Quantcast

ഹാൻസി ഫ്ലിക്കിന്റെ ബാഴ്സ, പൊരുതാനുറച്ച ഒരു സംഘം

MediaOne Logo

നിധീഷ് പി.വി

  • Published:

    27 Sept 2025 12:03 AM IST

barcelona
X

ലാലിഗ കിരീടം ചൂടി വരുന്ന ഫ്ളിക്കിന്റെ ബാഴ്‌സ പുതിയ സീസണിലേക്ക് കാലെടുത്തുവെക്കുമ്പോൾ, കാര്യങ്ങൾ സുഗമമാണ് എന്ന് പറഞ്ഞാൽ അത് പൂർണാർത്ഥത്തിൽ ശരിയാകില്ല.. കിരീടനേട്ടം ആവർത്തിക്കാനും ചാമ്പ്യൻസ് ലീഗ് കലാശപ്പോരാട്ടത്തിൽ മുന്നേറാനും ചെറുതല്ലാത്ത പ്രതിബന്ധങ്ങൾ അവർക്ക് തരണം ചെയ്യേണ്ടതായുണ്ട്.

സീസൺ തുടക്കത്തിൽ തന്നെ സുപ്രധാന താരങ്ങളായ ലമീൻ യമാൽ, ഗാവി, ബാൽഡെ, ഫെർമിൻ ലോപ്പസ് എന്നിവർ നേരിട്ട പരിക്കുകൾ കറ്റാലൻ സംഘത്തിനുയർത്തുന്ന വെല്ലുവിളി ചെറുതല്ല. ലോ ബ്ലോക്ക് ഡിഫൻസുകൾക്ക് എതിരേ തന്റെ ആക്രമണ നിരയുടെ പ്രഹരശേഷി അതിന്റെ പൂർണതയിൽ പ്രയോജനപ്പെടുത്താനാകാത്തതും ഒരു പോരായ്മയാണ്. എതിരാളികളുടെ വേഗമേറിയ കൗണ്ടർ അറ്റാക്കുകളിൽ പലപ്പോഴായി സമ്മർദ്ദത്തിന് കീഴടങ്ങി ഗോളുകൾ വഴങ്ങുന്ന പ്രതിരോധനിരയെയും കഴിഞ്ഞ സീസണിലെ പല മത്സരങ്ങളിലായി നമ്മൾ കണ്ടു. എന്നിരുന്നാലും ടീമിലെ വിവിധ പൊസിഷനുകളിൽ സ്റ്റാർട്ടിങ് 11-ൽ സ്ഥിരസാന്നിധ്യം പ്രതീക്ഷിക്കുന്ന തുല്യ പ്രതിഭയുള്ള ഒന്നിലധികം താരങ്ങൾ ടീമിന്റെ ബെഞ്ച് സ്ട്രെങ്ത് വർധിപ്പിക്കുന്നുണ്ട്

പക്ഷേ കഴിഞ്ഞ ഏതാനും കളികൾ പരിശോധിച്ചാൽ ഫ്ളിക്ക് തനിക്ക് നേരിടേണ്ടി വന്ന ഓരോ വെല്ലുവിളികൾക്കും തക്കതായ പ്രതിവിധികൾ കണ്ടെത്തിയതായി കാണാൻ കഴിയും. അതിൽ ഏറ്റവും പ്രാധാനം ബാഴ്സലോണയുടെ പ്രതിരോധത്തിലെ കെട്ടുറപ്പ് വർധിപ്പിക്കുന്നതിനായി ഫ്ലിക്ക് വരുത്തിയ മാറ്റങ്ങളാണ്. കാറ്റലോണിയയിലെ തന്നെ അയൽപക്കക്കാരായ എസ്പാനിയോലിൽ നിന്നും ഈ സീസൺ തുടക്കത്തിൽ ബാഴ്സയിലേക്ക് ചേക്കേറിയ ഗോൾകീപ്പർ ജോവാൻ ഗാർസിയ ടീമിന്റെ പ്രതിരോധത്തിന് നൽകുന്ന കരുത്ത് കുറച്ചൊന്നുമല്ല.

