റയൽ ബെറ്റീസിനെ തകർത്തു; കോൺഫറൻസ് ലീഗിൽ മുത്തമിട്ട് ചെൽസി,4-1
കിരീട നേട്ടത്തിലൂടെ യുവേഫയുടെ അഞ്ച് യൂറോപ്യൻ ചാമ്പ്യൻഷിപ്പും കരസ്തമാക്കുന്ന ആദ്യ ക്ലബായി ചെൽസി

ലണ്ടൻ: യുവേഫ കോൺഫറൻസ് ലീഗ് കിരീടം ചെൽസിക്ക്. കലാശപ്പോരാട്ടത്തിൽ സ്പാനിഷ് ക്ലബ് റയൽ ബെറ്റീസിനെ ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് തകർത്തത്. ആദ്യ പകുതിയിൽ ഒരു ഗോളിന് പിന്നിട്ട് നിന്ന ശേഷമാണ് ഇംഗ്ലീഷ് ക്ലബ് ശക്തമായ കംബാക് നടത്തിയത്. ചെൽസിക്കായി എൻസോ ഫെർണാണ്ടസ്(65), നിക്കോളാസ് ജാക്‌സൻ(70), ജേഡൻ സാഞ്ചോ(83), മൊയ്‌സസ് കയ്‌സെഡോ(90+1) എന്നിവർ ലക്ഷ്യംകണ്ടു. ബെറ്റീസിനായി എസൽസോയ്(9) ആശ്വാസ ഗോൾനേടി.
അവസാന ലീഗ് മത്സരത്തിൽ നോട്ടിങ്ഹാം ഫോറസ്റ്റിനെതിരെ ജയം സ്വന്തമാക്കി ചാമ്പ്യൻസ് ലീഗ് ബെർത്തുറപ്പിച്ച ആത്മവിശ്വാസവുമായാണ് ചെൽസി ഫൈനൽ കളിക്കാനായി പോളണ്ടിലെത്തിയത്. എന്നാൽ കഴിഞ്ഞ മാച്ചിൽ നിന്ന് നിരവധി മാറ്റങ്ങളോടെയാണ് പരിശീലകൻ എൻസോ മരെസ്‌ക ടീമിനെ വിന്യസിച്ചത്. ഈമാറ്റം ഇംഗ്ലീഷ് ക്ലബിന് തിരിച്ചടിയായി. പ്രതിരോധത്തിലെ പ്രശ്‌നങ്ങൾ മുതലെടുത്ത് ബെറ്റീസ് ഇസൽസോയിലൂടെ(9) ലീഡെടുത്തു. മധ്യനിരയിൽ സ്പാനിഷ് താരം ഇസ്‌കോ നടത്തിയ മികച്ച നീക്കങ്ങളാണ് ഗോളിന് വഴിയൊരുക്കിയത്. തുടർന്നും ആക്രമിച്ച് കളിച്ച ബെറ്റീസ് ചെൽസി ബോക്‌സിൽ നിരന്തരം ഭീഷണി സൃഷ്ടിച്ചു. എന്നാൽ രണ്ടാം പകുതിയിൽ നിർണായക മാറ്റവുമായി ചെൽസി മാനേജർ മരെസ്‌ക രംഗത്തെത്തി. ക്യാപ്റ്റൻ റീസ് ജെയിംസ്, ലെവി കോൾവിൽ, ജേഡൻ സാഞ്ചോ എന്നിവരെ കളത്തിലിറക്കി. ഈ മാറ്റങ്ങൾ പിന്നീട് കളത്തിൽ കൃത്യമായി പ്രതിഫലിച്ചു.
ഇരുവിംഗുകളിലൂടെയും ചെൽസി താരങ്ങൾ കുതിച്ചുകയറി. 65ാം മിനിറ്റിൽ കോൾ പാൽമർ ബോക്‌സിലേക്ക് നൽകിയ ക്രോസ് കൃത്യമായി ഹെഡ്ഡ് ചെയ്ത് അർജന്റൈൻ എൻസോ ഫെർണാണ്ടസ് നീലപടക്ക് സമനില നേടികൊടുത്തു. അഞ്ചു മിനിറ്റിന് ശേഷം പാൾമറിന്റെ തന്നെ പാസിൽ സ്‌ട്രൈക്കർ നിക്കോളാസ് ജാക്‌സനും വലകുലുക്കി(2-1). പിന്നാലെ തുടരെ ചെൽസി താരങ്ങൾ അക്രമണമൂർച്ച കൂട്ടിയതോടെ സ്പാനിഷ് ടീം പ്രതിരോധം ചിതറിതെറിച്ചു. ഗോൾമടക്കാനുള്ള നീക്കങ്ങളെ കൃത്യമായി പ്രതിരോധിച്ച് ഇംഗ്ലീഷ് ക്ലബ് സീസണിലെ ആദ്യ കിരീടം സ്വന്തമാക്കി. യുവേഫയുടെ അഞ്ച് ചാമ്പ്യൻഷിപ്പും സ്വന്തമാക്കുന്ന ആദ്യ ടീം എന്ന നേട്ടവും ചെൽസി സ്വന്തമാക്കി.
Adjust Story Font
16

