Quantcast

യൂറോപ്പിലെങ്ങും ബ്രസീൽ താരങ്ങൾ മാത്രം; അർജന്റീനക്കാർ എവിടെപ്പോയി?

യൂറോപ്പിലെ മുൻനിര ലീഗുകളിലെ ചാമ്പ്യൻ ക്ലബ്ബുകളിൽ അർജന്റീനാ താരങ്ങൾ അസാന്നിധ്യം കൊണ്ടാണ് ശ്രദ്ധനേടുന്നത്

MediaOne Logo

André

  • Published:

    25 May 2022 12:52 PM GMT

യൂറോപ്പിലെങ്ങും ബ്രസീൽ താരങ്ങൾ മാത്രം; അർജന്റീനക്കാർ എവിടെപ്പോയി?
X

മാഞ്ചസ്റ്റർ സിറ്റി ഇംഗ്ലണ്ടിലും എ.സി മിലാൻ ഇറ്റലിയിലും കിരീടമുയർത്തിയ കഴിഞ്ഞ ഞായറാഴ്ചയോടെ യൂറോപ്പിലെ മുൻനിര ഫുട്‌ബോൾ ലീഗുകളുടെ 2021-22 സീസണിന് തിരശ്ശീല വീണു. കാൽപ്പന്തുകളിയാരാധകരുടെ ഓർമയിൽ തങ്ങിനിൽക്കുന്ന ഒട്ടേറെ മുഹൂർത്തങ്ങൾ പിറന്ന ലീഗുകൾക്ക് സമാപനമായപ്പോൾ അഭാവം കൊണ്ട് ശ്രദ്ധിക്കപ്പെടുന്നത് ഒരുകൂട്ടം കളിക്കാരാണ്: അർജന്റീനക്കാർ...! കഴിഞ്ഞ വർഷം ബ്രസീലിനെ മുട്ടുകുത്തിച്ച് കോപ അമേരിക്ക കിരീടമുയർത്തിയ അർജന്റീനാ കളിക്കാർക്ക് യൂറോപ്യൻ കളിത്തട്ടിൽ പക്ഷേ, ബ്രസീലിനോട് മാറ്റുരക്കാനാകുന്നില്ല എന്നതാണ് യാഥാർത്ഥ്യം.

ഡീഗോ മറഡോണയും ലയണൽ മെസിയുമടക്കം ഫുട്‌ബോൾ ലോകത്തിന് നിരവധി സൂപ്പർ താരങ്ങളെ സമ്മാനിച്ച അർജന്റീനക്കാരെ ഇത്തവണ മുൻനിര ലീഗുകളിലെ കിരീടാഘോഷങ്ങളിൽ അധികം കണ്ടില്ല. അർജന്റീനക്കാരനായ മൗറിഷ്യോ പൊചെറ്റിനോ പരിശീലിപ്പിക്കുന്ന പി.എസ്.ജിയിൽ മെസിയും ഡി മരിയയും പരദെസും ഇക്കാർഡിയും അർജന്റീനക്കാരായുണ്ടെങ്കിലും മറ്റ് ചാമ്പ്യൻ ക്ലബ്ബുകളിൽ അർജന്റീനക്കാരെ കാണുക ദുഷ്‌കരമാണ്.

അതേസമയം, ആകാശനീലക്കാരുടെ ചിരവൈരികളായ ബ്രസീലിൽ നിന്നുള്ള കളിക്കാരാകട്ടെ ഇംഗ്ലണ്ട് മുതൽ ഫ്രാൻസ് വരെയുള്ള ലീഗുകളിൽ വെന്നിക്കൊടി പാറിച്ച് ലാറ്റിനമേരിക്കൻ ഫുട്‌ബോൾ സമൃദ്ധി വിളമ്പരപ്പെടുത്തുകയും ചെയ്തു.

പ്രീമിയർ ലീഗിൽ അർജന്റീനക്കാരില്ല!

