'ചുണയുണ്ടെങ്കില്‍ മെസ്സിയെ തൊട്ട് നോക്ക്'; അല്‍വാരസിനെതിരെ മൈക് ടൈസനെ കളത്തിലിറക്കി ആരാധകര്‍

മെക്സിക്കോക്കെതിരായ വിജയത്തിന് ശേഷം ഡ്രസ്സിങ് റൂമിൽ നടന്ന ആഘോഷത്തിനിടെ ലയണൽ മെസ്സി മെക്‌സിക്കോയുടെ ജേഴ്‌സിയും പതാകയും നിലത്തിട്ട് ചവിട്ടിയെന്നായിരുന്നു അൽവാരസിന്റെ ആരോപണം

MediaOne Logo

Web Desk

  • Updated:

    2022-11-29 13:58:51.0

Published:

29 Nov 2022 1:32 PM GMT

ചുണയുണ്ടെങ്കില്‍ മെസ്സിയെ തൊട്ട് നോക്ക്; അല്‍വാരസിനെതിരെ മൈക് ടൈസനെ കളത്തിലിറക്കി ആരാധകര്‍
X

സൂപ്പർ താരം ലയണൽ മെസ്സിക്കെതിരെ ഭീഷണിയുമായി രംഗത്തെത്തിയ മെക്‌സിക്കൻ ബോക്‌സിങ് താരം കനേലോ അൽവാരസിനെതിരെ ബോക്സിങ് ഇതിഹാസം മൈക്ക് ടൈസനെ കളത്തിലിറക്കി ആരാധകര്‍. മെക്സിക്കോക്കെതിരായ വിജയത്തിന് ശേഷം ഡ്രസ്സിങ് റൂമിൽ നടന്ന ആഘോഷത്തിനിടെ ലയണൽ മെസ്സി മെക്‌സിക്കോയുടെ ജേഴ്‌സിയും പതാകയും നിലത്തിട്ട് ചവിട്ടിയെന്നായിരുന്നു അൽവാരസിന്റെ ആരോപണം. ഞാൻ മെസ്സിയെ കാണാതിരിക്കാൻ ദൈവത്തോട് പ്രാർഥിക്കട്ടെ എന്ന് അല്‍വാരസ് ട്വിറ്ററില്‍ കുറിച്ചു. ഇതോടെ അര്‍ജന്‍റീന ആരാധകര്‍ അല്‍വാരസിന്‍റെ പിറകില്‍ കൂടി.

ഇത് സംബന്ധിച്ച വാര്‍ത്തകള്‍ക്ക് അടിയില്‍ കനേലോ അൽവാരസിന് മൈക്ക് ടൈസണ്‍ മറുപടി നല്‍കും എന്ന രീതിയില്‍ പ്രതികരിക്കുകയാണ് ഇപ്പോള്‍ ആരാധകര്‍. മൈക്ക് ടൈസണ്‍ മെസിക്ക് വേണ്ടി ചോദിക്കാന്‍ ഇറങ്ങും എന്ന് പറയാന്‍ ആരാധകര്‍ക്ക് ചില കാരണങ്ങളുണ്ട്. അതിലൊന്ന് മൈക് ടൈസണ്‍ അര്‍ജന്‍റീനന്‍ ആരാധകനാണ് എന്നതാണ്.

2005-ൽ ഒരു കേസില്‍ കോടതിയില്‍ ഹാജരാകാന്‍ എത്തിയപ്പോള്‍ അർജന്റീന ഫുട്ബോൾ ജേഴ്സി ധരിച്ചാണ് ടൈസണ്‍ എത്തിയത്. അന്ന് അത് വലിയ ചര്‍ച്ചയായിരുന്നു. ഇപ്പോള്‍ ആ ചിത്രങ്ങള്‍ പങ്കുവച്ചാണ് അര്‍ജന്‍റൈന്‍ ആരാധകര്‍ അല്‍വാരസിന് മറുപടി നല്‍കുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ മെസിയോ ടൈസണോ ഔദ്യോഗികമായി ഒന്നും പ്രതികരിച്ചിട്ടില്ല.

അര്‍ജന്‍റീന താരം നിക്കോളസ് ഒട്ടാമെന്‍ഡി പങ്കുവച്ച വീഡിയോയിലാണ് നിലത്തിട്ട ഒരു തുണിയില്‍ മെസ്സി ചവിട്ടുന്നതായി കാണുന്നത്. ഇത് മെക്സിക്കോയുടെ ജഴ്സിയാണ് എന്നാണ് അല്‍വാരസിന്‍റെ ആരോപണം.മെക്സിക്കോക്കെതിരായ നിര്‍ണ്ണായക മത്സരത്തില്‍ എതിരില്ലാത്ത രണ്ട് ഗോളിനായിരുന്നു അര്‍ജന്‍റീനയുടെ വിജയം. കളം നിറഞ്ഞു കളിച്ച സൂപ്പര്‍ താരം ലയണല്‍ മെസ്സിയായിരുന്നു അര്‍ജന്‍റീനയുടെ വിജയശില്‍പി. മെസ്സി ഒരു ഗോള്‍ നേടുകയും ഒന്നിന് വഴിയൊരുക്കുകയും ചെയ്തു.

TAGS :

Next Story