Quantcast

യൂറോപ്യൻ സൂപ്പർ ലീഗിൽ ക്ലബുകൾ രണ്ടുതട്ടിൽ; യുവേഫ ഭീഷണിക്ക് വഴങ്ങാതെ റയലും ബാഴ്‌സയും

2021 ഏപ്രിലിലാണ് 12 ക്ലബുകൾ ചേർന്ന് യൂറോപ്യൻ സൂപ്പർലീഗ് പ്രഖ്യാപിച്ചത്.

MediaOne Logo

Web Desk

  • Updated:

    2023-12-23 05:43:33.0

Published:

23 Dec 2023 5:32 AM GMT

യൂറോപ്യൻ സൂപ്പർ ലീഗിൽ ക്ലബുകൾ രണ്ടുതട്ടിൽ; യുവേഫ ഭീഷണിക്ക് വഴങ്ങാതെ റയലും ബാഴ്‌സയും
X

ലണ്ടൻ: യൂറോപ്യൻ സൂപ്പർലീഗിൽ നിന്ന് പ്രമുഖ ടീമുകൾ പിൻമാറിയതോടെ ലീഗ് നടത്തിപ്പ് അനിശ്ചിതത്വത്തിൽ. സൂപ്പർലീഗിൽ പങ്കെടുക്കില്ലെന്ന് ഇംഗ്ലീഷ് പ്രീമിയർലീഗ് ക്ലബുകൾ നിലപാടെടുത്തു. എന്നാൽ സ്പാനിഷ് വമ്പൻമാരായ റയൽമാഡ്രിഡ്, ബാഴ്‌സലോണ ലീഗിനെ പിന്തുണച്ച് രംഗത്തെത്തുകയും ചെയ്തു. ഇതോടെ അനുകൂലിച്ചും പ്രതികൂലിച്ചും കൂടുതൽ പ്രതികരണങ്ങളുമുണ്ടായി. സൂപ്പർലീഗിൽ പങ്കെടുക്കുന്നതിൽ നിന്ന് ക്ലബുകളേയും താരങ്ങളേയും വിലക്കുന്നത് നിയമവിരുദ്ധമാണെന്ന് യൂറോപ്യൻ കോർട്ട് ഓഫ് ജസ്റ്റിസ് കഴിഞ്ഞദിവസം വിധിച്ചിരുന്നു. വിധിക്ക് പിന്നാലെ സൂപ്പർലീഗ് സ്‌പോൺസർമാരായ എ 22 പുതിയ ഫോർമാറ്റ് പുറത്ത് വിടുകയും ചെയ്തു.

2021 ഏപ്രിലിലാണ് 12 ക്ലബുകൾ ചേർന്ന് യൂറോപ്യൻ സൂപ്പർലീഗ് പ്രഖ്യാപിച്ചത്. എന്നാൽ യുവേഫയിൽ നിന്ന് കടുത്ത ഭീഷണിയാണ് ക്ലബുകൾക്ക് നേരിടേണ്ടിവന്നത്. ഇതോടെ ലീഗിൽ സ്പാനിഷ്-ഇംഗ്ലണ്ട് താരങ്ങൾ രണ്ടഭിപ്രായത്തിലേക്കെത്തി. ലീഗിൽ ഉറച്ചുനിൽക്കാൻ റയൽ,ബാഴ്‌സ തീരുമാനിച്ചപ്പോൾ മാഞ്ചസ്റ്റർ യുണൈറ്റഡ്, മാഞ്ചസ്റ്റർ സിറ്റി, ചെൽസി, ആഴ്‌സനൽ, ടോട്ടനം ക്ലബുകൾ പിൻമാറുന്നതായി അറിയിച്ചു. വിധിക്ക് പിന്നാലെ യുണൈറ്റഡാണ് ആദ്യം തീരുമാനം പ്രഖ്യാപിച്ചത്. പിന്നീട് മറ്റുക്ലബുകളും ഇതോടൊപ്പം ചേർന്നു. നിലവിലുള്ള രീതിയുമായി തുടരാനാണ് താൽപര്യമെന്ന് ക്ലബുകൾ വ്യക്തമാക്കി.

സ്‌പെയിനും ഇംഗ്ലണ്ടിനും പിന്നാലെ ജർമ്മനിയിലെ ക്ലബുകളും സൂപ്പർലീഗിൽ നിന്ന് പിൻമാറുന്നതായി അറിയിച്ചതോടെ സൂപ്പർലീഗിന് തിരിച്ചടിയായി. ബുണ്ടെസ് ലീഗയിൽ കളിക്കുന്ന ബയേൺമ്യൂണികും ബൊറൂസിയ ഡോർട്ട്മുണ്ടും ഇറ്റാലിയൻ ക്ലബ് ഇന്റർമിലാനുമാണ് പിൻമാറിയ മറ്റുപ്രമുഖർ.

ലോകത്ത് ഏറ്റവും കൂടുതൽ ആരാധകരുള്ള ലീഗാണ് ചാമ്പ്യൻസ് ലീഗ്. ഇതിന് പകരമായി കാണുന്ന യൂറോപ്യൻ സൂപ്പർലീഗിന് എത്രത്തോളം സ്വീകാര്യത ലഭിക്കുമെന്നതും യൂറോപ്യൻ ക്ലബുകളെ മാറിചിന്തിക്കാൻ പ്രേരിപ്പിക്കുന്നു. എന്നാൽ യുവേഫയുടെ ഭീഷണിക്ക് വഴങ്ങാതെയുള്ള റയൽമാഡ്രിഡ്, ബാഴ്‌സലോണ നീക്കത്തെ കൗതുകത്തോടെയാണ് ഫുട്‌ബോൾ ആരാധകർ വീക്ഷിക്കുന്നത്. നിലവിൽ കൂടുതൽ യുവേഫ ചാമ്പ്യൻസ് ലീഗ് കിരീടം നേടിയ ടീമുകളാണ് റയലും ബാഴ്‌സയും 14 യുസിഎൽ കിരീടമാണ് ഇരു ക്ലബുകളുമായി നേടിയത്.

TAGS :

Next Story