Quantcast

'മെസിയെ തടയുക പ്രയാസം, എന്നാലും ഞങ്ങൾ തയ്യാർ': നയം വ്യക്തമാക്കി ലൂക്ക മോഡ്രിച്ച്

ക്രൊയേഷ്യയും അർജന്റീനയും ഇതുവരെ അഞ്ച് തവണ കൊമ്പുകോർത്തിട്ടുണ്ട്

MediaOne Logo

Web Desk

  • Published:

    12 Dec 2022 1:50 PM GMT

മെസിയെ തടയുക പ്രയാസം, എന്നാലും ഞങ്ങൾ തയ്യാർ: നയം വ്യക്തമാക്കി ലൂക്ക മോഡ്രിച്ച്
X

ദോഹ: ഖത്തര്‍ലോകകപ്പിന്റെ സെമിയിൽ ലോക ഫുട്‌ബോളിലെ മികച്ച കളിക്കാരൻ കളിക്കുന്ന ടീമുമായി പോരിനൊരുങ്ങുകയാണ് ക്രൊയേഷ്യ. മെസിയെ പൂട്ടിയാലെ ക്രൊയേഷ്യക്ക് രക്ഷയുള്ളൂ. അർജന്റീനയുമായി കൊമ്പ്‌കോർക്കാനൊരുങ്ങുമ്പോൾ അക്കാര്യം വ്യക്തമാക്കുകയാണ് ക്രൊയേഷ്യൻ നായകൻ ലൂക്കമോഡ്രിച്ച്. 'മികച്ച കളി പുറത്തെടുക്കാനാണ് ഞങ്ങൾ വന്നത്, ഒരു കളിക്കാരനെതിരെ മാത്രം കളിക്കാനല്ല'- മോഡ്രിച്ച് വ്യക്തമാക്കി.

'തീർച്ചയായും മെസി മികച്ച കളിക്കാരൻ തന്നെയാണ്. അദ്ദേഹത്തെ തടയുക എന്നത് പ്രയാസമുള്ള കാര്യം തന്നെയാണ്. എന്നിരുന്നാലും മികച്ച കളി പുറത്തെടുക്കാൻ ഞങ്ങൾ ഒരുങ്ങിക്കഴിഞ്ഞു- മോഡ്രിച്ച് വ്യക്തമാക്കി. റയല്‍ മാഡ്രിഡിന്റെ ഡി.എന്‍.എ തന്നെയാണ് ക്രൊയേഷ്യന്‍ ടീമിലെന്നും അതുകൊണ്ട് അവസാന നിമിഷം വരെ ലക്ഷ്യം കൈവിടാതെ മുന്നേറുമെന്നും മോഡ്രിച്ച് കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ലോകകപ്പിലെ റണ്ണർ അപ്പുകളാണ് ക്രൊയേഷ്യ. ഫ്രാൻസിനോട് അന്ന് തോറ്റതിന് പിന്നാലെ വീണ്ടുമൊരു ഫൈനൽ പ്രവേശം സ്വപ്‌നം കാണുകയാണ് മോഡ്രിച്ചും സംഘവും. ക്വാര്‍ട്ടറില്‍ പെനാല്‍ട്ടി ഷൂട്ടൗട്ടിലാണ് ബ്രസീലിനെ, ക്രൊയേഷ്യ തകര്‍ത്തത്. ഇതോടെ ലോകകപ്പില്‍ ഷൂട്ടൗട്ടില്‍ പരാജയപ്പെടാത്ത ടീമെന്ന തങ്ങളുടെ റെക്കോഡ് ഒന്നുകൂടെ ഊട്ടിയുറപ്പിക്കുകയാണ് ക്രൊയേഷ്യ.

ക്രൊയേഷ്യയും അർജന്റീനയും ഇതുവരെ അഞ്ച് തവണ കൊമ്പുകോർത്തിട്ടുണ്ട്, ഇരു ടീമുകളും തമ്മിൽ മത്സരിച്ചപ്പോള്‍ 12 ഗോളുകൾ പിറന്നു. ഇരു ടീമുകളും രണ്ട് കളി വീതം ജയിച്ചപ്പോൾ ഒരെണ്ണം ഗോൾ രഹിത സമനിലയിൽ അവസാനിച്ചു. അതേസമയം ക്രൊയേഷ്യക്കെതിരായ അര്‍ജന്‍റീനയുടെ സെമി ഫൈനൽ മത്സരം നിയന്ത്രിക്കുക ഇറ്റാലിയൻ റഫറി ഡാനിയേല ഓര്‍സാറ്റ്. ഹോളണ്ടിനെതിരായ മത്സരത്തിലെ റഫറിയിംഗിനെതിരെ അര്‍ജന്‍റൈൻ ടീം വ്യാപക പരാതി ഉയര്‍ത്തിയതോടെയാണ് പാനലിലുള്ള ഏറ്റവും മികച്ച റഫറിയെ തന്നെ കളത്തിലിറക്കാൻ ഫിഫ തീരുമാനിച്ചത്.

TAGS :

Next Story