Quantcast

ഇറങ്ങി സെക്കൻഡുകൾക്കുള്ളിൽ ഗോൾ; ഫ്രാൻസിന്റെ ഈ പകരക്കാരൻ ചില്ലറക്കാരനല്ല...

പകരക്കാരനായി ഇറങ്ങി വേഗത്തിൽ ഗോൾ നേടുന്നവരുടെ പട്ടികയിലേക്കാണ് മുവാനിയും

MediaOne Logo

Web Desk

  • Updated:

    2022-12-15 06:17:26.0

Published:

15 Dec 2022 6:15 AM GMT

ഇറങ്ങി സെക്കൻഡുകൾക്കുള്ളിൽ ഗോൾ; ഫ്രാൻസിന്റെ ഈ പകരക്കാരൻ ചില്ലറക്കാരനല്ല...
X

ദോഹ: ഇറങ്ങി 44ാം സെക്കൻഡിൽ തന്നെ ഗോൾ. ഫ്രാൻസിന്റെ റൻഡൽ കോളോ മുവാനിയാണ് പകരക്കാരനായി ഇറങ്ങി ഫുട്‌ബോൾ ലോകത്തെ തന്നെ ഞെട്ടിച്ചത്. ഈ ഗോളോടെ മൊറോക്കോയുടെ ജയപ്രതീക്ഷകൾ അകന്നു. മത്സരത്തിന്റെ 79ാം മിനുറ്റിലയിരുന്നു മുവാനിയുടെ ഗോൾ. പകരക്കാരനായി ഇറങ്ങി വേഗത്തിൽ ഗോൾ നേടുന്നവരുടെ പട്ടികയിലേക്കാണ് മുവാനിയും എത്തുന്നത്. ഈ പട്ടികയിൽ മൂന്നാം സ്ഥാനം.

2002ൽ ഉറുഗ്വെയുടെ റിച്ചാർഡ് മൊറാലെസ്(16 സെക്കൻഡ്) 1998ൽ ഡെന്മാർക്കിന്റെ എബ്ബെ സാൻഡ്(26 സെക്കൻഡ്) എന്നിവരാണ് മുവാനിയുടെ മുന്നിലുള്ളവർ. എംബാപ്പെ വെട്ടിച്ചും 'പറ്റിച്ചും' കൊണ്ടുവന്ന പന്ത് തട്ടിയിടേണ്ട ചുമതലയെ മുവാനിക്കുണ്ടായിരുന്നുള്ളൂ. എംബാപ്പയില്‍ നിന്നും പോയ പന്തിനെ മെല്ലെയൊന്ന് തലോടിയതോടെ ഗോൾ വര കടന്നു. ഈ സമയത്ത് പോസ്റ്റിന്റെ ഇടത് ഭാഗത്ത് ആരാരും മാർക്ക് ചെയ്യാതെ നിൽക്കുകയായിരുന്നു മുവാനി. ഫ്രാൻസ് ജേഴ്‌സിയിൽ മൂന്നാം മത്സരമാണ് മുവാനി കളിക്കുന്നത്. ആദ്യ ഗോളും.

ഉസ്മാനെ ഡംബലക്ക് പകരക്കാരനായാണ് മുവാനി കളത്തിലേക്ക് വരുന്നത്. ബുന്ദസ് ലീഗിൽ എയ്ൻട്രാച്റ്റ് ഫ്രാങ്ക്ഫർട്ടിന്റെ താരമാണ് മുവാനി. പതിനാല് മത്സരങ്ങളിൽ നിന്നായി അഞ്ച് ഗോളുകൾ താരം ടീമിനായി നേടിയിട്ടുണ്ട്. അതേസമയം ഫ്രാൻസ് ദേശീയ ടീമിലേക്ക് പരിഗണിച്ച താരമായിരുന്നില്ല മുവാനി. ക്രിസ്റ്റഫർ എൻകുൻകുവിനെ പകരക്കാരനായാണ് അദ്ദേഹം ടീമിലെത്തുന്നത് തന്നെ. എൻകുൻകുവിന് പരിക്കേറ്റതോടെയാണ് മുവാനിയിലേക്ക് പരിശീലകൻ ദെഷാംപ്‌സിന്റെ കണ്ണുകളെത്തുന്നത്. ഏതായാലും പരിശീലകന് തെറ്റിയില്ല. ഏവരെയും ഞെട്ടിച്ചൊരു ഗോളോടെ തുടങ്ങാൻ മുവാനിക്കായി.

അതേസമയം ഫൈനലിൽ അർജന്റീനയെ നേരിടാനൊരുങ്ങുകയാണ് ഫ്രാൻസ്. കരിം ബെൻസെമ ടീമിന്റെ ഭാഗമാകുമെന്ന് പറയപ്പെടുന്നുണ്ടെങ്കിലും ഉറപ്പായിട്ടില്ല. ഇതു സംബന്ധിച്ച വാർത്തകൾ ദെഷാംപ്‌സ് തള്ളിയില്ല എന്നതും ശ്രദ്ധേയമായി. ഞായറാഴ്ച ലുസൈൽ സ്റ്റേഡിയത്തിലാണ് മത്സരം. ക്രൊയേഷ്യയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തോൽപ്പിച്ച് എത്തുന്ന അർജന്റീന ഉഗ്രൻ ഫോമിലുമാണ്. മൂന്നാം കിരീടമാണ് ഇരു ടീമുകളും ലക്ഷ്യമിടുന്നത്. കിരീടം നിലനിര്‍ത്തുക എന്ന ഭാരിച്ച ചുമതല കൂടി ഫ്രാന്‍സിനുണ്ട്.

TAGS :

Next Story