Quantcast

ശരിക്കുമുള്ള റൊണാൾഡോയെ നിങ്ങൾക്ക് മനസ്സിലാവാഞ്ഞിട്ടാണ്!

സിംപ്ലി അൺ സ്റ്റോപ്പബിൾ എന്ന് നെറ്റിയിലെഴുതി ഒട്ടിച്ചുകൊണ്ട് പ്രതിരോധനിരകളെ കീറിമുറിച്ച സ്‌ട്രൈക്കറെ ഫലപ്രദമായി പിടിച്ചുനിർത്തിയത് ഒരേയൊരു എതിരാളി മാത്രമായിരുന്നു; പരിക്ക്!

MediaOne Logo
ശരിക്കുമുള്ള റൊണാൾഡോയെ നിങ്ങൾക്ക് മനസ്സിലാവാഞ്ഞിട്ടാണ്!
X

He is not a man, he is a herd.. റയൽ മാഡ്രിഡിന്റെ പഴയ സ്‌ട്രൈക്കർ ജോർജ് വാൾഡാനോ പിൽക്കാലത്ത് റയലിൽ എത്തിച്ചേർന്ന ബ്രസീലിയൻ കളിക്കാരനെ വിവരിക്കുകയാണ്. ഒരു ബുൾഡോസറിനെപ്പോലെ പ്രതിരോധനിരയിലെ ചെറിയ പഴുതിലൂടെ പോലും ഇടിച്ചുകയറിപ്പോകുന്ന കളിക്കാരനെ പിന്നെന്തു വിളിക്കാനാണ്?

റൊണാൾഡോ ലൂയിസ് നസരിയോ ഡെലിമ... അതാണ് പേര്. ഡിഫൻഡർമാരെ മനോഹരമായി ഡ്രിബിൾ ചെയ്തു മുന്നോട്ടുകുതിക്കാനുള്ള കഴിവിനൊപ്പം തന്നെ ഡിഫൻഡർമാർക്കിടയിൽ സാൻഡ് വിച്ച് ചെയ്യപ്പെടുമ്പോഴും. ജഴ്‌സിയിൽ പിടിച്ചുവലിച്ചു നിർത്താൻ നോക്കുന്നവരെയും കൈകൾ കൊണ്ട് തടയാൻ നോക്കുന്നവരെയും കാളക്കൂറ്റനെപ്പോലെ വകഞ്ഞുമാറ്റി ഗോളിലേക്ക് കുതിക്കാനുള്ള കഴിവുമുണ്ടായിരുന്നവൻ. ഡ്രിബ്ലിങ് മികവ്, അപാരമായ വേഗത, വന്യമായ കരുത്ത്, പന്തിന്മേലുള്ള അപാരമായ നിയന്ത്രണം.. എല്ലാറ്റിലുമുപരി ക്ലിനിക്കൽ ഫിനിഷിങ്ങിന്റെ അവസാന വാക്ക്. 21-ാം വയസ്സിൽ ബാലൻ ഡിഓർ, 21 വയസിനുള്ളിൽ രണ്ടു തവണ ട്രാൻസ്ഫർ റെക്കോർഡ് തകർക്കുന്നു. കംപ്ലീറ്റ് സ്‌ട്രൈക്കർ. ദ ഫിനമിന..

പന്തുമായി ഗോൾമുഖം ലക്ഷ്യമാക്കി റൊണാൾഡോയുടെ കുതിപ്പുകൾ അവിസ്മരണീയമായിരുന്നു. മാൾദീനി, ഫ്രാങ്ക് ദിബോയർ, നെസ്റ്റ, പുയോൾ, കാർലോസ്, ജാപ്പ് സ്റ്റാം, തുറാം, ഡിസൈലി തുടങ്ങി റൊണാൾഡോയെ നേരിട്ട ഏതൊരു ലോകോത്തര ഡിഫൻഡറും അനുഭവിച്ചിട്ടുണ്ട് ആ പ്രതിഭയുടെ ആഴവും നിയന്ത്രിച്ചുനിർത്താൻ കഴിയാത്ത വന്യമായ കരുത്തും. 90 മിനുട്ട് റൊണാൾഡോയെ ഗോളടിക്കാതെ തടഞ്ഞുനിർത്തുക എന്നത് തന്നെയായിരിക്കും അക്കാലത്തെ പ്രതിരോധനിരകൾ നേരിട്ട ഏറ്റവും വലിയ വെല്ലുവിളിയെന്ന് തോന്നുന്നു.

