Quantcast

മൊറോക്കൻ സൂപ്പര്‍ ഹീറോ യാസീൻ ബോനോ നമ്മുടെ കൊച്ചിയിലും കളിച്ചിട്ടുണ്ട്

കേരളത്തിൽ വന്നു പോയതിനു പിന്നാലെ ബോനോ ലോണിൽ സെവിയ്യയിലെത്തി. അധികം വൈകാതെ വൻ തുകയുടെ കരാറിൽ സെവിയ്യ താരത്തെ സ്വന്തമാക്കുകയും ചെയ്തു

MediaOne Logo

Web Desk

  • Published:

    7 Dec 2022 10:14 AM GMT

മൊറോക്കൻ സൂപ്പര്‍ ഹീറോ യാസീൻ ബോനോ നമ്മുടെ കൊച്ചിയിലും കളിച്ചിട്ടുണ്ട്
X

ദോഹ: ഷൂട്ടൗട്ടിലേക്ക് നീണ്ട പ്രീക്വാർട്ടർ പോരാട്ടത്തിൽ യൂറോപ്യൻ കരുത്തരായ സ്‌പെയിനിനെ അട്ടിമറിച്ച മൊറോക്കോയുടെ സൂപ്പർഹീറോയായിരിക്കുകയാണ് യാസീൻ ബോനോ. ലോകകപ്പിൽ ഒരേയൊരു ഗോൾ വഴങ്ങി ആഫ്രിക്കൻ സംഘം ക്വാർട്ടറിലേക്ക് കുതിക്കുമ്പോൾ അതിന്റെ പ്രധാന ക്രെഡിറ്റ് ബോനോയ്ക്ക് തന്നെ. ലോകം മൊത്തം ചർച്ച ചെയ്യുന്ന ബോനോ ഒരിക്കൽ കേരളത്തിലും കളിക്കാനെത്തിയിട്ടുണ്ടെന്ന് എത്ര പേർക്കറിയാം?

2018ലായിരുന്നു അത്. കേരള ബ്ലാസ്റ്റേഴ്‌സ് കൂടി ഭാഗമായ ഒരു സൗഹൃദ മത്സരത്തിനു വേണ്ടിയാണ് അന്ന് സ്പാനിഷ് ലാ ലിഗ ക്ലബായ ജിറോണയുടെ കുപ്പായത്തിൽ ബോനോ കേരളത്തിലെത്തിയത്. ബ്ലാസ്‌റ്റേഴ്‌സ് ആതിഥ്യംവഹിച്ച മൂന്ന് ടീമുകളടങ്ങിയ പ്രീസീസൺ സൗഹൃദ മത്സരത്തിൽ ആസ്‌ട്രേലിയയിലെ മെൽബൺ സിറ്റി എഫ്.സിയായിരുന്നു മറ്റൊരു സംഘം.

കൊച്ചി ജവഹർലാൽ നെഹ്‌റു അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ നടന്ന ആദ്യ മത്സരത്തിൽ മെൽബണിനെതിരെ ജിറോണയുടെ വലകാത്തത് ബോനോയായിരുന്നു. ബോനോ മികച്ച സേവുകളുമായി കളംനിറഞ്ഞു കളിച്ച മത്സരത്തിൽ ജിറോണ എതിരില്ലാത്ത ആറു ഗോളിന് ജയിക്കുകയും ചെയ്തു.

എന്നാൽ, ബ്ലാസ്‌റ്റേഴ്‌സിനെതിരെ താരം കളിച്ചില്ല. ബോനോയ്ക്ക് വിശ്രമം അനുവദിച്ച മത്സരത്തിലും ജിറോണ വമ്പൻ വിജയമാണ് നേടിയത്. ബ്ലാസ്റ്റേഴ്‌സ് പോസ്റ്റിലേക്ക് അഞ്ചു തവണ ജിറോണ നിറയൊഴിച്ചപ്പോൾ മലയാളി സംഘത്തിനു മറുപടിയുണ്ടായിരുന്നില്ല.

