Quantcast

കണക്കുകൾ തീർക്കാൻ ജർമ്മനി ഇറങ്ങുന്നു: എതിരാളി ജപ്പാൻ

സർവ സന്നാഹങ്ങളുമായി കച്ചമുറുക്കി ഖത്തറിൽ എത്തിയ ടീമിന് ഊർജ്ജം പകരുന്നത് പരിചയ സമ്പത്തും യുവനിരയുമാണ്

MediaOne Logo

Web Desk

  • Published:

    23 Nov 2022 2:09 AM GMT

കണക്കുകൾ തീർക്കാൻ ജർമ്മനി ഇറങ്ങുന്നു: എതിരാളി ജപ്പാൻ
X

ദോഹ: അഞ്ചാം കിരീടം ലക്ഷ്യമിട്ട് വമ്പന്മാരായ ജർമനി ഇന്നിറങ്ങുന്നു. ഏഷ്യൻ കരുത്തരായ ജപ്പാനാണ് എതിരാളികൾ. വൈകിട്ട് 6.30ന് ഖലീഫ ഇന്റർ നാഷണല്‍ സ്റ്റേഡിയത്തിലാണ് മത്സരം. 2018ൽ ചാമ്പ്യന്മാരായെത്തി ഗ്രൂപ്പ് ഘട്ടത്തിൽ പുറത്തായ ജർമനി ചില കണക്കുകൾ തീർക്കാനാണ് ഇത്തവണയെത്തുന്നത്.

സ്‌പെയിൻ ഉൾപ്പെട്ട ഗ്രൂപ്പ് ഇയിലാണ് ജര്‍മ്മനി. ജപ്പാനെതിരെ ജയിച്ച് തുടങ്ങുക എന്നത് മാത്രമാണ് ജര്‍മനി ലക്ഷ്യമിടുന്നത്. 20ാമത്തെ ലോകകപ്പാണ് ജര്‍മ്മനി കളിക്കുന്നത്. ഇതില്‍ നാല് തവണ കിരീടമുയര്‍ത്തി. 2000ത്തിന് ശേഷം നടന്ന അഞ്ചിൽ നാലു ലോകകപ്പുകളിലും സെമിഫൈനൽ വരെയെങ്കിലും ജര്‍മ്മനി എത്തിയിട്ടുണ്ട്.

സർവ സന്നാഹങ്ങളുമായി കച്ചമുറുക്കി ഖത്തറിൽ എത്തിയ ടീമിന് ഊർജ്ജം പകരുന്നത് പരിചയ സമ്പത്തും യുവനിരയുമാണ്. ഗോൾവലക്ക് കീഴിയിൽ ചോരത്ത കരങ്ങളുമായി മാനുവൽ ന്യൂയർ. മുന്നേറ്റത്തിന്റെ ചുക്കാൻ പിടിക്കാൻ തോമസ് മുള്ളർ, സെർജിയോ ഗ്നാബ്രി, ജമാല്‍ മൂസിയാല തുടങ്ങിയ പടക്കോപ്പുകൾ. ലിറോയ് സാനെ പരിക്കിന്റെ പിടിയിലായത് ജർമൻ പടയ്ക്ക് തിരിച്ചടിയാണ്. പ്രതിരോധത്തിൽ അന്റോണിയോ റൂഡിഗർ, സുലെ എന്നിവർക്ക് ഒപ്പം കെഹ്റർ, ഡേവിഡ് റൗം എന്നിവർ സ്ഥാനം പിടിച്ചേക്കും. 16 ലോകകപ്പ് മത്സരങ്ങളിൽ നിന്ന് പത്ത് ഗോളുകളും ആറ് അസിസ്റ്റുകളുമുള്ള അവസാന ലോകകപ്പ് കളിക്കുന്ന തോമസ് മുള്ളർ ആവും ജപ്പാന് ഏറ്റവും വലിയ തലവേദന സൃഷ്ടിക്കുക. ലോകകപ്പില്‍ ഫോമിലാകുക എന്നത് മുള്ളറിന്റെ പ്രത്യേകതയാണ്.

അതേസമയം മികച്ച പ്രകടനം പുറത്തെടുക്കലാണ് ഉദയ സൂര്യന്റെ നാട്ടിൽ നിന്നെത്തുന്ന ജപ്പാന്റെ ലക്ഷ്യം. 2011ൽ ഖത്തറിന്റെ മണ്ണിൽ നിന്നും ഏഷ്യൻ കിരീടമുയർത്തിയ ആത്മവിശ്വാസവും ടീമിനുണ്ട്. നായകനായ മായ യോശിദയിൽ തന്നെയാണ് ജപ്പാൻ പ്രതീക്ഷ അർപ്പിക്കുന്നത്. തുടർച്ചയായ ഏഴാം ലോകകപ്പാണ് ജപ്പാന്‍ കളിക്കുന്നത്. മൂന്ന് തവണ അവസാന 16ൽ എത്തിയെങ്കിലും ക്വാർട്ടർ ഫൈനലിൽ ഇതുവരെ എത്തിയിട്ടില്ല. ഇക്കുറി അതിനൊരു മാറ്റം ഉണ്ടാക്കാനാണ് മായ യോശിദയും സംഘവും ശ്രമിക്കുന്നത്.

26 അംഗ ജപ്പാൻ ടീമിൽ എട്ട് പേർ ജർമ്മനിയിലെ വിവിധ ടീമുകളില്‍ കളിക്കുന്നവരാണ്. ജര്‍മ്മനിയേയും ജര്‍മ്മന്‍ താരങ്ങളെയും ജപ്പാന് അറിയാം. അർജന്റീനക്കെതിരായ സൗദി അറേബ്യയുടെ വിജയം ജപ്പാന് ആത്മവിശ്വാസം നൽകുന്നുണ്ട്. എതിരാളിയെ ഒരിക്കലും വിലകുറച്ച് കാണരുതെന്ന് പറയുകയാണ് ജപ്പാൻ സംഘം.

TAGS :

Next Story