ബാറ്റിസ്റ്റ്യൂട്ട, മിറോസാവ് ക്‌ളോസെ, റൊമാരിയോ, തിയറി ഹെൻട്രി, വെയിൻ റൂണി, ക്ലിൻസ്മാൻ, നിസ്റ്റൽ റൂയി, റൗൾ എന്നിങ്ങനെ ഗോളടിയന്ത്രങ്ങളെ റൊണാൾഡോക്ക് മുന്നേയും ശേഷവും ഒരുപാട് കണ്ടിട്ടുണ്ട്. പക്ഷെ റൊണാൾഡോ ഒരു പ്രത്യേക ജനുസ്സായിരുന്നു. സിംപ്ലി അൺ സ്റ്റോപ്പബിൾ എന്ന് നെറ്റിയിലെഴുതി ഒട്ടിച്ചുകൊണ്ട് പ്രതിരോധനിരകളെ കീറിമുറിച്ച സ്‌ട്രൈക്കറെ ഫലപ്രദമായി പിടിച്ചുനിർത്തിയത് ഒരേയൊരു എതിരാളി മാത്രമായിരുന്നു; പരിക്ക്. അതില്ലാത്തപ്പോൾ ജഴ്‌സിയിൽ പിടിച്ചെങ്കിലും നിർത്താൻ ശ്രമിക്കുന്ന പ്രതിരോധനിരക്കാർക്കിടയിലൂടെ റൊണാൾഡോ കയറിപ്പോകും.

2002 ലോകകപ്പും ഗോള്‍ഡന്‍ ബൂട്ടും

സ്റ്റെപ്പ് ഓവർ, ഫെയിന്റ്, ഇലാസ്റ്റിക്കൊ. റൊണാൾഡോയുടെ ആവനാഴിയിൽ ഉണ്ടായിരുന്ന ആയുധങ്ങൾക്ക് കണക്കില്ല. 98 യുവേഫ കപ്പ് ഫൈനലിൽ ലാസിയോയുടെ നെസ്റ്റ എന്ന 22 വയസ്സുകാരൻ ഡിഫൻഡറുമായുള്ള റൊണാൾഡോയുടെ പോരാട്ടം ഐതിഹാസികമായിരുന്നു. സീരി എയിലെ ടോപ് ക്ലാസ് ഡിഫൻഡർമാരിൽ ഒരാളായി ചെറുപ്രായത്തിലേ കണക്കാക്കപ്പെട്ടിരുന്ന സാക്ഷാൽ അലസാണ്ട്രോ നെസ്റ്റ.

പന്തിൻമേൽ അപാരമായ നിയന്ത്രണവും അപാരമായ വേഗവുമുള്ള ഫുട്‌ബോളർക്കുമാത്രം സാധ്യമായ രീതിയിൽ ഒരു ഇലാസ്റ്റിക്കോ പ്രദർശിപ്പിച്ചുകൊണ്ട് അക്രോബാറ്റിക് സ്ലൈഡ് ടാക്കിളുകൾക്കു പേരുകേട്ടിരുന്ന നെസ്റ്റയെ റൊണാൾഡോ നിസ്സഹായനാക്കുന്നുണ്ട്. നെസ്റ്റയുടെ സ്ലൈഡിങ് ടാക്കിൾ തെറ്റായ ദിശയിലേക്ക് ക്ഷണിച്ച് പന്തുമായി നിസ്സാരമായി മുന്നോട്ടുകുതിച്ചു സഹകളിക്കാരനു പാസ് നൽകുന്ന റൊണാൾഡോയെ അപമാനിതനായ ദേഷ്യത്തിൽ ഓടിയെത്തി തള്ളി സൈഡ്‌ലൈൻ പുറത്തേക്കുവിടുന്ന നെസ്റ്റ. ലോകത്തൊരു ഡിഫൻഡറും ആ സാഹചര്യത്തിൽ തനിക്ക് കഴിഞ്ഞതിൽ കൂടുതലൊന്നും ചെയ്യുമായിരുന്നില്ല എന്നാശ്വസിക്കുന്നുണ്ട് നെസ്റ്റ പിന്നീടൊരിക്കൽ.