ഇക്കഴിഞ്ഞ സീസണിൽ കളിമികവ് കൊണ്ടും പ്രതിഭകളുടെ സാന്നിധ്യംകൊണ്ടും ഏറ്റവുമധികം ശ്രദ്ധനേടിയത് ഇംഗ്ലീഷ് പ്രീമിയർ ലീഗായിരുന്നു. ഫൈനൽ ഡേയിൽ, ഒരൊറ്റ പോയിന്റിന് മാഞ്ചസ്റ്റർ സിറ്റി ചാമ്പ്യന്മാരായ ലീഗിന്റെ മുൻനിരയിൽ പക്ഷേ, കാര്യമായ അർജന്റീനാ സാന്നിധ്യമുണ്ടായിരുന്നില്ല.

ആസ്റ്റൻവില്ലക്കെതിരായ നിർണായക മത്സരത്തിൽ അണിനിരന്ന മാഞ്ചസ്റ്റർ സിറ്റിയുടെ ലൈനപ്പിൽ അർജന്റീനയിൽ നിന്നുള്ള ഒരാൾപോലുമുണ്ടായിരുന്നില്ല. എന്നാൽ ബ്രസീലുകാർ മൂന്നുപേരുണ്ടായിരുന്നു: ഗോൾകീപ്പർ എഡേഴ്‌സൺ മൊറേയ്‌സ്, ഫുൾബാക്കായി കളി തുടങ്ങിയ ഫെർണാണ്ടിഞ്ഞോ, സ്‌ട്രൈക്കർ ഗബ്രിയേൽ ജേസുസ് എന്നിവർ. കിരീടമോഹവുമായി ബൂട്ടുകെട്ടിയ ലിവർപൂൾ നിരയിലും അർജന്റീനക്കാരില്ല. ബ്രസീലിന്റെ ഒന്നാം നമ്പർ കീപ്പർ അലിസൺ ബെക്കർ സ്റ്റാർട്ടിങ് ഇലവനിൽ ഇടംനേടിയപ്പോൾ മഞ്ഞപ്പടയുടെ സ്‌ട്രൈക്കർ റോബർട്ടോ ഫിർമിനോ രണ്ടാം പകുതിയിൽ കളത്തിലിറങ്ങുകയും ചെയ്തു.

ലീഗിൽ മൂന്നാമതെത്തിയ ചെൽസിക്ക് ഇത്തവണ അർജന്റീനക്കാരെ കാര്യമായി ആശ്രയിക്കേണ്ടി വന്നിട്ടില്ല. ബ്രസീലിന്റെ വെറ്ററൻ ഡിഫന്റർ തിയാഗോ സിൽവയായിരുന്നു അവരുടെ പ്രതിരോധത്തിന്റെ നെടുംതൂൺ. നാലാം സ്ഥാനത്തെത്തിയ ടോട്ടനം ഹോട്‌സ്പർ ഡിഫന്റർ ക്രിസ്റ്റിയൻ റൊമേറോ ആണ് പ്രീമിയർ ലീഗിലെ 'പ്രമുഖ' അർജന്റീനക്കാരൻ എന്നുപറയേണ്ടിവരും. ഇതേ ടീമിൽതന്നെ ബ്രസീലിയൻ സാന്നിധ്യമായി എമേഴ്‌സണും ലൂക്കാസ് മോറയുമുണ്ട് താനും.

ബ്രസീലുകാരായ പ്രതിരോധതാരം ഗബ്രിയേൽ മഗല്ലേസിന്റെയും അറ്റാക്കർ ഗബ്രിയേൽ മാർട്ടിനല്ലിയുടെയും മികവ് അഞ്ചാം സ്ഥാനത്തെത്താൻ ആർസനലിന് സഹായകമായപ്പോൾ അർജന്റീനക്കാർ അദൃശ്യരായിരുന്നു. മാഞ്ചസ്റ്റർ യുനൈറ്റഡിൽ അലക്‌സ് ടെല്ലസ്, ഫ്രെഡ് എന്നിവരായിരുന്നു ബ്രസീലിയൻ ചേരുവയെങ്കിൽ രണ്ട് മത്സരങ്ങളിലായി മിനുട്ടുകൾ മാത്രം കളിച്ച 17-കാരൻ അലയാന്ദ്രോ ഗർണാക്കോയിലൊതുങ്ങി അർജന്റീന.

