ഇരട്ടഗോളുമായി സികെ വിനീത്; ഇതിഹാസ ഫുട്‌ബോൾ പോരിൽ ബ്രസീലിന് ജയം, 4-3
ബ്രസീൽ ലെജൻഡ്‌സിനായി റൊണാൾഡീന്യോ വലകുലുക്കി

കൊച്ചി: ഫുട്ബോൾ മൈതാനങ്ങളെ ഒരുകാലത്ത് വിസ്മയിപ്പിച്ച ഇതിഹാസ താരങ്ങൾ വീണ്ടും കളത്തിലിറങ്ങി. കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിലാണ് ബ്രസീലിന്റേയും ഇന്ത്യയുടേയും ഇതിഹാസ താരങ്ങൾ പ്രദർശന മത്സരത്തിൽ ഏറ്റുമുട്ടിയത്. ഇന്ത്യക്കെതിരെ ബ്രസീൽ(4-3) ജയം സ്വന്തമാക്കി. ബ്രസീലിനായി ഫെർണാണ്ടീഞ്ഞോ ഹാട്രിക്ക് നേടിയപ്പോൾ, ഇന്ത്യക്കായി സികെ വിനീത് ഇരട്ടഗോൾ സ്വന്തമാക്കി. പെനാൽറ്റിയിലൂടെ റൊണാൾഡീന്യോയും വലകുലുക്കി. ഇരുടീമുകളും തമ്മിലുള്ള 'റിട്ടേൺസ് ഓഫ് ടൈറ്റൻസ്' പ്രദർശന മത്സര പരമ്പരയിലെ രണ്ടാം മാച്ചാണിത്. നേരത്തെ ചെന്നൈയിൽ ഏറ്റുമുട്ടിയപ്പോൾ ബ്രസീൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് വിജയിച്ചിരുന്നു
ഒരു ഗോളിന് മുന്നിൽ നിന്ന ശേഷമാണ് ഇന്ത്യ കീഴടങ്ങിയത്. 14ാം മിനിറ്റിൽ ബ്രസീലിനെ ഞെട്ടിച്ച് സികെ വിനീതിലൂടെ ഇന്ത്യയാണ് മത്സരത്തിൽ ലീഡെടുത്തത്. അരമണിക്കൂർ വീതമുള്ള രണ്ട് ഹാഫ് ടൈം ഉൾപ്പെടെ ഒരു മണിക്കൂറാണ് മത്സരം നടന്നത്. ബ്രസീൽ ടീമിനെ റൊണാൾഡീന്യോ നയിച്ചപ്പോൾ ഐഎം വിജയനാണ് ഇന്ത്യയെ നയിച്ചത്. നിറഞ്ഞ ഗ്യാലറിയിൽ നടന്ന ആവേശ മത്സരത്തിൽ മികച്ച നീക്കങ്ങളുമായി ഇരുടീമുകളും കൈയ്യടി നേടി. ബ്രസീലിനായി റിവാൾഡോ, പൗളോ സെർജിയോ, ജിയോവാനി, വിവോള, റോക്കി ജൂനിയർ, റിക്കാർഡോ ഒലിവാറോ തുടങ്ങിയ മുൻ താരങ്ങളാണ് കളത്തിലിറങ്ങിയത്. ഇന്ത്യക്കായി ബൈച്ചിങ് ഭൂട്ടിയ, സികെ വിനീത്, മുഹമ്മദ് റാഫി, ജോപോൾ അഞ്ചേരി, എംവി നെൽസൺ, റിനോ ആന്റോമെഹ്താബ് ഹൊസൈൻ തുടങ്ങിയ മുൻ രാജ്യാന്തര താരങ്ങൾ അണിനിരുന്നു
Adjust Story Font
16