ബാഴ്‌സലോണയിലേക്കുള്ള വരവിൽ 49 കളികളിൽനിന്ന് 47 ഗോളടിച്ച ആദ്യ സീസണിനുശേഷം പ്രശസ്തനായ ഫുട്‌ബോൾ എഴുത്തുകാരൻ സിദ് ലോ too good for the league എന്നാണ് അദ്ദേഹത്തെ വിശേഷിപ്പിച്ചത്. ശമ്പള തർക്കങ്ങളെ തുടർന്ന് ബാഴ്‌സലോണ വിട്ട് ഇന്ററിലെത്തിയ റൊണാൾഡോ അവിടെയും തിളക്കമാർന്ന പ്രകടനത്തിലൂടെ 98 ബ്രസീൽ ലോകകപ്പ് ടീമിലേക്കുള്ള വഴിതുറന്നിട്ടു. ലോകോത്തര പ്രതിരോധനിരക്കാരിൽ പലരും അണിനിരക്കുന്ന സീരി എയിൽ പ്രതിരോധനിരകളെ തകർത്തെറിഞ്ഞ റൊണാൾഡോ 98 ലോകകപ്പിൽ ഫൈനൽ വരെ നാലു ഗോളും മൂന്ന് അസിസ്റ്റുമായി മിന്നിത്തിളങ്ങി. നിർഭാഗ്യവശാൽ ഫൈനലിൽ അസുഖബാധിതനായ റൊണാൾഡോ തന്റെ നിഴൽ മാത്രമായിരുന്നു. സിദാന്റെ ഗോളുകളിലൂടെ ഫ്രാൻസ് ബ്രസീലിനെ തകർത്ത് ലോകകപ്പ് സ്വന്തമാക്കുകയും ചെയ്തു.

99ൽ സീരി എ മത്സരത്തിനിടെ പരിക്കേൽക്കുന്ന റൊണാൾഡോയ്ക്ക് ഒരു സീസൺ മുഴുവനും നഷ്ടമാകുന്നുണ്ട്. 2002 ലോകകപ്പിലേക്കുള്ള ബ്രസീൽ ടീമിൽ അയാളെ തിരഞ്ഞെടുക്കുമ്പോൾ നെറ്റിചുളിച്ചവരാണ് അധികവും. പരിക്കിൽനിന്ന് മുക്തനായ ശേഷം അധികം കളിസമയം ലഭിച്ചിട്ടില്ലാത്ത സ്‌ട്രൈക്കറെ ടീമിലെടുത്തതിനെ ചൊല്ലിയുള്ള വിമർശനശരങ്ങൾ. തുർക്കിക്കെതിരെയുള്ള ആദ്യ മത്സരത്തിൽ തന്നെ ഫോമിന്റെ മിന്നലാട്ടങ്ങൾ കാട്ടിയിരുന്ന റൊണാൾഡോ എട്ടു ഗോളുമായി വിമർശകരുടെ വായടപ്പിച്ച പ്രകടനത്തിലൂടെ ഗോൾഡൻ ബൂട്ടുമായാണ് മടങ്ങിയത്. 90കളിലെ റൊണാൾഡോയുടെ കരുത്തും വേഗവും ഇല്ലാതിരുന്നിട്ടുകൂടി ബ്രസീലിനു ലോകകപ്പ് നേടിക്കൊടുത്ത പ്രകടനം. ഫൈനലിൽ ജർമനിക്കെതിരെ എണ്ണംപറഞ്ഞ രണ്ട് ഗോൾ. മൂന്ന് ലോകകപ്പുകളിലായി 15 ഗോൾ. സെന്റർ ഫോർവേഡ് എന്ന പൊസിഷനെ തന്നെ പുനർനിർവചിച്ച അൺ ഡിസ്പ്യൂട്ടഡ് ലെജൻഡ്.

കാലഘട്ടങ്ങളെ അതിജയിച്ച 'പ്രതിഭാ'സം

പ്രതിഭ എന്ന ഘടകം മാത്രം കാലഘട്ടങ്ങൾക്കനുസരിച്ച് മാറ്റംവരാതെ തുടരുമ്പോൾ ഫുട്‌ബോളിൽ ടെക്‌നിക്കൽ ആസ്‌പെക്ടുകൾ കാലംമാറുന്നതിനനുസരിച്ച് റീ ഡിഫൈൻ ചെയ്യപ്പെട്ടുകൊണ്ടേയിരിക്കും. അപൂർവം കളിക്കാർ മാത്രമാണു കാലഘട്ടങ്ങളെ മറികടക്കാൻ കഴിവുള്ളവരെന്ന് തോന്നിപ്പിക്കുന്നത്. 90കളിൽ ഒരു താരത്തിന്റെ സ്‌കിൽസെറ്റും സാങ്കേതിക മികവും റീ ഡിഫൈൻ ചെയ്യപ്പെടുന്ന ഒരു 30 കൊല്ലക്കാലയളവിനുശേഷവും രണ്ടു കാലഘട്ടത്തിലെയും ഏതൊരു സെന്റർ ഫോർവേഡിനെയും വിസ്മയിപ്പിക്കുന്ന പ്രകടനവുമായി കളിച്ചുപോയൊരാൾ.

