ആരാധകർ കാത്തിരിക്കുന്നു ; സൂപ്പർ ലീഗിലെ ആവേശ പോരാട്ടത്തിനായി

പയ്യനാട് : സൂപ്പർ ലീഗ് കേരളയിലെ ആവേശ പോരാട്ടങ്ങളിലൊന്നിന് സാക്ഷിയാവാനൊരുങ്ങി മഞ്ചേരി പയ്യനാട് സ്റ്റേഡിയം. ഒക്ടോബർ 19 ന് ഞായറാഴ്ച്ച വൈകീട്ട് 7:30 നാണ് നിലവിലെ ചാമ്പ്യന്മാരായ കാലിക്കറ്റ് എഫ്‌സിയും മലപ്പുറം എഫ്സിയും തമ്മിലുള്ള മത്സരം. തുടർച്ചയായ മൂന്നാം ഹോം മത്സരത്തിനിറങ്ങുന്ന മലപ്പുറം സീസണിലെ തങ്ങളുടെ അപരാജിത കുതിപ്പ് തുടരാനുറച്ചാണ് കാലിക്കറ്റിനെതിരെ ഇറങ്ങുന്നത്. ആദ്യ മത്സരത്തിൽ കൊച്ചിക്കെതിരെ വിജയിച്ച കാലിക്കറ്റ് രണ്ടാം മത്സരത്തിൽ തൃശൂർ മാജിക്കിനോട് എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെട്ടിരുന്നു. നിലവിൽ രണ്ട് മത്സരങ്ങൾ കളിച്ച മലപ്പുറം നാല് പോയിന്റുമായി മൂന്നാം സ്ഥാനത്തും, മൂന്ന് പോയിന്റുള്ള കാലിക്കറ്റ് നാലാം സ്ഥാനത്തുമാണുള്ളത്.
സീസണിലെ ഉദ്ഘാടന മത്സരത്തിൽ ഫോഴ്‌സ കൊച്ചിയെ നേരിട്ട കാലിക്കറ്റ് ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് മത്സരം വിജയിച്ചിരുന്നു. പകരക്കാരനായി ഇറങ്ങി ഇഞ്ചുറി സമയത്ത് ഗോൾ നേടിയ അരുൺ കുമാറാണ് കാലിക്കറ്റിന്റെ വിജയമുറപ്പിച്ചത്. രണ്ടാം മത്സരത്തിൽ തൃശൂർ മാജിക് എഫ്‌സിയെ സ്വന്തം മൈതാനത്ത് നേരിട്ട കാലിക്കറ്റ്, തൃശൂർ നായകൻ മെയ്ൽസൺ ആൽവസ് നേടിയ ഏക ഗോളിൽ പരാജയപ്പെടുകയായിരുന്നു. റോയ് കൃഷണയുടെ പെനാൽറ്റി ഗോളിൽ തൃശൂരിനെ വീഴ്ത്തി സീസൺ തുടങ്ങിയ മലപ്പുറം, രണ്ടാം മത്സരത്തിൽ കണ്ണൂരിനോട് ഗോൾ രഹിത സമനിലയിൽ പിരിഞ്ഞു.
മൂന്നാം മത്സരത്തിൽ ജയത്തോടെ പട്ടികയിൽ ഒന്നാം സ്ഥാനം ലക്ഷ്യമിടുന്ന ഇരു ടീമിനും വിജയമുറപ്പിക്കാൻ തങ്ങളുടെ ഗോൾകീപ്പർമാരുടെ ഫോം നിർണായകമാണ്. കാലിക്കറ്റ് ഗോൾകീപ്പർ ഹജ്‌മലും മലപ്പുറം എഫ്സിയുടെ അസ്ഹറും സീസണിൽ മികച്ച ഫോമിലാണ്. തൃശൂരിനെതിരെയും കൊച്ചിക്കെതിരെയും മികച്ച സേവുകളുമായി ഹജമൽ നിറഞ്ഞ് കളിച്ചപ്പോൾ കണ്ണൂരിനെതിരായ മലപ്പുറത്തിന്റെ കളിയിൽ അസ്ഹറായിരുന്നു കളിയിലെ താരം. പെനാൽറ്റി ഗോളുകളൊഴികെ കാര്യമായ ഇമ്പാക്ട് ഉണ്ടാക്കാനാവാത്ത റോയ് കൃഷ്ണയും സെബാസ്ത്യൻ റിങ്കണും ഫോം കണ്ടെത്തേണ്ടത് ഇരു ടീമിനും അനിവാര്യമാണ്.
മലപ്പുറം നിരയിൽ നായകൻ ഐറ്ററിന്റെ പ്രകടനം ശ്രദ്ദേയമാണ്. മിഡ് ഫീൽഡറായ താരം കൂടുതൽ പിന്നിലേക്കിറങ്ങി ഡിഫൻസിനെ സഹായിക്കുന്നത് ടീമിന് തുടർച്ചയായ രണ്ടാം മത്സരത്തിലും ക്ലീൻ ഷീറ്റ് നേടുന്നതിൽ നിർണായകമായി. യുവതാരങ്ങളായ ജിതിൻ പ്രകാശും നിതിൻ മധുവും മികച്ച രീതിയിലാണ് ഇതുവരെ പന്തുതട്ടിയത്. നായകൻ പ്രശാന്ത് മോഹൻ തന്നെയാണ് കാലിക്കറ്റ് നിരയിലെ പ്രധാന പേരുകളിൽ ഒന്ന്. ആദ്യ മത്സരത്തിൽ അരുൺ കുമാറിന്റെ വിജയഗോളിന് വഴിയൊരുക്കിയ താരം രണ്ടാം മത്സരത്തിലും നിരവധി തവണ തൃശൂർ ഗോൾമുഖം വിറപ്പിച്ചു.
കഴിഞ്ഞ സീസണിൽ ഇരുവരും രണ്ട് തവണ ഏറ്റുമുട്ടിയപ്പോഴും വിജയം കാലിക്കറ്റിനായിരുന്നു. പയ്യനാട് നടന്ന മത്സരത്തിൽ ഏകപക്ഷീയമായ മൂന്ന് ഗോളുകൾക്ക് വിജയിച്ചപ്പോൾ ഹോം മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കായിരുന്നു കാലിക്കറ്റിന്റെ വിജയം. ഇരുപാദങ്ങളിലുമായി കാലിക്കറ്റിന് വേണ്ടി രണ്ട് ഗോളും രണ്ട് അസിസ്റ്റും നേടിയ ഗനി നിഗം ഈ സീസണിൽ മലപ്പുറത്തിനൊപ്പമാണ് പന്തുതട്ടുന്നത്. ടൂർണമെന്റിലെ ഏറ്റവും വലിയ ആരാധക പിന്തുണയുള്ള രണ്ട് ടീമുകൾ തമ്മിൽ ഏറ്റുമുട്ടുമ്പോൾ കളിക്കളത്തിലെ പോലെ ഗാലറിയിലും നിറഞ്ഞ ആവേശമായിരിക്കും.
Adjust Story Font
16

