മെസ്സിയെ ശരിക്ക് കാണാൻ സാധിച്ചില്ല;ക്ഷുഭിതരായി ആരാധകർ
കൊൽക്കത്തയിലെ സാൾട്ട്ലേക്ക് സ്റ്റേഡിയം സന്ദർശിക്കവെയാണ് സംഭവം

കൊൽക്കത്ത: ലയണൽ മെസിയുടെ ഇന്ത്യാ സന്ദർശനത്തിന്റെ ഭാഗമായി കൊൽക്കത്തയിലെ സാൾട്ട്ലേക്ക് സ്റ്റേഡിയത്തിൽ എത്തിയപ്പോൾ അക്രമാസക്തമായ സംഭവങ്ങൾക്കാണ് വേദയായത്. 12000 രൂപക്ക് ടിക്കറ്റെടുത്ത് മെസിയെ കാണാനായി എത്തിയ ആരാധകർക്ക് വളരെ കുറച്ച് സമയം മാത്രമാണ് താരത്തിനെ കാണാൻ സാധിച്ചത്. ഇതോടെയാണ് ആരാധകർ ക്ഷുഭിതരായത്.
ഇന്റർ മയാമിയിലെ സഹതാരങ്ങളായ ലൂയിസ് സുവാരസ്, ഡിപോൾ എന്നിവരോടൊപ്പമാണ് മെസ്സി ഇന്ത്യ സന്ദർശിക്കാനെത്തിയത്. കൊൽക്കത്തയിലെ സാൾട്ലേക്ക് സ്റ്റേഡിയത്തിൽ ആകെ 20 മിനിറ്റാണ് മെസ്സി ചിലവഴിച്ചത്. കൂടുതൽ സമയവും സെലിബ്രിറ്റികളുമായി സമയം ചെലവഴിക്കുകയും ആരാധകർക്ക് താരത്തെ കാണാൻ സാധിക്കാതിരിക്കുകയും ചെയ്തു. ഇതോടെ ആരാധകർ സ്റ്റേഡിയത്തിലേക്ക് കുപ്പികൾ എറിയുക അടക്കമുള്ള പ്രവൃത്തികളിലേക്ക് നീങ്ങുകയായിരുന്നു.
ഇന്ന് സാൾട്ലേക്ക് സ്റ്റേഡിയത്തിൽ നടന്ന സംഭവത്തെക്കുറിച്ച് എൻക്വയറി കമ്മറ്റി വിശദമായ അന്വേഷണം നടത്തും. ഭാവിയിൽ ഇത്തരം സംഭവങ്ങൾ ഒഴിവാക്കുന്നതിനുള്ള നടപടികളെടുക്കുമെന്നും ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി എക്സിൽ കുറിച്ചു. പരിപാടിയുടെ പ്രധാന സംഘാടകൻ അറസ്റ്റിലായതായി പൊലീസ് അറിയിച്ചു. കൂടുതൽ വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല. എന്നാൽ ഇതൊരു "സ്വകാര്യ പരിപാടി"യാണെന്നും ഇതിൽ പങ്കാളികളല്ലെന്നും ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ (AIFF) അറിയിച്ചു.
ലയണൽ മെസ്സി തന്റെ 'GOAT [Greatest Of All Time] ടൂർ' എന്ന പരിപാടിയുടെ ഭാഗമായാണ് ഇന്ത്യയിലെത്തിയത്. മൂന്ന് ദിവസത്തെ സന്ദർശനത്തിൽ കൊൽക്കത്ത, ഹൈദരാബാദ്, മുംബൈ, ന്യൂഡൽഹി എന്നീ നഗരങ്ങളിലാണ് അദ്ദേഹത്തിന് പരിപാടികളുള്ളത്. കൊൽക്കത്ത സന്ദർശിച്ച ശേഷം മെസ്സിഇപ്പോൾ ഹൈദരാബാദിലാണുള്ളത്
Adjust Story Font
16

