Quantcast

ലോകകപ്പിനു ശേഷം ബ്രസീൽ ആദ്യമായി ഇറങ്ങുന്നു; എതിരാളി മൊറോക്കോ

താൽക്കാലിക മാനേജർ റമോൺ മെനസെസിന്റെ പരിശീലനത്തിൽ ഇറങ്ങുന്ന ബ്രസീലിനെ കസമിറോ ആണ് നയിക്കുന്നത്

MediaOne Logo

Web Desk

  • Published:

    25 March 2023 7:24 AM GMT

ലോകകപ്പിനു ശേഷം ബ്രസീൽ ആദ്യമായി ഇറങ്ങുന്നു; എതിരാളി മൊറോക്കോ
X

ഫിഫ റാങ്കിങ്ങിൽ ഒന്നാം സ്ഥാനക്കാരായ ബ്രസീൽ ഖത്തർ ലോകകപ്പിനു ശേഷം ആദ്യമായി ഒരു അന്താരാഷ്ട്ര മത്സരത്തിനിറങ്ങുന്നു. ഇന്ത്യൻ സമയം നാളെ പുലർച്ചെ 3.30 ന് നടക്കുന്ന സൗഹൃദ മത്സരത്തിൽ ലോകകപ്പിലെ സെമിഫൈനലിസ്റ്റുകളായ മൊറോക്കോ ആണ് എതിരാളികൾ. മൊറോക്കോയിലെ ത്വഞ്ചയിലുള്ള ഇബ്ൻ ബത്തൂത്ത സ്‌റ്റേഡിയം ആണ് മത്സരവേദി.

2022 ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ പുറത്തായതിനു ശേഷം ഇതാദ്യമായാണ് ബ്രസീൽ ഒരു അന്താരാഷ്ട്ര മത്സരം കളിക്കുന്നത്. വർഷങ്ങളായി ടീമിനെ പരിശീലിപ്പിച്ച ടിറ്റേ ലോകകപ്പ് പരാജയത്തെ തുടർന്ന് സ്ഥാനമൊഴിഞ്ഞിരുന്നു. ബ്രസീൽ അണ്ടർ 20 ടീമിനെ ദക്ഷിണ അമേരിക്കൻ ചാമ്പ്യന്മാരാക്കിയ റമോൺ മെനസെസ് ആണ് ടീമിന്റെ താൽക്കാലിക പരിശീലകൻ. റയൽ മാഡ്രിഡ് കോച്ച് കാർലോ ആൻചലോട്ടി ബ്രസീലിന്റെ പരിശീലകനായേക്കുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് 50-കാരനായ മെനസെസ് ടീമിനെ ആദ്യ മത്സരത്തിന് ഇറക്കുന്നത്.

മാഞ്ചസ്റ്റർ യുനൈറ്റഡ് മിഡ്ഫീൽഡർ കസമിറോ ആണ് ബ്രസീൽ ടീമിനെ നയിക്കുന്നത്. ഏറെക്കാലമായി തിയാഗോ സിൽവയായിരുന്നു ടീമിന്റെ നായകനെങ്കിലും ടിറ്റേ മാനേജറായിരുന്നപ്പോൾ സ്ഥിരമായി ക്യാപ്ടനെ വെച്ചിരുന്നില്ല. ഓരോ മത്സരത്തിലും ഓരോ കളിക്കാരാണ് ആം ബാൻഡ് അണിഞ്ഞിരുന്നത്. ടീമിന് സ്ഥിരമായി ഒരു ക്യാപ്ടൻ വേണമെന് തീരുമാനത്തെ തുടർന്നാണ് കസമിറോയെ നായകനാക്കിയിരിക്കുന്നതെന്ന് ബ്രസീൽ ഫുട്‌ബോൾ വൃത്തങ്ങൾ പറയുന്നു.

ബ്രസീൽ ടീമംഗങ്ങൾ പരിശീലനം നടത്തുന്നു

പരിക്കിന്റെ പിടിയിലുള്ള നെയ്മറിന്റെ അഭാവത്തിൽ റയൽ മാഡ്രിഡ് താരം റോഡ്രിഗാ ആയിരിക്കും ടീമിന്റെ പത്താം നമ്പർ ജഴ്‌സി അണിയുക എന്നാണ് സൂചന. ലോകകപ്പിൽ ടീമിന്റെ വലകാത്ത അലിസൺ ബക്കറിനു പകരം മാഞ്ചസ്റ്റർ സിറ്റി താരം എഡേഴ്‌സൺ ആയിരിക്കും ഗോൾകീപ്പർ.

ലോകകപ്പിലെ മികച്ച പ്രകടനവുമായി ഫുട്‌ബോൾ ലോകത്തിന്റെ മനംകവർന്ന മൊറോക്കോ 65,000 ലേറെ വരുന്ന സ്വന്തം ആരാധകർക്കു മുന്നിൽ ബ്രസീലിന് കടുത്ത മത്സരം സമ്മാനിക്കാമെന്ന പ്രതീക്ഷയിലാണിറങ്ങുന്നത്. സമ്മർദമില്ലാതെയാണ് ടീം കളിക്കുകയെന്നും ലോകകപ്പ് മത്സരങ്ങളിൽ എടുത്തതിനേക്കാൾ വലിയ റിസ്‌കുകൾ എടുക്കാൻ കളിക്കാർ തയാറാണെന്നും കോച്ച് വാലിദ് റഗ്‌റാഗി പറഞ്ഞു.

TAGS :

Next Story