Quantcast

'ഞാൻ വിരമിക്കുന്നില്ല'; ലോകകിരീടം നേടിയ ശേഷം വിശദീകരണവുമായി മെസി

35 കാരനായ മെസി അടുത്ത ലോകകപ്പിൽ താനുണ്ടാകില്ലെന്ന് ഇക്കുറി പ്രഖ്യാപിച്ചതായി വാർത്തകളുണ്ടായിരുന്നു

MediaOne Logo

Sports Desk

  • Published:

    18 Dec 2022 8:29 PM GMT

ഞാൻ വിരമിക്കുന്നില്ല; ലോകകിരീടം നേടിയ ശേഷം വിശദീകരണവുമായി മെസി
X

ദോഹ: കരിയറിലാദ്യമായി അർജൻറീനക്കായി ലോകകിരീടം നേടിയ ശേഷം വിശദീകരണവുമായി സൂപ്പർതാരം മെസി. താൻ അർജൻറീനയുടെ ദേശീയ ടീമിനായി കളിക്കുന്നത് അവസാനിപ്പിക്കുന്നില്ലെന്നാണ് താരം പ്രഖ്യാപിച്ചിരിക്കുന്നത്. മെയ്ൽ ഓൺലൈൻ സ്‌പോർട്ടാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 35 കാരനായ മെസി അടുത്ത ലോകകപ്പിൽ താനുണ്ടാകില്ലെന്ന് ഇക്കുറി പ്രഖ്യാപിച്ചതായി വാർത്തകളുണ്ടായിരുന്നു. എന്നാൽ അത് താൻ കളി നിർത്തുന്നതല്ലെന്നാണ് താരം ഇപ്പോൾ അറിയിച്ചിരിക്കുന്നത്. 2006, 2010, 2014, 2018 ലോകകപ്പുകളിൽ താരം പങ്കെടുത്തെങ്കിലും നീലപ്പടക്ക് കിരീടം നേടാനായിരുന്നില്ല. ഒടുവിൽ ഖത്തറിൽ ആ സ്വപ്‌നം നേടുകയായിരുന്നു.

ലോകകപ്പിലെ മികച്ച താരത്തിനുള്ള ഗോൾഡൻ ബോൾ ലയണൽ മെസി നേടിയപ്പോൾ ഏറ്റവും കൂടുതൽ ഗോൾ നേടിയ താരത്തിനുള്ള ഗോൾഡൻ ബൂട്ട് അവാർഡ് കിലിയൻ എംബാപ്പെക്കാണ് ലഭിച്ചത്. ഫൈനലിലെ ഹാട്രിക്കടക്കം എട്ട് ഗോളാണ് താരം നേടിയത്. എന്നാൽ ഏഴു ഗോളാണ് അർജൻറീനൻ നായകൻ അടിച്ചത്. എൻസോ ഫെർണാണ്ടസാണ് ലോകകപ്പിലെ മികച്ച യുവതാരം. മികച്ച ഗോൾകീപ്പർക്കുള്ള ഗോൾഡൻ ഗ്ലൗ അർജൻറീനയുടെ വല കാത്ത എമിലിയാനോ മാർട്ടിനെസിനാണ്. ഫൈനലിന് മുമ്പ് അഞ്ചു ഗോളുകളുമായി മെസിയും എംബാപ്പെയും ഗോൾഡൻ ബൂട്ടിനായുള്ള മത്സരത്തിലായിരുന്നു. എന്നാൽ ഫൈനലിൽ ഹാട്രിക്കടിച്ച എംബാപ്പെ മെസിയെ മറികടക്കുകയായിരുന്നു. എന്നാൽ എംബാപ്പെയേക്കാൾ കൂടുതൽ അസിസ്റ്റ് മെസിയുടെ പേരിലാണുള്ളത്. ഗോളുകൾ സമനിലയിലായിരുന്നുവെങ്കിൽ അവ പരിഗണിക്കുമായിരുന്നു.