ലീഗിൽ അഞ്ചോ അതിലേറെയോ ഗോൾ നേടിയവരുടെ പട്ടികയിൽ ഏഴ് ബ്രസീലുകാർ ഇടംനേടിയപ്പോൾ അഞ്ച് ഗോൾ വീതം നേടിയ അലക്‌സിസ് മക്കലിസ്റ്ററും മാനുവൽ ലാൻസിനിയും മാത്രമായിരുന്നു അർജന്റീനാ സാന്നിധ്യം.

അർജന്റീനയില്ലാതെ മിലാന്റെ കുതിപ്പ്

പതിറ്റാണ്ടിലേറെ നീണ്ട കാത്തിരിപ്പിനൊടുവിൽ സീരി എ കിരീടം നേടിയ എ.സി മിലാനിൽ എടുത്തുപറയാവുന്ന അർജന്റീനാ പേരുകളില്ല. ബ്രസീലുകാരായ ജൂനിയർ മെസ്സ്യാസ് ടീമിലെ പ്രധാന താരമാണ് താനും. രണ്ടാം സ്ഥാനത്തുള്ള ഇന്റർ മിലാന്റെ കാര്യം നേരെ മറിച്ചാണ്. ഇവിടെ സ്‌ട്രൈക്കർ ലൗത്താറോ മാർട്ടിനസും മിഡ്ഫീൽഡർ ജോക്വിൻ കൊറയയും അർജന്റീനക്കാരാണ്. ഫിലിപ്പോ ഇൻസാഗി പരിശീലിപ്പിക്കുന്ന ടീമിൽ ബ്രസീലുകാർക്കാണ് പഞ്ഞം.

ഇറ്റലിയിൽ മൂന്നാം സ്ഥാനത്തെത്തിയ നാപോളിയിൽ അർജന്റീനക്കാർ ഒഴിഞ്ഞുനിൽക്കുമ്പോൾ പ്രതിരോധതാരം യുവാൻ ജീസസിലൊതുങ്ങുന്നു ബ്രസീലിയൻ സാന്നിധ്യം. യുവന്റസിൽ പൗളോ ഡിബാലയും ഏതാനും മിനുട്ടുകൾ മാത്രം അവസരം ലഭിച്ച 19-കാരൻ മത്ത്യാസ് സുലെയും അർജന്റീനക്കാരായുണ്ടെങ്കിലും ബ്രസീലുകാരുടെ എണ്ണം ഇരട്ടിയാണ്. അലക്‌സ് സാന്ദ്രോ, ഡാനിലോ, ആർതുർ, കായോ ജോർജ്.

വെറ്ററൻ ബ്രസീൽ താരം ലൂക്കാസ് ലെയ് വയും ഫെലിപെ ആന്റേഴ്‌സണും കളിക്കുന്ന ലാസിയോയിൽ 17-കാരൻ ലൂക്കാ റൊമേറോ മാത്രമായിരുന്നു അർജന്റീനക്കാരൻ.

ലീഗിലെ സ്‌കോറർമാരുടെ പട്ടിക അർജന്റീനക്കാർക്ക് അഭിമാനിക്കാവുന്നതാണ്. അഞ്ചോ അതിലേറെയോ ഗോളുകൾ നേടിയ ബ്രസീകാർ രണ്ടുപേരേ ഉള്ളൂവെങ്കിൽ അർജന്റീനാ താരങ്ങളുടെ എണ്ണം അഞ്ചാണ്. 21 ഗോളുമായി ലൗത്താറോ മാർട്ടിനസ് സ്‌കോറർമാരിൽ മൂന്നാമതുള്ളപ്പോൾ അഞ്ചാം സ്ഥാനത്ത് ഡീഗോ സിമിയോണിയുടെ മകൻ ജിയൊവന്നി (വെറോണ) ഉണ്ട്. യുവന്റസിനായി പൗളോ ഡിബാല പത്ത് ഗോളും നേടി.