മികച്ച ഒരു ഷോട്ട് സ്റ്റോപ്പർ എന്നതിലുപരി പെനൽറ്റി ബോക്സിനുള്ളിലെ തന്റെ ആധികാരികതയും, കൈകൾകൊണ്ടും കാലുകൾകൊണ്ടുമുള്ള ലോങ് റേഞ്ച് ഡിസ്ട്രിബ്യൂഷനുമെല്ലാം താരത്തിന്റെ പ്രത്യേകതയാണ്. ഞൊടിയിടയിൽ എതിർ പകുതിയിലുള്ള ടീം മേറ്റിലേക്ക് പന്തെത്തിക്കുന്നതിലുമുള്ള പാടവവും ഈ കറ്റാലൻ ഗോൾകീപ്പറെ യൂറോപ്പിലെ തന്നെ മുൻ നിര ഗോൾകീപ്പർമാരിൽ ഒരാളാക്കി മാറ്റുന്നു. ഗാർസ്യയുടെ വരവിനോടൊപ്പം തന്നെ ഫ്ലിക്ക് ഈ സീസണിൽ താൻ സ്വതസിദ്ധമായി പിന്തുടർന്നു പോരുന്ന ഹൈ ഡിഫൻസീവ് ലൈനിൽ എതിരാളികൾക്കനുസരിച്ച് മാറ്റം വരുത്തുന്നതും കണ്ടു. ഗാർസിയയുടെ ഗോൾകീപ്പിങ് മികവും ഹൈ ലൈനിലെ മിനുക്കുപണികളും കൂടിയായപ്പോൾ, എതിർ കൗണ്ടർ അറ്റാക്കുകളെ സുദൃഢമായി ചെറുത്തു നിർത്തുന്ന ആത്മവിശ്വാസമുള്ള ബാഴ്സ പ്രതിരോധനിരയെയാണ് ഈ സീസണിൽ ഇത് വരെ കാണാൻ സാധിച്ചത്.

ഫ്ളിക്കിന്റെ മറ്റ് തന്ത്രങ്ങളിൽ വളരെ ശ്രദ്ധേയമായത് കളിക്കാരെ അദ്ദേഹം കൂടുതലായി റൊട്ടേറ്റ് ചെയ്ത് കളിപ്പിക്കാൻ തുടങ്ങിയിരിക്കുന്നു എന്നുള്ളതാണ്. എതിരാളികളുടെ പ്ലെയിങ് ശൈലിക്കനുസരിച്ച് തന്റെ സ്റ്റാർട്ടേഴ്‌സിനെയും സബ്സ്റ്റിറ്റിയൂട്ടുകളെയും ഫ്ലിക്ക് സസൂക്ഷ്മം തിരഞ്ഞെടുക്കുന്നു.

ഫിസിക്കൽ ഗെയിം കളിക്കുന്ന ന്യൂകാസിലിന് എതിരേ അവരുടെ തട്ടകത്തിൽ കളിച്ചു പരിചയമുള്ള റാഷ്‌ഫോർഡിനെ ഇറക്കിയതും ലോ ബ്ലോക്കിൽ ഡിഫൻഡ് ചെയ്യുന്ന ഗെറ്റാഫെ ഡിഫൻസിനെ തച്ചുടയ്ക്കാൻ ലെവൻഡോവ്സ്‌കിയുടെ കൂടെ മറ്റൊരു സ്ട്രൈക്കറായ ഫെറാൻ ടോറസിനെ പരീക്ഷിച്ചതും എല്ലാം തന്നെ ഇതിന്റെ ചുരുക്കം ചില ഉദാഹരണങ്ങൾ മാത്രം.

സ്‌ക്വാഡിലെ എല്ലാ കളിക്കാർക്കും ആവശ്യത്തിന് ഗെയിം ടൈം നൽകിക്കൊണ്ട് സ്‌ക്വാഡ് മൊറാൽ അതിന്റെ പാരമ്യത്തിൽ നിലനിർത്തുകയും ചെയ്യുന്നു. ഇത് ഓരോ കളിക്കാരനും താൻ ബാഴ്സലോണയുടെ എല്ലാ വിജയങ്ങളിലും വലിയ പങ്ക് വഹിക്കുന്നു എന്ന വിശ്വാസം സൃഷ്ടിക്കുന്നു. ഫലത്തിൽ ഏത് നിമിഷവും ഫ്ലിക്കിനു വേണ്ടി കളിക്കളത്തിൽ രക്തം ചിന്താൻ തയ്യാറായി നിൽക്കുന്ന പോരാളികളുടെ പടയായി മാറുന്നു ബാഴ്സലോണ.

