Quantcast

കന്നി കിരീടം ലക്ഷ്യമിട്ട് ബ്ലാസ്റ്റേഴ്സ്; ഉദ്ഘാടന മത്സരത്തിൽ എതിരാളികൾ എടികെ മോഹൻ ബഗാൻ

മലയാളികളുടെ നിയന്ത്രണത്തിലാണ് ഇക്കുറി കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ മധ്യനിര. അഡ്രിയാൻ ലൂണയാണ് മധ്യനിരയിലെ ഏക വിദേശ സാന്നിധ്യം.

MediaOne Logo

Web Desk

  • Updated:

    2021-11-19 13:10:40.0

Published:

19 Nov 2021 10:01 AM GMT

കന്നി കിരീടം ലക്ഷ്യമിട്ട് ബ്ലാസ്റ്റേഴ്സ്; ഉദ്ഘാടന മത്സരത്തിൽ എതിരാളികൾ എടികെ മോഹൻ ബഗാൻ
X

എട്ടാം സീസണിൽ കിരീടപ്രതീക്ഷയുമായി കേരള ബ്ലാസ്‌റ്റേഴ്‌സ് ഇന്ന് കളത്തിലിറങ്ങും. ഉദ്ഘാടന മത്സരത്തിൽ എടികെ മോഹൻ ബഗാനാണ് കേരളത്തിന്റെ എതിരാളികൾ. ആദ്യ കിരീടം തേടി ബ്ലാസ്റ്റേഴ്‌സ് ഇറങ്ങുമ്പോൾ മോഹൻ ബഗാൻ ഇക്കുറി ലക്ഷ്യം വയ്ക്കുന്നത് മൂന്നാം കിരീടമാണ്. ബ്ലാസ്‌റ്റേഴ്‌സ് രണ്ട് തവണ ഫൈനലിലെത്തിയപ്പോഴും തോറ്റത് എടികെയോടായിരുന്നു. രാത്രി 7.30നാണ് മത്സരം.

പുതിയ സീസണില്‍ വിജയം ലക്ഷ്യമിട്ട് ഇവാന്‍ വുകോമനോവിച്ചന്‍റെ കീഴില്‍ ബ്ലാസ്റ്റേഴ്സ് നേരത്തെ തന്നെ പരിശീലനം തുടങ്ങിയിരുന്നു. കഴിഞ്ഞ തവണത്തെ വിദേശത്തെ താരങ്ങള്‍ക്ക് പകരം പുതിയ താരങ്ങളാണ് ഇക്കുറി. ലാലിഗയിലെ മികച്ച പ്രകടനം നടത്തിയ അല്‍വാരോ വാസ്ക്വസ് മഞ്ഞകുപ്പായത്തില്‍ ഉണ്ട്. അ‍ര്‍ജന്‍റീന താരം പെരേര ഡയസ് ഭൂട്ടാനീസ് റൊണാള്‍ഡോ എന്നറിയപ്പെടുന്ന ചെഞ്ചോ ഗ്യെല്‍ഷന്‍ കഴിഞ്ഞ സീസണില്‍ ചെന്നൈയിന്‍ എഫ്.സിക്ക് വേണ്ടി കളിച്ച ബോസ്നിയന്‍ താരം എനെസ് സിപോവിച്ച്, ഉറുഗ്വായ് താരം അഡ്രിയാന്‍ ലൂണ, തുടങ്ങിയ താരങ്ങളാണ് ബ്ലാസ്റ്റേഴ്സിന് വേണ്ടി ബൂട്ടണിയുന്നത്. ഇവർ മികച്ച പ്രകടനം പുറത്തെടുത്താൽ ബ്ലാസ്റ്റേഴ്സിന് മുന്നോട്ടുള്ള പ്രയാണം എളുപ്പമാകും.

മലയാളികളുടെ നിയന്ത്രണത്തിലാണ് ഇക്കുറി കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ മധ്യനിര. അഡ്രിയാൻ ലൂണയാണ് മധ്യനിരയിലെ ഏക വിദേശ സാന്നിധ്യം. സഹൽ അബ്ദുൽ സമദും കെപി രാഹുലും കെ പ്രശാന്തും അടങ്ങുന്നതാണ് ബ്ലാസ്റ്റേഴ്‌സിന്റെ മധ്യ നിര. സൈത്യാസെൻ സിങ്, ജിക്‌സൺ സിങ്, ഗിവ്‌സൻ സിങ്, എന്നിവർക്കൊപ്പം ബെഗളൂരു എഫ്‌സിയിൽ നിന്നെത്തിയ ഹർമൻജോത് ഖബ്രയും ഗോകുലം കേരളയിൽ നിന്നെത്തിയ വിൻസി ബാരെറ്റോയും ചേരുമ്പോൾ മധ്യനിര കരുത്താകും .

നേർക്കുനേർ പോരിന്റെ കണക്കിൽ മേൽക്കൈ എടികെയ്ക്ക് തന്നെയാണ്. 14 മത്സരങ്ങളിൽ അഞ്ചെണ്ണത്തിൽ എടികെ മോഹൻ ബഗാൻ വിജയിച്ചപ്പോൾ നാലുതവണ ജയം ബ്ലാസ്‌റ്റേഴ്‌സിനൊപ്പം നിന്നു. അഞ്ചു മത്സരങ്ങൾ സമനിലയിൽ അവസാനിച്ചു. ഗോവയിലെ മൂന്നുവേദികളിലായാണ് ഇക്കുറിയും മത്സരങ്ങൾ.

TAGS :

Next Story