ബ്രസീൽ അരങ്ങുവാഴുന്ന ലാലിഗ

റയൽ മാഡ്രിഡിന്റെ സമഗ്രാധിപത്യം കണ്ട ലാലിഗയിലും അർജന്റീനക്കാരുടെ കാര്യം കഷ്ടമായിരുന്നു. റയൽ മാഡ്രിഡിന്റെ പ്രധാന പൊസിഷനുകളിലെല്ലാം ബ്രസീലുകാർ നിറഞ്ഞുനിന്നു: പ്രതിരോധതാരങ്ങളായ എഡർ മിലിറ്റാവോ, മാഴ്‌സലോ, മീഡ്ഫീൽഡിൽ കാസമിറോ, ആക്രമണത്തിൽ വിനിഷ്യസ് ജൂനിയറും റോഡ്രിഗോയും. റയൽ ഇത്തവണ അർജന്റീനക്ക് അന്യമായിരുന്നു.

രണ്ടാം സ്ഥാനക്കാരായ ബാഴ്‌സയിൽ ഡാനി ആൽവസും കീപ്പർ നെറ്റോയും ബ്രസീലിയൻ സാന്നിധ്യമറിയിച്ചപ്പോൾ അർജന്റീനക്കാരെ കണ്ടില്ല. അത്‌ലറ്റികോ മാഡ്രിഡിൽ റോഡ്രിഗോ ഡിപോൾ, എയ്ഞ്ചൽ കൊറിയ എന്നീ അർജന്റീനക്കാർ പ്രധാന താരങ്ങളാണെങ്കിലും അതേ പ്രാധാന്യമുള്ള റെനൻ ലോദിയും ഫെലിപ്പെയും കാനറികളായുണ്ടായിരുന്നു. സിമിയോണിയുടെ മകൻ ഗ്വിലിയാനോ അത്‌ലറ്റികോയ്ക്കു വേണ്ടി ഒരു മത്സരത്തിൽ കളിച്ചിരുന്നു.

ബ്രസീലിനു മുകളിൽ അർജന്റീനയ്ക്ക് ആധിപത്യമുള്ള ഒരേയൊരു മുൻനിര സ്പാനിഷ് ടീം സെവിയ്യയാണ്. മാർകോസ് അക്യൂന, ഗോൺസാലോ മൊണ്ടിയൽ, ലൂക്കാസ് ഒകംപോസ്, എറിക് ലമേല, അലയാന്ദ്രോ ഗോമസ് എന്നീ അർജന്റീനക്കാർ സെവിയ്യക്ക് വേണ്ടി കളിച്ചപ്പോൾ ഡീഗോ കാർലോസും ഫെർണാണ്ടോയുമാണ് ഈ ടീമിലെ പ്രമുഖ ബ്രസീലുകാർ. ലീഗിൽ നാലാം സ്ഥാനത്തെത്താനേ അവർക്കായുള്ളൂ. അഞ്ചാമതുള്ള റയൽ ബെറ്റിസിൽ രണ്ട് അർജന്റീനാ താരങ്ങളുണ്ട്: ഗ്വിദോ റോഡ്രിഗസും ജർമൻ പസേലയും. ആക്രമണതാരം വില്ല്യൻ ഹോസെ ആണ് ബെറ്റിസിലെ ബ്രസീലിയൻ സാന്നിധ്യം.

