Quantcast

ഹൃദ്രോഗത്തോട് മല്ലിട്ട് പടിയിറക്കം; ഒടുവില്‍ സെർജിയോ അഗ്യൂറോ ഫുട്‌ബോളിനോട് വിട പറഞ്ഞു

തിരിച്ചുവരുമെന്ന് ആരാധകർക്ക് വാക്ക് നൽകിയെങ്കിലും ഒടുവിൽ കളിക്കളത്തോട് വിടപറയാൻ താരം നിര്‍ബന്ധിതനാകുകയായിരുന്നു.

MediaOne Logo

Web Desk

  • Published:

    15 Dec 2021 11:49 AM GMT

ഹൃദ്രോഗത്തോട് മല്ലിട്ട് പടിയിറക്കം; ഒടുവില്‍ സെർജിയോ അഗ്യൂറോ ഫുട്‌ബോളിനോട് വിട പറഞ്ഞു
X

അർജന്‍റൈന്‍ സൂപ്പർ താരം സെർജിയോ അഗ്യൂറോ അന്താരാഷ്ട്ര ഫുട്‌ബോൾ നിന്ന് വിരമിച്ചു. ഹൃദ്രോഗമാണ് താരത്തിന്‍റെ കരിയറിന് അപ്രതീക്ഷിത തിരശ്ശീല വീഴ്ത്തിയത്. സ്പാനിഷ് ക്ലബായ ബാഴ്‌സലോണയുടെ താരമായ അഗ്യൂറോ അർജന്‍റൈൻ ദേശീയ ടീമിലെ സ്ഥിരം സാന്നിധ്യമായിരുന്നു.

അർജന്‍റീനയ്ക്കായി 101 അന്താരാഷ്ട്ര മത്സരങ്ങളിൽ കളത്തിലിറങ്ങിയ അഗ്യൂറോ 41 ഗോളുകളും 19 അസിസ്റ്റുകളും സ്വന്തം പേരില്‍ കുറിച്ചു. ടീമിന്‍റെ ഒരു കോപ്പ അമേരിക്ക കിരീടത്തിലും താരം നിർണായക പങ്കുവഹിച്ചു. വിവിധ ക്ലബുകൾക്കായി 663 കളികളിൽ പന്തു തട്ടിയ അഗ്യൂറോ 379 ഗോളുകളാണ് എതിര്‍ ടീമിന്‍റെ വലയിലേക്ക് അടിച്ചുകൂട്ടിയത്.118 അസിസ്റ്റുകളും അഗ്യൂറോയുടെ പേരിലുണ്ട്.

ഒക്ടോബർ 30ന് അലാവസിനെതിരായ മത്സരത്തിൽ കുഴഞ്ഞുവീണതിനെത്തുടര്‍ന്നാന്നാണ് താരത്തിന്‍റെ അസുഖം ശ്രദ്ധയിൽപ്പെട്ടത്. മത്സരത്തിന്‍റെ 42-ാം മിനുറ്റിൽ ഗാലറിയെ നോക്കി നിരാശയോടെ അഗ്യൂറോ മൈതാനം വിടുകയായിരുന്നു. വിശദപരിശോധനയിൽ ഹൃദയമിടിപ്പുമായി ബന്ധപ്പെട്ട രോഗം കണ്ടെത്തി. തിരിച്ചുവരുമെന്ന് ആരാധകർക്ക് വാക്ക് നൽകിയെങ്കിലും ഒടുവിൽ കളിക്കളത്തോട് വിടപറയാൻ താരം നിര്‍ബന്ധിതനാകുകയായിരുന്നു.

മെസിയും ഗ്രീസ്‌മാനും ബാഴ്‌സ വിട്ടതോടെ ടീമിന്‍റെ നെടുന്തൂണാകുമെന്ന് കരുതിയിരുന്ന താരത്തിനാണ് അപ്രതീക്ഷിതമായ വിരമിക്കല്‍ പ്രഖ്യാപിക്കേണ്ടി വന്നത്. ഹൃദയത്തിന് പ്രശ്‌നം കണ്ടെത്തിയതോടെ ആദ്യം താരത്തിന് മൂന്നു മാസം വിശ്രമം നിർദേശിക്കുകയായിരുന്നു. പിന്നീട് കളത്തിലേക്ക് തിരിച്ചെത്തുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്നുവെങ്കിലും 33-ാം വയസ്സിൽ താരം വിരമിക്കൽ പ്രഖ്യാപിക്കാൻ നിർബന്ധിതനാകുകയായിരുന്നു.

പ്രൊഫഷണൽ ഫുട്‌ബോളിന്‍റെ ആദ്യകാലത്ത് അർജന്‍റീനന്‍ ക്ലബായ ഇൻഡിപെൻഡിയന്‍റ്സിന്‍റെ താരമായിരുന്ന അഗ്യൂറോ 2006ൽ അത്‌ലറ്റികോ മാഡ്രിഡിലെത്തി. 2011ൽ മാഞ്ചസ്റ്റർ സിറ്റിയിലും. സിറ്റിക്കു വേണ്ടി 390 മത്സരങ്ങളിൽ നിന്ന് 260 ഗോളുകളാണ് താരം അടിച്ചു കൂട്ടിയത്. ഇതിൽ 184 ഗോളുകളും പ്രീമിയർ ലീഗ് മത്സരങ്ങളില്‍ നിന്നായിരുന്നു. അർജന്‍റീനയുടെ നീലക്കുപ്പായത്തിൽ ഇതിഹാസ താരം മെസ്സിക്കൊപ്പം കളിച്ച അഗ്യൂറോ കഴിഞ്ഞ കോപ്പ അമേരിക്ക നേട്ടത്തിലും പങ്കാളിയായിരുന്നു.

TAGS :

Next Story