2-ആം ഡിവിഷനിൽ നിന്നും പ്രൊമോഷൻ നേടിക്കൊണ്ട് 24 വർഷങ്ങൾക്കു ശേഷം ലാ ലിഗയിലേക്ക് എത്തിയ റയൽ ഒവൈദിവുനെയാണ് ബാഴ്സ ആറാമത്തെ ലീഗ് മത്സരത്തിൽ നേരിട്ടത്. ഗെറ്റാഫെയ്ക്ക് എതിരെയുള്ള മത്സരത്തിൽ നിന്നും 4 മാറ്റങ്ങളുമായാണ് ഫ്ളിക്ക് ബാഴ്സലോണയെ അണിനിരത്തിയത്. അരൂഹോ, ക്യൂബാർസി, കാസഡോ, റാഷ്‌ഫോർഡ് എന്നിവർ സ്റ്റാർട്ടിങ് 11-ൽ ഇടം നേടി. താരതമ്യേന ദുർബലരായ ഒവൈദോക്ക് എതിരായ മത്സരം ഒരു ഈസി വാക്കോവർ ആയിരിക്കും എന്ന ധാരണയെ പൊളിച്ചെഴുതുന്ന രീതിയിലുള്ള മികച്ച തുടക്കമാണ് ആതിഥേയർ കാഴ്ചവെച്ചത്. കളിയുടെ ആദ്യ 10 മിനിറ്റുകൾക്കുള്ളിൽ തന്നെ 3 കോർണർ കിക്കുകളാണ് ഒവൈദോ നേടിയെടുത്തത്. ഫിസിക്കാലിറ്റിയിലെ തങ്ങളുടെ മേധാവിത്വം മുതലെടുത്തുകൊണ്ട് അവർ ബാഴ്സലോണ ബോക്സിൽ

കളിയുടെ താളം പതിയെ വീണ്ടെടുത്ത ബാഴ്സ, ഇടത് വിങ്ങുകളിലൂടെ ആക്രമണങ്ങൾ മെനഞ്ഞെടുക്കാൻ തുടങ്ങി. 10-ആം മിനിറ്റിൽ വലത് വിങ്ങിൽ നിന്ന് റാഫീഞ്ഞ നൽകിയ ക്രോസ്സ് ബോക്സിൽ ഒരു തകർപ്പൻ വോളിയിലൂടെ കണക്ട് ചെയ്ത റാഷ്‌ഫോർഡിന്റെ ശ്രമം ഗോൾകീപ്പർ തടഞ്ഞു.

23ാം മിനിറ്റിൽ ഇടത്തെ ഹാഫ് സ്പേസിൽ നിന്നും ബോക്സിനു തൊട്ട് വെളിയിലായി പോസ്റ്റിന്റെ വലത് മൂല ലക്ഷ്യമാക്കി പായിച്ച മറ്റൊരു റാഷ്‌ഫോർഡിന്റെ ഷോട്ടും ഗോളി ഒരു ഡൈവിങ് സേവിലൂടെ രക്ഷപ്പെടുത്തി. ബാഴ്സയുടെ ഗോൾ എന്നുറപ്പിച്ച ആദ്യ അവസരം വന്നത് 36-ആം മിനിറ്റിൽ ബോക്സിനു പുറത്തു നിന്നുമായിരുന്നു.റാഫീഞ്ഞ തൊടുത്ത ഒരു ഇടംകാൽ ലോ ഡ്രിവൺ ഷോട്ട്. ഗോളിയെ കീഴടക്കിയ പന്ത് പക്ഷെ വലത് പോസ്റ്റിൽ തട്ടി പെനാൽറ്റി ബോക്സിലേക്ക് തിരിച്ചു വന്നു.ഒവൈദോക്ക് വേണ്ടി മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം എറിക് ബൈയി പിൻനിരയിൽ മിന്നുന്ന പ്രകടനം കാഴ്ച വെച്ചുകൊണ്ടിരുന്നു.36-ആം മിനിറ്റിൽ തന്നെ കളിയുടെ ഗതിക്കെതിരായി വീണുകിട്ടിയ ഒരു അവസരം മുതലാക്കിക്കൊണ്ട് ഒവൈദോ ഗോൾ നേടുന്നതാണ് പിന്നീട് കണ്ടത്. പെനൽറ്റി ബോക്സിനു തൊട്ട് പുറത്തു നിന്നും ഒരു ഹൈ ബോൾ ക്ലിയർ ചെയ്യാൻ തന്റെ ഗോൾ ലൈൻ വിട്ട് മുന്നോട്ട് വന്ന ജോവാൻ ഗാർസ്യ സുന്ദരമായ 2 ടച്ചുകൾ കൊണ്ട് അത് വരുതിയിലാക്കിയെങ്കിലും അതിനു ശേഷം നൽകിയ പാസ് ഒവിയേഡോ മിഡ്ഫീൽഡറായ ആൽബർട്ടോ റെയ്‌നയുടെ കാലുകളിലേക്കാണ് എത്തിയത്. 39 വാര അകലെ നിന്നും റെയ്‌ന തൊടുത്ത ലോങ് റേഞ്ചർ ഗോൾ ലൈനിനു തൊട്ട് മുൻപിൽ ഒന്നു കുത്തിയ ശേഷം ഉയർന്ന് വലത് പോസ്റ്റിലൂടെ വലയിലേക്ക്. 24 വർഷങ്ങൾക്കു ശേഷം ലാ ലിഗയിൽ എത്തിയ ഒവിയേഡോ ഇതാ ബാഴ്സലോണയ്ക്ക് എതിരേ കളിയിലെ ആദ്യ ഗോൾ നേടിയിരിക്കുന്നു.