കേരളത്തിൽ വന്നു പോയതിനു പിന്നാലെ ബോനോ ലോണിൽ സെവിയ്യയിലെത്തി. ക്ലബിലെ മികച്ച പ്രകടനത്തിനു പിന്നാലെ വൻ തുകയുടെ കരാറിൽ സെവിയ്യ താരത്തെ സ്വന്തമാക്കുകയും ചെയ്തു. നിലവിൽ സെവിയ്യയുടെ പ്രധാന ഗോൾകീപ്പറാണ് ബോനോ.

സ്പാനിഷ് സ്വപ്‌നങ്ങൾ തടുത്തിട്ട് ബോനോ

സ്പാനിഷ് പടയുടെ പാസിങ് തന്ത്രങ്ങൾ പാളിയ മത്സരത്തിൽ ഷൂട്ടൗട്ടിനു മുൻപും പലതവണ മൊറോക്കോയുടെ രക്ഷകനായിരുന്നു യാസീൻ ബോനോ. മത്സരത്തിലുടനീളം സ്‌പെയിൻ മുന്നേറ്റത്തെ ബോക്‌സിനു പുറത്ത് തടയിട്ട മൊറോക്കൻ പ്രതിരോധത്തിനു പാളിയ ഘട്ടങ്ങളിലെല്ലാം രക്ഷയായത് ബോനോയുടെ ഞെട്ടിപ്പിക്കുന്ന സേവുകളായിരുന്നു.

ഇരുപകുതികളിലും അധിക സമയത്തും ഗോൾരഹിത സമനിലയിൽ പിരിഞ്ഞ ശേഷമായിരുന്നു പ്രീക്വാർട്ടർ പോരാട്ടം ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്. മൊറോക്കോ താരങ്ങൾ അനായാസം ഗോൾവലയിലേക്ക് പന്തുകൾ തൊടുത്തപ്പോൾ മറുവശത്ത് ബോനോ സ്പെയിനിന്റെ സ്വപ്നങ്ങൾ തകർത്തെറിഞ്ഞു. സ്പാനിഷ് നായകന്റേതടക്കം രണ്ടു കിക്കുകളാണ് ഷൂട്ടൗട്ടിൽ ബൂനോ തടുത്തിട്ടത്.

31കാരനായ ബൂനോ ലാലിഗയിൽ ജിറോണയ്ക്കും സെവിയ്യയ്ക്കുമായി 100 മത്സരങ്ങളിൽ വല കാത്തിട്ടുണ്ട്. 2020ൽ യുവേഫ യൂറോപ്യൻ ലീഗ് ചാംപ്യന്മാരായ സെവിയ്യ ടീമിൽ അംഗമായിരുന്നു. 2013 മുതൽ മൊറോക്കൻ ടീമിലുണ്ട്. രണ്ടു ലോകകപ്പ് ടൂർണമെന്റുകളിലും ആഫ്രിക്ക കപ്പ് ഓഫ് നാഷൻസ് ടൂർണമെന്റിലും കളിച്ചിട്ടുണ്ട്. 2012 ഒളിംപിക്സിൽ അണ്ടർ 23 ടീമിലും സ്വന്തം രാജ്യത്തിനു വേണ്ടി കളിച്ചിട്ടുണ്ട്.

ഇത്തവണ ലോകകപ്പിൽ ഒരൊറ്റ കിക്ക് മാത്രമാണ് ബൂനോ കാവൽ നിൽക്കുന്ന മൊറോക്കൻ വലയിൽ കയറിയത്. ഗ്രൂപ്പ് ഘട്ടത്തിൽ കാനഡയായിരുന്നു മൊറോക്കയ്‌ക്കെതിരെ ഗോളടിച്ചത്. ഇതേ മത്സരത്തിലും ഒന്നിനെതിരെ രണ്ടു ഗോളിന് ടീം വിജയിച്ചു. ലോക രണ്ടാം നമ്പറുകാരായ ബെൽജിയത്തെ എതിരില്ലാത്ത രണ്ട് ഗോളിന് തകർക്കുകയും കരുത്തരായ ക്രൊയേഷ്യയെ ഗോൾരഹിത സമനിലയിൽ തളക്കുകയും ചെയ്തു.

Summary: Morocco's World Cup hero Goalkeeper Yassine Bounou played in Kochi in a pre-season friendly for Girona FC in 2018. The tournament was hosted by Kerala Blasters

TAGS :

Next Story