Quantcast

കിടിലൻ ഗോളുമായി ബ്രാഹിം ഡയസ്; ചാമ്പ്യൻസ് ലീഗിൽ ഒരടിയിൽ റയൽ വിജയം

ഗോൾ കീപ്പർ ആൻഡ്രി ലൂനി മികച്ച സേവുകളുമായി തിളങ്ങി

MediaOne Logo

Web Desk

  • Published:

    14 Feb 2024 6:50 AM GMT

കിടിലൻ ഗോളുമായി ബ്രാഹിം ഡയസ്; ചാമ്പ്യൻസ് ലീഗിൽ ഒരടിയിൽ റയൽ വിജയം
X

മ്യൂണിക്: ചാമ്പ്യൻസ് ലീഗ് പ്രീ ക്വാർട്ടറിൽ മുന്നേറ്റ താരം ബ്രഹിം ഡയസിന്റെ കിടിലൻ ഗോളിൽ ആർബി ലെയ്പ് സിഗിനെതിരെ ആദ്യ പാദത്തിൽ റയൽ മാഡ്രിഡ് മുന്നിൽ. 48ാം മിനിറ്റിലാണ് സ്പാനിഷ് താരം വിജയമുറപ്പിച്ച മത്സരത്തിലെ ഏക ഗോൾ നേടിയത്. ടച്ച് ലൈനിന് സമീപത്തുനിന്ന് പന്തുമായി മുന്നേറിയ നീക്കമാണ് അത്യുജ്ജ്വല ഗോളിന് വഴിയൊരുക്കിയത്. രണ്ട് പ്രതിരോധ താരങ്ങളെ മറികടന്ന് വലതുവിങിലൂടെ മുന്നേറി യുവതാരം ബോക്‌സിനുള്ളിൽ നിന്ന് ഉതിർത്ത ഇടം കാലൻ ഷോട്ട് ഗോൾകീപ്പറെ നിസഹായനാക്കി വലയിൽകയറി. മുൻ റയൽ താരം കക്കയെ ഓർമിപ്പിക്കുന്ന പ്രകടനമെന്നാണ് ആരാധകർ വിശേഷിപ്പിച്ചത്.

ഗോൾകീപ്പർ ആൻഡ്രി ലൂനിയുടെ മികച്ച സേവുകളും മുൻ ചാമ്പ്യൻമാർക്ക് തുണയായി. ഒൻപത് സേവുകളാണ് മത്സരത്തിൽ ഈ യുക്രൈൻ ഗോൾകീപ്പർ നടത്തിയത്.

സ്വന്തം തട്ടകത്തിൽ ആക്രമണ ഫുട്‌ബോൾ പുറത്തെടുത്ത ലെയ്‌സ്പിഗ് റയൽ പ്രതിരോധത്തിന് കടുത്ത വെല്ലുവിളിയാണുയർത്തിയത്. ബോൾ പൊസിഷനിൽ സ്പാനിഷ് ക്ലബിനൊപ്പം പിടിക്കാനും ജർമ്മൻ ക്ലബിനായി. മത്സരത്തിലുടനീളം ഒൻപത് തവണയാണ് ലെയ്പ്‌സിഗ് റയൽ ഗോൾകീപ്പറെ പരീക്ഷിച്ചത്. എന്നാൽ മൂന്ന് തവണ മാത്രമാണ് റയലിന് ഷോട്ടുതിർക്കാനായത്. വിനീഷ്യസ് ജൂനിയർ, റോഡ്രിഗോ എന്നിവർക്ക് ഇരുപകുതികളിലുമായി അവസരങ്ങൾ ലഭിച്ചെങ്കിലും ഗോൾ നേടാനായില്ല. മാർച്ച് ഏഴിന് റയൽ തട്ടകമായ സാന്റിയാഗോ ബെർണാബ്യൂയിലാണ് രണ്ടാംപാദ മത്സരം.

TAGS :

Next Story