കാസിന് പരിക്കേല്‍ക്കുന്നത്. പരിക്കേറ്റ് പുറത്തായതിന് പിന്നാലെ താരത്തിന്റെ സഹോദരൻ തിയോ ഹെർണാണ്ടസാണ് പകരക്കാരാനയി ഇറങ്ങിയത്.

ഇത്തരമൊരു അപൂര്‍വതക്ക് കൂടി ഖത്തര്‍ ലോകകപ്പ് സാക്ഷിയായി. പകരക്കാരനായി ചേട്ടന് പകരം അനിയന്‍. രണ്ട് ഹെര്‍ണാന്‍ഡസുമാരും കളിക്കുന്നത് ലെഫ്റ്റ് ബാക്ക് പൊസിഷനിലായതിനാല്‍ തന്നെ ഒരുമിച്ച് കളത്തിലുണ്ടാകാറില്ല. മത്സരത്തില്‍ ആസ്‌ട്രേലിയ ഗോള്‍ നേടി മുന്നിലെത്തിയതിന് തൊട്ട് പിന്നാലെയാണ് ഈ സഹോദരങ്ങള്‍ക്കിടയിലെ സബ്‌സ്റ്റിറ്റിയൂഷന്‍ നടന്നത്. ജര്‍മന്‍ ക്ലബ്ബ് ബയേണ്‍ മ്യൂണിക്കിന്റെ താരമാണ് ലൂക്കാസ് ഹെര്‍ണാന്‍ഡസ്. അനിയന്‍ തീയോ ഹെര്‍ണാന്‍ഡസ് ഇറ്റാലിയന്‍ സിരീ എ ക്ലബ്ബ് എ.സി മിലാന്റെ താരവും.

പരിക്ക് അലട്ടുന്ന ഫ്രാന്‍സ് നിരയിലേക്കാണ് ലൂക്കാസ് ഹെർണാണ്ടസും എത്തുന്നത്. കരീം ബെന്‍സേമ, കാന്റെ , കിമ്പപ്പെ എന്നിവരെല്ലാം പരിക്കേറ്റ് പുറത്താണ്. അതേസമയം ഇരട്ട ഗോളുകളുമായി ജിറൂഡ് തിളങ്ങിയ മത്സരത്തിൽ ഗ്രൂപ്പ് 'ഡി'യില്‍ ആസ്‌ട്രേലിയക്കെതിരെ തകർപ്പൻ ജയമാണ് ഫ്രാൻസ് സ്വന്തമാക്കിയത്. ഒന്നിനെതിരെ നാല് ഗോളുകൾക്കായിരുന്നു നിലവിലെ ചാമ്പ്യന്മാരായ ഫ്രാൻസിന്റെ വിജയം.

ജിറൂഡിന് പുറമെ, അഡ്രിയൻ റാബിയറ്റ്, കിലിയൻ എംബാപ്പെ എന്നിവരാണ് ഫ്രാൻസിനായി ഗോളുകൾ നേടിയത്. ആദ്യം ഗോൾ നേടി ആസ്‌ട്രേലിയ ഞെട്ടിച്ചെങ്കിലും പിന്നീടങ്ങോട്ട് ഫ്രാൻസ് കളം പിടിക്കുകയായിരുന്നു. ഡെന്മാര്‍ക്കിനെതിരെയാണ് ഫ്രാന്‍സിന്റെ അടുത്ത മത്സരം.

TAGS :

Next Story