നൂറുമീറ്റർ ഓട്ടപ്പന്തയത്തിന്റെ അവസാന ലാപ്പിൽ അതിവേഗമുള്ള ഒരത്‌ലറ്റ് ഫിനിഷിങ് പോയിന്റിനെ ലക്ഷ്യമാക്കി കുതിക്കുന്ന കുതിപ്പിനോടുമാത്രം താരതമ്യപ്പെടുത്താം പന്തുകൊണ്ടുള്ള റൊണാൾഡോയുടെ കുതിപ്പിനെ. 90 മിനുട്ട് നീളുന്ന ഒരു ഫുട്‌ബോൾ മത്സരത്തിൽ ആദ്യ മിനുട്ടിലോ അവസാന മിനുട്ടിലോ എപ്പോൾ വേണമെങ്കിലും ആ കുതിപ്പ് സംഭവിക്കാമെന്ന് മാത്രം.

ഒട്ടേറെ മികച്ച മത്സരങ്ങൾ, മനോഹരമായ ഗോളുകൾ, വ്യക്തിഗത മികവിന്റെ മകുടോദാഹരണങ്ങളായ അനവധി പ്രകടനങ്ങൾക്കിടയിൽ 2002/03 ചാംപ്യൻസ് ലീഗ് ക്വാർട്ടർ വേറിട്ടുനിൽക്കുന്നു. ആദ്യ പാദത്തിൽ സാന്റിയാഗോ ബെർനാബ്യൂവിലെ സ്വന്തം കാണികളുടെ കൂക്കുവിളി ഏറ്റുവാങ്ങേണ്ടി വരുന്ന റൊണാൾഡോ രണ്ടാം പാദത്തിൽ മറക്കാനാകാത്ത രീതിയിൽ കാട്ടിക്കൊടുക്കുന്നുണ്ട് തന്റെ ക്ലാസ്.

2002/03 ചാംപ്യൻസ് ലീഗ് ക്വാർട്ടർ ഫൈനൽ. റയൽ മാഡ്രിഡ്-മാഞ്ചസ്റ്റർ യുനൈറ്റഡ് നേർക്കുനേർ. ചരിത്രമുറങ്ങുന്ന ഓൾഡ് ട്രാഫോഡ്. ഐതിഹാസികമായ റയൽ ലൈനപ്പ്. സിനദിൻ സിദാൻ, ലൂയിസ് ഫിഗോ, റൊണാൾഡോ, റോബർട്ടോ കാർലോസ്, ക്ലൌഡ് മകലെലെ. മത്സരം നിയന്ത്രിച്ചത് ഇതിഹാസതുല്യനായ റഫറി കോളിന. 12-ാം മിനുട്ടിൽ തന്നെ സിദാന്റെ തകർപ്പൻ പാസ് പിടിച്ചെടുത്ത് റൊണാൾഡോയെ ത്രൂപാസിലൂടെ റിലീസ് ചെയ്യുന്ന ഗുട്ടി. പന്ത് നിയന്ത്രിക്കാൻ ശ്രമിക്കാതെ ഫസ്റ്റ് ടച്ച് പോലുമില്ലാതെ ഒരു കിടിലൻ ഷോട്ട്, ആദ്യ ഗോൾ.

50-ാം മിനുട്ട്. യുനൈറ്റഡ് ഗോൾമുഖത്ത് മനോഹരമായ പാസുകൾ കൊണ്ട് ഒഴുകിനടക്കുന്ന സിദാനും ഫിഗോയും. സിദാന്റെ ത്രൂപാസ് പിടിച്ചെടുത്ത കാർലോസിന്റെ പാസ്. വീണ്ടും റൊണാൾഡോയുടെ ക്ലിനിക്കൽ ഫിനിഷ്. മിനുട്ടുകൾക്കുള്ളിൽ പന്തുമായി ഒറ്റയ്ക്കു കുതിക്കുന്ന റൊണാൾഡോ ബോക്‌സിനു പുറത്തുനിന്ന് ഉതിർക്കുന്ന കരുത്തുറ്റ വലം കാലൻ വോളി ബാർതെസിനെ നിസ്സഹായനാക്കി വലയിൽ വീഴുമ്പോൾ ഓൾഡ്ട്രാഫോഡ് ചാംപ്യൻസ് ലീഗ് ചരിത്രത്തിലെ എക്കാലത്തെയും മികച്ച വ്യക്തിഗത പ്രകടനങ്ങളിൽ ഒന്ന് കണ്ടുകഴിഞ്ഞിരുന്നു.

