കിരീടപ്പോരിലേക്ക് ഗോളടിച്ചു കയറി ഫ്രാൻസ്, തൊട്ടുപിന്നില്‍ അര്‍ജന്റീന; ആര് മുന്നിലെത്തും?
11 ഗോളുകൾ വീതം നേടിയെങ്കിലും ജർമനിയും നെതർലൻഡ്സും ഇതിനകം ടൂർണമെന്റിൽ നിന്ന് പുറത്തായി

ഫിലഡൽഫിയ: 2026 ഫിഫ ലോകകപ്പിൽ ഇതുവരെ ഏറ്റവുമധികം ഗോളുകൾ നേടിയ ടീമായി ഫ്രാൻസ് മുന്നിൽ. ക്വാർട്ടർ ഫൈനലിലെത്തിയ ഫ്രാൻസ് ഇതുവരെ അഞ്ച് മത്സരങ്ങളിൽ നിന്ന് 14 ഗോളുകൾ നേടി ടൂർണമെന്റിലെ ഏറ്റവും ശക്തമായ ആക്രമണനിരയെന്ന സ്ഥാനം ഉറപ്പിച്ചു.
ഗ്രൂപ്പ് ഘട്ടത്തിൽ സെനഗലിനെ 3-1നും ഇറാഖിനെ 3-0നും നോർവെയെ 4-1നും പരാജയപ്പെടുത്തിയ ഫ്രാൻസ് ആദ്യ മൂന്ന് മത്സരങ്ങളിൽ തന്നെ 10 ഗോളുകൾ നേടി. തുടർന്ന് റൗണ്ട് ഓഫ് 32-ൽ സ്വീഡനെ 3-0ന് തകർത്ത ഫ്രാൻസ്, പ്രീക്വാർട്ടറിൽ പരാഗ്വെയെ 1-0ന് കീഴടക്കി ഗോളുകളുടെ എണ്ണം 14 ആയി ഉയർത്തി ക്വാർട്ടർ ഫൈനലിലേക്ക് പ്രവേശിച്ചു.
ടൂർണമെന്റിലെ ടോപ് സ്കോററായ ക്യാപ്റ്റൻ കിലിയൻ എംബാപ്പെയാണ് ഫ്രാൻസിന്റെ മുന്നേറ്റത്തിന് നേതൃത്വം നൽകുന്നത്. എംബാപ്പെ ഇതുവരെ ഏഴ് ഗോളുകൾ നേടിയപ്പോൾ ഉസ്മാൻ ഡെംബെലെ നാല് ഗോളുകളും ബ്രാഡ്ലി ബാർകോല രണ്ട് ഗോളുകളും സ്വന്തമാക്കി. ക്വാർട്ടർ ഫൈനലിൽ ഫ്രാൻസ് മൊറോക്കോയെ നേരിടും.
നിലവിലെ ചാമ്പ്യൻമാരായ അർജന്റീന 11 ഗോളുകളുമായി ടൂർണമെന്റിൽ ഇപ്പോഴും തുടരുന്ന ടീമുകളിൽ രണ്ടാമതാണ്. അൾജീരിയക്കെതിരെ 3-0, ഓസ്ട്രിയക്കെതിരെ 2-0, ജോർദാനെതിരെ 3-1 എന്നിങ്ങനെ ഗ്രൂപ്പ് ഘട്ടത്തിലെ വിജയങ്ങൾക്ക് ശേഷം, റൗണ്ട് ഓഫ് 32-ൽ കാബോ വെർദെയെ 3-2ന് പരാജയപ്പെടുത്തിയാണ് അർജന്റീന അടുത്ത ഘട്ടത്തിലെത്തിയത്. ഇനി അവർ ഈജിപ്തിനെ നേരിടും. അർജന്റീന നായകൻ ലയണൽ മെസ്സിയും ഏഴ് ഗോളുകളുമായി എംബാപ്പെയോടൊപ്പം ഗോൾഡൻ ബൂട്ട് പോരാട്ടത്തിൽ ഒന്നാം സ്ഥാനത്താണ്. ജിയോവാനി ലോ സെൽസോ, ലൗട്ടാരോ മാർട്ടിനസ്, ലിസാൻഡ്രോ മാർട്ടിനസ് എന്നിവർ ഓരോ ഗോൾ വീതം നേടിയപ്പോൾ ഒരു ഗോൾ എതിരാളിയുടെ സെൽഫ് ഗോളിലൂടെയുമാണ് ലഭിച്ചത്.
11 ഗോളുകൾ വീതം നേടിയെങ്കിലും ജർമനിയും നെതർലൻഡ്സും ഇതിനകം ടൂർണമെന്റിൽ നിന്ന് പുറത്തായി. അതേസമയം, നോർവെ, സെനഗൽ, അമേരിക്ക എന്നീ ടീമുകൾ ഓരോന്നും 10 ഗോളുകൾ വീതം നേടിയിട്ടുണ്ട്. നോർവെയ്ക്കായി എർലിംഗ് ഹാലൻഡ് അഞ്ച് ഗോളുകളുമായി മുന്നിലാണ്. സെനഗലിനായി ഇസ്മായില സാർ നാല് ഗോളുകൾ നേടിയപ്പോൾ അമേരിക്കയ്ക്കായി ഫോളറിൻ ബാലോഗൺ മൂന്ന് ഗോളുകൾ സ്വന്തമാക്കി.
നോക്കൗട്ട് ഘട്ടത്തിൽ നോർവെ ബ്രസീലിനെ നേരിടും. അമേരിക്ക ബെൽജിയവുമായി ഏറ്റുമുട്ടും. സെനഗലിന്റെ ലോകകപ്പ് യാത്ര റൗണ്ട് ഓഫ് 32-ൽ ബെൽജിയത്തോട് തോറ്റതോടെ അവസാനിച്ചു. ടൂർണമെന്റ് നിർണായക ഘട്ടത്തിലേക്ക് കടക്കുമ്പോൾ ഫ്രാൻസിന്റെ മിന്നുന്ന ആക്രമണനിരയും എംബാപ്പെയുടെ മികച്ച ഫോമും ലോകകപ്പ് കിരീടപ്പോരാട്ടത്തിൽ അവരെ പ്രധാന ഫേവറിറ്റുകളിലൊരാളാക്കി മാറ്റിയിരിക്കുകയാണ്. അതേസമയം, മെസ്സിയുടെ മികവിൽ അർജന്റീന തുടർച്ചയായ രണ്ടാം ലോകകപ്പ് കിരീടം ലക്ഷ്യമിട്ട് മുന്നേറുകയാണ്.
Adjust Story Font
16

