Quantcast

ക്ലബ്ബ് പുറത്താക്കിയ കോച്ചിന് അഭിനന്ദനവുമായി ആരാധകരുടെ വക ഫുൾ പേജ് പത്രപരസ്യം

മാഴ്സലോ ബിയൽസക്ക് സ്വന്തം നാട്ടിലെ പത്രത്തിൽ ഫുൾപേജ് പരസ്യം നൽകി നന്ദി അറിയിച്ചതിലൂടെ ലീഡ്സ് മാനേജ്മെന്റിനോടുള്ള പ്രതിഷേധം കൂടി ആരാധകർ രേഖപ്പെടുത്തി

MediaOne Logo

Web Desk

  • Published:

    18 April 2022 11:27 AM GMT

ക്ലബ്ബ് പുറത്താക്കിയ കോച്ചിന് അഭിനന്ദനവുമായി ആരാധകരുടെ വക ഫുൾ പേജ് പത്രപരസ്യം
X

രണ്ടാം ഡിവിഷനിൽ നിന്ന് പ്രീമിയർ ലീഗിലേക്ക് മുന്നേറാൻ സഹായിച്ച കോച്ച് മാഴ്‌സലോ ബിയൽസയെ പുറത്താക്കിയ ലീഡ്‌സ് യുനൈറ്റഡ് മാനേജ്‌മെന്റിനോട് 'പകവീട്ടി' ക്ലബ്ബിന്റെ ആരാധകർ. അർജന്റീനക്കാരനായ ബിയൽസക്ക്, അദ്ദേഹത്തിന്റെ നാട്ടിലെ ഏറ്റവും ജനപ്രിയമായ പത്രത്തിൽ മുഴുവൻ പേജ് പരസ്യം നൽകിയാണ് ലീഡ്‌സ് ആരാധകർ കടപ്പാട് പ്രഖ്യാപിച്ചത്.

ഈ സീസൺ പ്രീമിയർ ലീഗിൽ ക്ലബ്ബിന്റെ പ്രകടനം മോശമായതിനെ തുടർന്നാണ് ലീഡ്‌സ് ഫെബ്രുവരിയിൽ മാനേജർ മാഴ്‌സലോ ബിയൽസയെ പുറത്താക്കിയത്. 2020-ൽ ടീമിന് പ്രീമിയർ ലീഗിലേക്ക് പ്രമോഷൻ നേടിക്കൊടുക്കുകയും 2020-21 സീസണിൽ ലീഗ് ടേബിളിൽ ഒമ്പതാം സ്ഥാനത്തെത്തിക്കുകയും ചെയ്ത ബിയൽസക്ക് ഇതിഹാസതുല്യമായ ബഹുമാനമാണ് ആരാധകർ നൽകിയിരുന്നത്. എന്നാൽ, 2021-22 സീസണിൽ കളിക്കാരുടെ പരിക്കുകൾ കാരണം ആ മികവ് പുറത്തെടുക്കാൻ ടീമിന് കഴിയാതെ പോയി. ടീം തരംതാഴ്ത്തപ്പെടൽ ഭീഷണിയിലെത്തിയപ്പോഴാണ് മാനേജ്‌മെന്റ് നാലു വർഷം മുമ്പ് ചുമതലയേറ്റ ബിയൽസയോട് രാജിവെക്കാനാവശ്യപ്പെട്ടത്.

ബിയൽസയ്ക്കു പകരം വന്ന കോച്ച് ജെസ്സെ മാർഷിന്റെ കീഴിൽ ലീഡ്‌സിന്റെ പ്രകടനം മികച്ചതാണെങ്കിലും, ബിയൽസയെ പുറത്താക്കിയതിൽ ആരാധകർ തൃപ്തരല്ല എന്നാണ് അർജന്റീനയിലെ ദിനപത്രത്തിൽ വന്ന പരസ്യം നൽകുന്ന സൂചന. ബിയൽസയുടെ സ്വദേശമായ റൊസാരിയോയിൽ കൂടുതൽ സർക്കുലേഷനുള്ള 'ലാ ക്യാപിറ്റൽ' എന്ന പത്രത്തിലാണ് ശനിയാഴ്ച 'നന്ദി മാഴ്‌സലോ' (Thank You Marcelo) എന്ന് വലിയ അക്ഷരങ്ങളിൽ എഴുതിയ പരസ്യം പ്രത്യക്ഷപ്പെട്ടത്.

