ആ ഫൈനൽ തോൽവികൾ നൽകിയ ആഘാതം വലുത്; താൻ ഇപ്പോഴും മരുന്ന് കഴിക്കുന്നുണ്ടെന്ന് എയ്ഞ്ചൽ ഡി മരിയ

ബ്യൂനസ് ഐറിസ്: തുടർച്ചയായ രണ്ട് കോപ്പ കിരീടങ്ങളുടെയും ലോകകപ്പിന്റെയും തിളക്കത്തിലാണ് അർജന്റീന. 2021 കോപ്പ ഫൈനലിലും 2022 ലോകകപ്പ് ഫൈനലിലും അർജന്റീനയുടെ നിർണായക സാന്നിധ്യമായിരുന്നു എയ്ഞ്ചൽ ഡി മരിയ. എന്നാൽ അർജന്റീനക്കൊപ്പമുള്ള നഷ്ടങ്ങളിൽ നിന്നും താൻ ഇപ്പോഴും മോചിതനായില്ല എന്ന് വെളിപ്പെടുത്തുകയാണ് ഡി മരിയ.
‘‘താനിപ്പോഴും മരുന്നുകൾ കഴിക്കുന്നുണ്ട്. ആഘാതം ലഘൂകരിക്കാൻ സാധിച്ചിട്ടുണ്ട്. ഇപ്പോൾ ഭേദവുമുണ്ട്. എങ്കിലും ചില കാര്യങ്ങൾ എല്ലാകാലത്തും നമ്മളോടൊപ്പം നിലനിൽക്കും’
‘‘ലോകകപ്പ് ഫൈനലിലെത്തിയെങ്കിലും വിജയിക്കാനാകാത്തവരെ ആരും ഓർക്കുന്നുണ്ടാകില്ല. ആരും അവരെക്കുറിച്ച് സംസാരിക്കാറില്ല. കോപ്പ അമേരിക്കയും ലോകകപ്പും വിജയിച്ചപ്പോഴെല്ലാം ഞാൻ പോയ തലമുറയിലുള്ളവരെ ഓർക്കാൻ ശ്രമിച്ചിരുന്നു’’
2014 ലോകകപ്പ് ഫൈനലിലും 2015, 2016 കോപ്പ ഫൈനലുകളിലും അർജന്റീന ടീം കപ്പിനും ചുണ്ടിനുമിടക്ക് പരാജയപ്പെട്ടിരുന്നു. ഈ തോൽവികളെയാണ് ഡി മരിയ ഓർത്തെടുത്തത്. 37കാരനായ താരം പോയ വർഷം ദേശീയ ടീമിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു.
Adjust Story Font
16

