Quantcast

ദേശീയ ടീമിനായി 200 മത്സരങ്ങൾ; ലോക ഫുട്ബോളിലെ അപൂർവ നേട്ടങ്ങളുടെ പട്ടികയിൽ ലൂക്ക മോഡ്രിച്ചും

ലോകകപ്പിൽ പനാമക്കെതിരായ മത്സരത്തിലൂടെയാണ് മോഡ്രിച്ച് തന്റെ രാജ്യത്തിനായി 200-ാം മത്സരം പൂർത്തിയാക്കിയത്

MediaOne Logo

Sports Desk

  • Published:

    24 Jun 2026 12:54 PM IST

ദേശീയ ടീമിനായി 200 മത്സരങ്ങൾ; ലോക ഫുട്ബോളിലെ അപൂർവ നേട്ടങ്ങളുടെ പട്ടികയിൽ ലൂക്ക മോഡ്രിച്ചും
X

ടോറോണ്ടോ: ലോകകപ്പിൽ പനാമക്കെതിരായ മത്സരത്തിലൂടെ തന്റെ രാജ്യത്തിനായി 200-ാം മത്സരം പൂർത്തിയാക്കി ക്രൊയേഷ്യൻ നായകൻ ലൂക്ക മോഡ്രിച്ച്. ഇതോടെ ദേശീയ ടീമിനായി 200 മത്സരങ്ങൾ കളിക്കുന്ന ലോക ഫുട്ബോളിലെ അപൂർവ താരങ്ങളുടെ പട്ടികയിൽ മോഡ്രിച്ച് ഇടംനേടി.

ക്രൊയേഷ്യയുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ തവണ ദേശീയ ജഴ്‌സി അണിഞ്ഞ താരമായ മോഡ്രിച്ച് കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി ടീമിന്റെ പ്രധാന ശക്തിയാണ്. 40-ാം വയസിലും രാജ്യത്തിനായി ഏറ്റവും ഉയർന്ന തലത്തിൽ പ്രകടനം തുടരുന്ന താരം ലോക ഫുട്ബോളിലെ ഏറ്റവും മികച്ച മധ്യനിര താരങ്ങളിൽ ഒരാളായാണ് വിലയിരുത്തപ്പെടുന്നത്.

2018 ഫിഫ ലോകകപ്പിൽ ക്രൊയേഷ്യയെ ആദ്യമായി ഫൈനലിലെത്തിച്ച നായകനായിരുന്നു മോഡ്രിച്ച്. ഫൈനലിൽ ഫ്രാൻസിനോട് പരാജയപ്പെട്ടെങ്കിലും ടൂർണമെന്റിലെ മികച്ച താരത്തിനുള്ള ‘ഗോൾഡൻ ബോൾ’ പുരസ്കാരം അദ്ദേഹത്തെ തേടിയെത്തി. അതേ വർഷം ലോക ഫുട്ബോളിലെ ഏറ്റവും മികച്ച വ്യക്തിഗത ബഹുമതിയായ ബാലൺ ഡി ഓറും സ്വന്തമാക്കി മോഡ്രിച്ച് ചരിത്രം കുറിച്ചു. ലയണൽ മെസ്സിയുടെയും ക്രിസ്റ്റ്യാനോ റൊണാൾഡോയുടെയും ദീർഘകാല ആധിപത്യത്തിനാണ് ആ പുരസ്കാരത്തിലൂടെ വിരാമമായത്.

2022 ലോകകപ്പിലും മോഡ്രിച്ചിന്റെ നേതൃത്വത്തിൽ ക്രൊയേഷ്യ ശ്രദ്ധേയ പ്രകടനം നടത്തി. സെമിഫൈനൽ വരെ മുന്നേറിയ ടീം ഒടുവിൽ ചാമ്പ്യൻമാരായ അർജന്റീനയോട് സെമിയിൽ കീഴടങ്ങുകയായിരുന്നു. 2026ൽ ലോകകപ്പിലും ക്രൊയേഷ്യൻ സംഘത്തിന്റെ പ്രധാന സാന്നിധ്യമാണ് മോഡ്രിച്ച്. പനാമക്കെതിരായ വിജയത്തോടെ പ്രീ-നോക്കൗട്ട് ഘട്ടത്തിലേക്കുള്ള ടീമിന്റെ സാധ്യതകൾ ശക്തിപ്പെട്ടിരിക്കുകയാണ്. നായകനെന്ന നിലയിലും കളിക്കാരനെന്ന നിലയിലും ടീമിനെ മുന്നിൽ നിന്ന് നയിക്കുകയാണ് അദ്ദേഹം.

ദേശീയ ടീമിനായി ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച താരങ്ങളുടെ പട്ടികയിൽ പോർച്ചുഗലിന്റെ ക്രിസ്റ്റ്യാനോ റൊണാൾഡോ 229 മത്സരങ്ങളുമായി ഒന്നാം സ്ഥാനത്താണ്. കുവൈത്തിന്റെ ബദർ അൽ-മുതാവ 202 മത്സരങ്ങളോടെ രണ്ടാം സ്ഥാനത്തും അർജന്റീനയുടെ ലയണൽ മെസി 201 മത്സരങ്ങളോടെ മൂന്നാം സ്ഥാനത്തുമുണ്ട്.

200 മത്സരങ്ങൾ പൂർത്തിയാക്കിയ മോഡ്രിച്ച് ഈ നേട്ടം കൈവരിക്കുന്ന നാലാമത്തെയാളാണ്. ക്രൊയേഷ്യൻ ഫുട്ബോളിന്റെ സുവർണകാലത്തെ രൂപപ്പെടുത്തിയ നായകനായ മോഡ്രിച്ചിന്റെ ഈ നേട്ടം രാജ്യത്തിന്റെ കായികചരിത്രത്തിലെ മറ്റൊരു അഭിമാന മുഹൂർത്തമായാണ് വിലയിരുത്തപ്പെടുന്നത്.

TAGS :

Next Story