രണ്ടാം പകുതിയിൽ സബ് ചെയ്യപ്പെട്ട് പുറത്തേക്ക് പോകുമ്പോൾ അപൂർവമായി മാത്രം ഒരു ഫുട്‌ബോൾ ഗ്രൗണ്ടിൽ ദർശിക്കാൻ കഴിയുന്ന പ്രതിഭയുടെ ഒരു മാജിക്കൽ ഡിസ്‌പ്ലേക്കാണ് തങ്ങൾ സാക്ഷ്യംവഹിച്ചതെന്ന് തിരിച്ചറിഞ്ഞ വിവേകമുള്ള ഓൾഡ്ട്രാഫോഡിലെ കാണികൾ എഴുന്നേറ്റുനിന്ന് കൈയടിച്ചാണ് റൊണാൾഡോയെ പറഞ്ഞയക്കുന്നത്.

*******

യൂട്യൂബിൽ തിരഞ്ഞാൽ കാണാവുന്ന പഴയൊരു വിഡിയോയുണ്ട്. 2009ൽ സാന്റോസിൽ വച്ച് അവരെ നേരിടുന്ന കൊറിന്ത്യൻസ്. സാന്റോസിന്റെ പ്രതിരോധത്തെ പിളർന്നുവരുന്നൊരു പാസ് പെനാൽറ്റി ബോക്സിനടുത്ത് വച്ച് വലതുകാലിൽ സ്വീകരിക്കുന്ന കൊറിന്ത്യൻസിന്റെ സ്ട്രൈക്കർ. അയാളൊരു പഴയ മഹാനായ കളിക്കാരന്റെ വികലമായ അനുകരണം പോലുമാകാൻ പാടുപെട്ടുകൊണ്ടിരിക്കുകയായിരുന്നു.

ഹൈപ്പർ തൈറോയിഡിസം ബാധിച്ച് ഒരു ഫുട്ബോളറുടെ ഷേപ്പ് ഒക്കെ എന്നോ നഷ്ടമായ ശരീരം, വേഗത കുറഞ്ഞ ചലനങ്ങൾ. രണ്ട് ഡിഫൻഡർമാർ അനായാസം അദ്ദേഹത്തിനൊപ്പം ഓടിയെത്തുന്നതോടെ ആ നീക്കം അവിടെ അവസാനിച്ചുവെന്ന് കരുതി നിരാശയോടെ കാണികൾ മുഖംതിരിക്കുന്നതിനുമുന്നേ പെട്ടെന്ന് ഓട്ടംനിർത്തി വെട്ടിത്തിരിഞ്ഞ് പന്ത് ഇടതുകാലിലേക്ക് മാറ്റിയതിനുശേഷം അഡ്വാൻസ് ചെയ്തുനിന്ന ഗോൾകീപ്പറെ സ്തബ്ധനാക്കിക്കൊണ്ടൊരു പെർഫെക്റ്റ് ലോബ്. കാലത്തെ വർഷങ്ങൾക്കു പിന്നിലേക്ക് കൈപിടിച്ചുനടത്തുകയായിരുന്നില്ല, കാലങ്ങൾക്കുശേഷവും തന്നിൽ ബാക്കിയുണ്ടായിരുന്ന പ്രതിഭയുടെ അവസാനത്തെ അംശത്തെ പ്രദർശിപ്പിക്കുകയായിരുന്നു റൊണാൾഡോ.

ഇഷ്ടപ്പെടുക, ഇഷ്ടപ്പെടാതിരിക്കുക.. അതൊക്കെ വ്യക്തിപരമായ ചോയ്‌സ് തന്നെയാണ്. പക്ഷേ, ഒരിക്കലും മായ്ക്കാൻ കഴിയാത്തവിധം ചരിത്രത്തിൽ തങ്ങളുടെ കൈയൊപ്പ് ചാർത്തി പുൽമൈതാനങ്ങളെ വിട്ടകന്നുപോയവരെ ജഴ്സിയുടെ നിറംനോക്കി ഡീഗ്രേഡ് ചെയ്യുന്നതിൽപരം ഉപദ്രവം വേറെയില്ല.

TAGS :

Next Story