ലീഗിലെ ടോപ് സ്‌കോറർമാരിൽ നാലാം സ്ഥാനത്ത് ഒരു ബ്രസീലുകാരനാണ്: 17 ഗോളുമായി വിനിഷ്യസ് ജൂനിയർ. 12 ഗോളടിച്ച് പത്താം സ്ഥാനത്ത് അർജന്റീനക്കാരൻ എയ്ഞ്ചൽ കൊറയയുണ്ട്. അഞ്ചോ അധികമോ ഗോളുകൾ നേടിയവരുടെ പട്ടികയിൽ എട്ട് അർജന്റീനക്കാരുണ്ട്. ബ്രസീലുകാർ മൂന്നേയുള്ളൂ.

ബുണ്ടസ്‌ലിഗയിൽ ലാറ്റിനമേരിക്ക ശുഷ്‌കം

ജർമൻ ബുണ്ടസ് ലിഗയുടെ മുൻനിരയിൽ അർജന്റീനക്കെന്ന പോലെ ബ്രസീലിനും അഭിമാനിക്കാൻ കാര്യമായി ഒന്നുമില്ല. ചാമ്പ്യന്മാരായ ബയേണിൽ ഈ രണ്ട് രാജ്യങ്ങളിൽ നിന്നുമുള്ള കളിക്കാരില്ല. ബൊറുഷ്യ ഡോട്മുണ്ടിൽ 20-കാരനായ ബ്രസീൽ താരം റെയ്‌നിയർ ഒഴിച്ചാൽ ലാറ്റിനമേരിക്കക്കാർ തന്നെയില്ല. ബയേർ ലെവർകുസനിൽ രണ്ട് അർജന്റീനക്കാരും ഒരു ബ്രസീൽ താരവുമുണ്ട്.

ആശ്വസിക്കാൻ പി.എസ്.ജി

പ്രീമിയർ ലീഗിലും സീരി എയിലും ലാലിഗയിലും ബുണ്ടസ്‌ലിഗയിലും കിരീടസാന്നിധ്യമില്ലാത്തതിന്റെ വിഷമത്തിലും അർജന്റീനക്കാർക്ക് ആശ്വാസമാകുന്നത് ഫ്രാൻസിലെ ലീഗ് വൺ ആണ്. ചാമ്പ്യന്മാരായ പി.എസ്.ജിയിൽ സൂപ്പർ താരം മെസിയടക്കം നാലാണ് അർജന്റീനക്കാർ. അതേസമയം രണ്ട് പ്രധാന താരങ്ങൾ - നെയ്മറും മാർക്വിഞ്ഞോസും - ബ്രസീൽ താരങ്ങളാണ്. ഒളിംപിക് മാഴ്‌സേയിൽ മൂന്ന് ബ്രസീലുകാർക്ക് ഒരു അർജന്റീനക്കാരനേയുള്ളൂ. മൊണാക്കോയിൽ മൂന്ന് ബ്രസീലുകാരുള്ളപ്പോൾ അർജന്റീനയിൽ നിന്ന് ആരുമില്ല. നാലാമതെത്തിയ റെന്നസിൽ ലാറ്റിനമേരിക്കാർ തന്നെയില്ല.

ബ്രസീലുകാരുടെ ചാമ്പ്യൻസ് ലീഗ് ഫൈനൽ

അടുത്ത ശനിയാഴ്ച സ്റ്റേദ് ദെ ഫ്രാൻസിൽ യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനൽ അരങ്ങേറുമ്പോൾ ബ്രസീൽ താരങ്ങളാണ് ശ്രദ്ധാകേന്ദ്രമാവുക. ഇരുടീമുകളിലുമായി അലിസൺ ബെക്കർ, ഫാബിഞ്ഞോ, ഫിർമിനോ, വിനിഷ്യസ് ജൂനിയർ, കാസമിറോ, റോഡ്രിഗോ, മാഴ്‌സലോ എന്നിങ്ങനെ വലിയൊരു ബ്രസീലിയൻ നിര തന്നെയുണ്ട്. എന്നാൽ, ഒരൊറ്റ അർജന്റീനാ താരം പോലും ഇത്തവണ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ പന്തുതട്ടില്ല.

TAGS :

Next Story