Quantcast

പവർകട്ട്, അശ്ലീല സിനിമാ ശബ്ദം; സംഭവബഹുലമായി ലിവർപൂൾ-വോൾവ്‌സ് മത്സരം- മാപ്പു പറഞ്ഞ് ബിബിസി

സംഭവത്തില്‍ അന്വേഷണം നടത്തുമെന്നും ബിബിസി

MediaOne Logo

Web Desk

  • Published:

    19 Jan 2023 8:25 AM GMT

ലിവര്‍പൂള്‍-വോള്‍വ്സ് മത്സരം
X

ലണ്ടൻ: ലിവർപൂളും വോൾവ്‌സും തമ്മിൽ നടന്ന എഫ്എ കപ്പ് മത്സരത്തിനിടെയുണ്ടായ അനിഷ്ട സംഭവത്തില്‍ മാപ്പു പറഞ്ഞ് ബിബിസി. മത്സര കമന്ററിക്കിടെ പശ്ചാത്തലത്തിൽ അശ്ലീല ശബ്ദം കടന്നുവന്നതിനാണ് ബിബിസി ക്ഷമ ചോദിച്ചത്. കളിയെ കുറിച്ച് ബിബിസി അവതാരകൻ ഗാരി ലിനേക്കര്‍ കമന്‍ററി ബോക്സിലുണ്ടായിരുന്ന മുൻ ഇംഗ്ലീഷ് താരം അലന്‍ ഷിയററിനോട് അഭിപ്രായം ചോദിച്ച വേളയിലാണ് സ്ത്രീയുടെ അശ്ലീല ശബ്ദം കയറിവന്നത്.

'ആരാണ് ആ ശബ്ദം ഉണ്ടാക്കുന്നത് എനിക്കറിയില്ല' - എന്നാണ് ലിനേക്കർ ചിരിയോടെ പറഞ്ഞത്. ആരോ ആർക്കോ എന്തെങ്കിലും ഫോൺ വഴി അയക്കുകയാകാം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലൈവ് കവറേജിനിടെയുണ്ടായ സംഭവത്തിൽ ക്ഷമ ചോദിക്കുന്നതായും അന്വേഷണം നടത്തുമെന്നും ബിബിസി പിന്നീട് അറിയിച്ചു.



അതിനിടെ, കളി നടക്കുന്ന വേളയിൽ വൈദ്യുതി മുടങ്ങിയതും ചർച്ചകൾക്ക് വഴിവച്ചു. വൂൾവ്‌സിനായി വലതുവിങ്ങിൽ നിന്ന് അദമ ട്രവോർ പെനാൽറ്റി ബോക്‌സിലേക്ക് ക്രോസ് ചെയ്യാൻ തുടങ്ങുന്ന വേളയിലാണ് വൈദ്യുതി നിലച്ചത്. വൈദ്യുതി വന്നപ്പോൾ പന്ത് കളത്തിന് പുറത്തെത്തിയിരുന്നു. ഗ്രൗണ്ടിൽ വീണുപോയ ട്രവോറിന് എന്താണ് നടക്കുന്നത് എന്ന് വിശ്വസിക്കാനായില്ല.

കളിയിൽ ഹാർവി എലിയട്ടിന്റെ തകർപ്പൻ ലോങ് റേഞ്ചർ ഗോളിൽ ലിവർപൂൾ വിജയിച്ചു. മുന്‍ മത്സരത്തില്‍നിന്ന് എട്ടു മാറ്റങ്ങളുമായാണ് കോച്ച് യുർഗൻ ക്ലോപ് ടീമിനെ വിന്യസിച്ചത്. കോഡി ഗാക്‌പോ, തിയാഗോ അൽസാൻട്ര, ഇബ്രാഹിമെ കൊനാട്ടെ എന്നിവർ മാത്രമാണ് പ്ലേയിങ് ഇലവനിൽ ഇടംപിടിച്ചത്. നിരന്തര തോൽവികൾ കൊണ്ട് വലയുന്ന ക്ലോപ്പിന് ആശ്വാസം നൽകുന്നതായി വിജയം.



ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ 18 കളിയിൽനിന്ന് 28 പോയിന്റുമായി ഒമ്പതാം സ്ഥാനത്താണ് ലിവർപൂൾ. ആഴ്‌സണൽ, മാഞ്ചസ്റ്റർ സിറ്റി, മാഞ്ചസ്റ്റർ യുണൈറ്റഡ്, ന്യൂസാകിൽ എന്നിവരാണ് ആദ്യ നാലു സ്ഥാനങ്ങളിൽ. ഒന്നാം സ്ഥാനക്കാരുമായി 19 പോയിന്റ് വ്യത്യാസമാണ് ലിവർപൂളിനുള്ളത്.

Summary: The match between Wolves and Liverpool saw some incredible scenes take place as a brief powercut during the live game left the players, fans, and commentators confused.

TAGS :

Next Story