ഒരു ഗോളിനു പിന്നിലായിട്ടും അതിന്റെ ഒരു വീറും വാശിയും അത്ര കണ്ടു ബാഴ്സ മുന്നേറ്റങ്ങളിൽ പ്രകടമായില്ല. ബോക്സിനു പുറത്തെ പാസ്സുകൾക്ക് വേണ്ടത്ര വേഗതയില്ലായിരുന്നു. മാത്രമല്ല അറ്റാക്കിങ് പ്ലെയേഴ്‌സ് എല്ലാവരും തന്നെ ബോൾ റിസീവ് ചെയ്തതിനു ശേഷം ഒന്നിൽ കൂടുതൽ ടച്ചുകൾ എടുത്തതും അവരുടെ ആക്രമണങ്ങൾ എതിരാളികൾക്ക് എളുപ്പത്തിൽ വായിച്ചെടുക്കാൻ പറ്റുന്നതാക്കി തീർത്തു.

ഇതിന് ഒരു മാറ്റം ഉണ്ടായത് 2-ആം പകുതിയിൽ കാസഡോയ്ക്ക് പകരം ഫ്രെങ്കി ഡി ജോങ് മിഡ്ഫീൽഡിലേക്ക് വന്നപ്പോൾ ആണ്. അധികം വൈകാതെ തന്നെ ബാഴ്സലോണയ്ക്ക് അതിന്റെ ഫലം ലഭിക്കുകയും ചെയ്തു. 55-ആം മിനിറ്റിൽ വലത് വിങ്ങിൽ ലഭിച്ച ഒരു കോർണർ കിക്ക് കുറിയ പാസ്സുകളിലൂടെ ബോക്സിന്റെ ഇടത്തെ അറ്റത്ത് നിൽക്കുന്ന അരൂഹോയ്ക്ക് ലഭിച്ചു. അരൂഹോയുടെ ഒരു മികച്ച ലോ ക്രോസ്സിൽ ഫെറാൻ ടോറസ് തൊടുത്ത ഷോട്ട് ഗോളി തടുത്തെങ്കിലും അത് ചെന്ന് വീണത് എറിക് ഗാർസ്യയുടെ കാലിലേക്കാണ്. ഓപ്പൺ പോസ്റ്റിലേക്ക് പന്ത് തട്ടിയിടാനുള്ള കടമ മാത്രമേ ഗാർസിയക്ക് ഉണ്ടായിരുന്നുള്ളൂ.

ലീഡ് എടുക്കാനായി കിണഞ്ഞു ശ്രമിക്കുന്ന ബാഴ്സയെയും ലോ ബ്ലോക്കിലേക്ക് ചുരുങ്ങുന്ന ഒവൈദുവിനെയുമാണ് നമ്മൾ പിന്നെ കണ്ടത്. നിരന്തര ആക്രമണങ്ങൾക്കൊടുവിൽ 70-ആം മിനിറ്റിൽ ബോക്സിന്റെ വലത് ഭാഗത്തു നിന്നും ഡി ജോങ് നൽകിയ ഒരു ക്രോസ്സ് ഒരു പവർഫുൾ ഹെഡറിലൂടെ ലെവൻഡോവ്സ്‌കി വലയിലേക്ക് തൊടുത്തു. പോസ്റ്റിന്റെ വലത്തെ മൂലയിൽ ക്രോസ്ബാറിൽ തട്ടിയ പന്ത് ഗോൾ ലൈനും കടന്നു കുത്തിത്തെറിച്ച് വലയിലേക്ക്. കറ്റാലൻമാർ കളിയിൽ അങ്ങനെ ആദ്യമായി ലീഡ് നേടിയിരിക്കുന്നു. സബ്സ്റ്റിറ്റിയൂട്ടായി ഇറങ്ങിയ ലെവൻഡോവ്സ്‌കിയുടെ ഫസ്റ്റ് ടച്ച് തന്നെ ഗോൾ ആയി എന്നതും കൗതുകമായി. പക്ഷേ ലെവൻഡോവ്സ്‌കി ആയതുകൊണ്ട് അതിൽ അത്ഭുതപ്പെടാനൊന്നുമില്ല.

