Quantcast

ചെൽസി-ടോട്ടനം പരിശീലകർ തമ്മിൽ 'പൊരിഞ്ഞ അടി'; ചുവപ്പു കാർഡ് നൽകി റഫറി

സമനില ഗോൾ നേടിയതോടെ ടോട്ടനം പരിശീലകൻ ചെൽസി പരിശീലകന്റെ സമീപം ആഘോഷവുമായെത്തിയതും പ്രശ്‌നങ്ങൾക്കിടയാക്കി

MediaOne Logo

Web Desk

  • Updated:

    2022-08-15 11:32:32.0

Published:

15 Aug 2022 11:25 AM GMT

ചെൽസി-ടോട്ടനം പരിശീലകർ തമ്മിൽ പൊരിഞ്ഞ അടി; ചുവപ്പു കാർഡ് നൽകി റഫറി
X

ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ കഴിഞ്ഞ ദിവസം നടന്ന ചെൽസി- ടോട്ടനം മത്സരത്തിനിടെ ഗ്രൗണ്ടിൽ അരങ്ങേറിയത് നാടകീയ രംഗങ്ങൾ. ചെൽസി കോച്ച് തോമസ് ടുച്ചലും ടോട്ടനം കോച്ച് അന്റണിയോ കോണ്ടെയുമാണ് പരസ്പരം ഏറ്റുമുട്ടിയത്. പിന്നാലെ ഇരുവരേയും ചുവപ്പ് കാർഡ് കാണിച്ച് റഫറി പുറത്താക്കുകയും ചെയ്തു. മത്സരം 2-2ന് സമനിലയിൽ പിരിഞ്ഞു.

കഴിഞ്ഞ ദിവസം ഇരു ടീമുകളും തമ്മിൽ നടന്ന വാശിയേറിയ പോരാട്ടത്തിനിടെയാണ് പരിശീലകരും ഡഗൗട്ടിൽ ഏറ്റുമുട്ടിയത്. ചെൽസിയുടെ തട്ടകമായ സ്റ്റാംഫോർഡ് ബ്രിഡ്ജിലായിരുന്നു മത്സരം. 19ാം മിനുറ്റിൽ കൗലിബാലിയിലൂടെ ചെൽസി മുന്നിലെത്തിയെങ്കിലും 68ാം മിനുറ്റിൽ എമിലെ ഹോജെർഗിലൂടെ ടോട്ടനം സമനില പിടിച്ചു. ഈ ഗോളിനു സെക്കൻഡുകൾക്കു മുമ്പാണ് പ്രശ്‌നങ്ങളുടെ തുടക്കം. ചെൽസിയുടെ കയ് ഹാവെർട്‌സ് ടോട്ടനം താരം റോഡ്രിഗോ ബെന്റൻകൂവർ ഫൗൾ ചെയ്‌തെന്ന പരാതി ഉയർത്തി. പിന്നാലെ ചെൽസിയുടെ ബെഞ്ചിലുള്ള താരങ്ങളും പരിശീലകനും പ്രകോപിതരായി.



സമനില ഗോൾ നേടിയതോടെ ടോട്ടനം പരിശീലകൻ ചെൽസി പരിശീലകന്റെ സമീപം ആഘോഷവുമായെത്തിയതും പ്രശ്‌നങ്ങൾക്കിടയാക്കി. വാർ പരിശോധന പൂർത്തിയാക്കിയാണ് ടോട്ടനത്തിനു ഗോൾ അനുവദിച്ചത്. എന്നാൽ 77ാം മിനിറ്റിൽ റീസ് ടോപ്‌ലിയിലൂടെ ചെൽസി വീണ്ടും ലീഡെടുത്തു. ഈ ഗോൾ ചെൽസി പരിശീലകൻ വൻ ആഘോഷമാക്കി മാറ്റുകയും ചെയ്തു. ചെൽസി വിജയിക്കുമെന്നു തോന്നിച്ച ഘട്ടത്തിൽ അവസാന നിമിഷം ഹാരി കെയ്ൻ ടോട്ടനത്തിനായി സമനില പിടിച്ചു. അധിക സമയത്തെ ആറാം മിനിറ്റിൽ ഇവാൻ പെരിസിച്ചിന്റെ കോർണർ കിക്ക് ഹെഡ്ഡ് ചെയ്താണ് ഹാരി കെയ്ൻ ടോട്ടനത്തിനായി വല ചലിപ്പിച്ച് സമനില സമ്മാനിച്ചത്.

മത്സര ശേഷം പരസ്പരം കൈകൊടുക്കുന്ന ഘട്ടത്തിൽ രണ്ടു പരിശീലകരും വീണ്ടും വാക്കേറ്റത്തിലായി. പരിശീലകർ തർക്കം തുടങ്ങിയതോടെ ഇരു ടീമുകളുടെയും താരങ്ങളും ചുറ്റുംകൂടി. ഇതു വീണ്ടും ഉന്തിലും തള്ളിലുമെത്തിയതോടെയാണ് റഫറി ആന്റണി ടെയ്‌ലർ രണ്ട് പരിശീലകർക്കും ചുവപ്പു കാർഡ് നൽകിയത്.

TAGS :

Next Story