60 വർഷത്തിന് ശേഷം തുടർച്ചയായ ലോകകപ്പ് നേടാനാണ് ഫ്രഞ്ച് പടയിറങ്ങിയിരുന്നത്. എന്നാൽ അവരുടെ സ്വപ്‌നം പൂവണിഞ്ഞില്ല. അർജൻറീനയുടെ മൂന്നാം കിരീടമാണിത്. 1978, 1986ലുമായി രണ്ടുവട്ടമാണ് നീലപ്പട ഇതിന് മുമ്പ് ലോകകിരീടം നേടിയത്. 2014 ലോകകപ്പിലെ ഫൈനലിൽ മെസ്സിയും സംഘവും ജർമനിക്ക് മുമ്പിൽ അടിയറവ് പറഞ്ഞിരുന്നു. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു തോൽവി.

അതേസമയം, ഈ ഫൈനലോടെ ഒന്നിലധികം ലോകകപ്പ് ഫൈനലുകളിൽ ടീമിനെ എത്തിക്കുന്ന ആറാമത് കോച്ചായി ദിദിയർ ദെഷാംപ്‌സ് മാറി. നേരത്തെ ടീമുകളെ ഒന്നിലധികം ഫൈനലുകളിൽ എത്തിച്ച കോച്ചുമാരിൽ ഒരാൾക്ക് മാത്രമാണ് വിജയം നേടിക്കൊടുക്കാനായത്. ഇതിഹാസ താരമായ വിറ്റോറിയോ പോസ്സോയുടെ പരിശീലനത്തിലാണ് 1934, 1938 ലോകകപ്പുകളിൽ ഇറ്റലി കിരീടം നേടിയത്. എന്നാൽ ദെഷാംപ്‌സിന് ഈ റെക്കോർഡിൽ പേര് ചേർക്കാനായില്ല.

കിലിയൻ എംബാപ്പെ ഹാട്രിക്കും ലയണൽ മെസി ഇരട്ടഗോളും നേടി മുന്നിൽ നിന്ന് നയിച്ചതോടെ മരണക്കളിയായ ഞായറാഴ്ച നടന്ന ഫൈനലിൽ അർജൻറന വിജയം നേടുകയായിരുന്നു. ആദ്യ ഇരുപകുതികളിലും അധികസമയത്തുമായി 3-3 സമനിലയിൽ പിരിഞ്ഞ ശേഷം പെനാൽറ്റി ഷൂട്ടൗട്ടിലാണ് മെസ്സിപ്പട കിരീടം നേടിയത്. ഷൂട്ടൗട്ടിൽ നാലു അർജൻറീനൻ താരങ്ങൾ ഗോളടിച്ചപ്പോൾ ഫ്രഞ്ച് പടയിൽ രണ്ടുപേർക്ക് മാത്രമാണ് ലക്ഷ്യം കാണാനായത്. ഗോൺസാലോ മോണ്ടിയേൽ, ലിയനാർഡോ പരേഡെസ്, പൗലോ ഡിബാലാ, ലയണൽ മെസി എന്നിവരാണ് നീലപ്പടക്കായി ഗോളടിച്ചത്. ഫ്രാൻസ് നിരയിൽ രണ്ടൽ കോലോ മുവാനിയും എംബാപ്പെയും ലക്ഷ്യം കണ്ടു. എന്നാൽ ഷുവാമെനിയും കൂമാനും അവസരം നഷ്ടപ്പെടുത്തി. ഷൂട്ടൗട്ടിൽ കൂമാന്റെ കിക്ക് മാർട്ടിനെസ് തടുത്തപ്പോൾ ഷുവാമെനി പുറത്തേക്കടിച്ചു. ഇതോടെ 60 വർഷത്തിന് ശേഷം ലോകകപ്പിൽ തുടർ കിരീടമെന്ന് ഫ്രാൻസിന്റെ സ്വപ്‌നം പൊലിഞ്ഞു.

Messi has announced that he will not stop playing for Argentina's national team.

TAGS :

Next Story