കളിയുടെ അവസാന ഘട്ടത്തിൽ പിറകിലായിപ്പോയ ഒവൈദോ തിരിച്ചു വരാൻ വേണ്ടി കുറച്ച് ആക്രമണങ്ങൾക്ക് കോപ്പ് കൂട്ടിയെങ്കിലും ജോവാൻ ഗാർസ്യയെ കീഴടക്കാൻ അതൊന്നും പോരാതെ വന്നു.ബാഴ്സലോണയാകട്ടെ ഒവൈദുവിന്റെ പകുതിയിൽ പെഡ്രിയുടെയും ഡി ജോങ്ങിന്റെയും നേതൃത്വത്തിൽ പരമാവധി കുറിയ പാസ്സുകൾ ചെയ്തുകൊണ്ട് പൊസെഷൻ നിലനിർത്തി. ഇതിനിടെ 88-ആം മിനിറ്റിൽ ലഭിച്ച ഒരു കോർണർ കിക്കിൽ നിന്ന് ബാഴ്സയുടെ 3-ആം ഗോളും പിറന്നു. വലത്തെ കോർണറിൽ നിന്നും റാഷ്‌ഫോർഡിന്റെ ഡെലിവറി ചാടിയുയർന്നു കണക്ട് ചെയ്ത അരൂഹോയുടെ ഹെഡർ പന്തിനെ ഗോളിന്റെ വലത്തെ മൂലയിലേക്ക് പ്ലേസ് ചെയ്തു.

ഡി ജോങ്ങിന്റെ വരവാണ് കളിയെ പൂർണ്ണമായും ബാഴ്സയ്ക്ക് അനുകൂലമാക്കിയത്. അതിനു ശേഷമാണ് പെഡ്രിക്ക് അറ്റാക്കിങ് ഏരിയകളിൽ ഒന്നുകൂടി സ്വതന്ത്രമായി കളിക്കാൻ പറ്റിയതും ബോൾ സർക്കുലേഷൻ വേഗത്തിലാക്കാൻ സാധിച്ചതും. ആദ്യ പകുതിയിൽ വളരെ അധികം ഗ്രൗണ്ട് കവർ ചെയ്തു 2 വിങ്ങുകളെയും സപ്പോർട്ട് ചെയ്തു കളിക്കേണ്ടി വന്നതിനാൽ, പെഡ്രിക്ക് ഫൈനൽ തേർഡിൽ കാര്യമായ സ്വാധീനം ചെലുത്താൻ പറ്റിയില്ല. 2-ആം പകുതിയിൽ ഡി ജോങ് കൂടുതൽ ഗ്രൗണ്ട് കവർ ചെയ്യുകയും പെഡ്രിക്ക് തന്റെ ക്രിയേറ്റീവ് ഗെയിം കളിക്കാൻ ഉള്ള അടിത്തറ ഡി ജോങ് ഒരുക്കിക്കൊടുക്കുകയും ചെയ്തു.

ഞായറാഴ്ച ലീഗിൽ റയൽ സൊസൈഡാഡിനെയും അതിനു ശേഷം ചാമ്പ്യൻസ് ലീഗിൽ നിലവിലെ ചാമ്പ്യന്മാരായ പിഎസ്ജിയേയും നേരിടുന്ന ബാഴ്സയ്ക്ക് ഒരു ഗോളിന് പിന്നിൽ നിന്നിട്ട് തിരിച്ചു വന്നു നേടിയ ഈ വിജയം മികച്ച ഒരു കോൺഫിഡൻസ് ബൂസ്റ്റർ തന്നെയാണ്

TAGS :

Next Story