'2018 ഓഗസ്റ്റിലെ വെയിലത്ത്, ഞങ്ങൾക്ക് സാധ്യമാകുമെന്ന് വിചാരിച്ചിട്ടില്ലാത്ത ഫുട്‌ബോൾ കണ്ട് ഞങ്ങൾ അമ്പരന്നു നിന്നു. മനോഹരമായ ഫുട്‌ബോൾ സാധ്യമാണെന്ന് അങ്ങ് ഞങ്ങളെ ഓർമിപ്പിച്ചു.

'ഫുട്‌ബോളിനേക്കാൾ മഹത്തായ ചിലത് അങ്ങ് ഞങ്ങൾക്കു തന്നു. മഹാമാരിയുടെ കാലത്ത് അങ്ങ് ഞങ്ങളെ നയിക്കുകയും എല്ലാവരെയും ഒന്നിച്ചു നിർത്തുകയും ചെയ്തു.

'നല്ലകാലത്തായാലും മോശം കാലത്തായാലും മാന്യതയും വിശ്വാസ്യതയുമാണ് പ്രധാനമെന്ന് അങ്ങ് കാണിച്ചുതന്നു. അങ്ങ് ഞങ്ങളുടെ കണ്ണുനീർ ഉൾക്കൊണ്ടു. ഞങ്ങളുടെ നിരാശയെ പ്രതീക്ഷയാക്കി മാറ്റി. ഞങ്ങളുടെ ഫുട്‌ബോളർമാരെ ഹീറോമാരാക്കി.

'ഞങ്ങളുടെ അഭിമാനം അങ്ങ് വീണ്ടെടുത്തു തന്നു. ഒരു ജീവിതകാലത്തോളം നീണ്ടുനിൽക്കുന്ന അമൂല്യമായ ഓർമകൾ ഞങ്ങൾക്കു സമ്മാനിച്ചു.

'അതെല്ലാം മനോഹരമായിരുന്നു മാഴ്‌സലോ. അതെല്ലായ്‌പോഴും മനോഹരമായിരിക്കും. അങ്ങേയ്ക്കു നന്ദി...' - പരസ്യത്തിൽ പറയുന്നു.

തന്റെ തനത് ശൈലിയിലുള്ള അതിവേഗ ആക്രമണ ഫുട്‌ബോളാണ് മാഴ്‌സലോ ബിയൽസ ലീഡ്‌സ് യുനൈറ്റഡിൽ നടപ്പാക്കിയത്. ചുമതലയേറ്റ രണ്ടാം സീസണോടെ തന്നെ ടീമിന് പ്രമോഷൻ നൽകാനും അദ്ദേഹത്തിന് കഴിഞ്ഞു. ബിയൽസയുടെ വിട്ടുവീഴ്ചയില്ലാത്ത കഠിനമായ പരിശീലന രീതി കളിക്കാർക്ക് പരിക്കേൽക്കാനുള്ള സാധ്യത വർധിപ്പിച്ചുവെന്ന വിമർശനമുണ്ടായിരുന്നു. ബിയൽസയുടെ കീഴിൽ കളിക്കാർ ക്ഷീണിച്ചുവെന്ന് ജെസ്സെ മാർഷും കുറ്റപ്പെടുത്തി.

ലീഗിൽ ആറ് മത്സരം കൂടി ശേഷിക്കെ 33 പോയിന്റുമായി 16-ാം സ്ഥാനത്താണ് ലീഡ്‌സ് യുനൈറ്റഡ്. അവസാനംകളിച്ച നാല് മത്സരങ്ങളിൽ മൂന്ന് ജയവും ഒരു സമനിലയുമാണ് അവരുടെ സമ്പാദ്യം. മികച്ച ഫോമിലുള്ള അവർ അടുത്ത സീസണിലും ലീഗിലുണ്ടാകുമെന്നാണ് കരുതപ്പെടുന്നത്.

TAGS :

Next Story