'ഇനി ഓഫ്‌സൈഡിൽ പാളിച്ചയുണ്ടാവില്ല'; ലോകകപ്പിൽ ത്രീഡി അവതാർ എഐ നടപ്പിലാക്കാൻ ഫിഫ
അവ്യക്തമായതോ അതിവേഗത്തിൽ വരുന്നതോ ആയ ചലനങ്ങളിൽ കളിക്കാരെ കൃത്യമായി ട്രാക്ക് ചെയ്‌തെടുക്കാനാകുമെന്നതാണ് പ്രധാന പ്രത്യേകത

ന്യൂയോർക്ക്: ഓഫ്സൈഡിന്റെ കാര്യത്തിൽ ഇനി ചെറിയൊരു പാളിച്ചകൾക്ക് പോലും സ്ഥാനമില്ല....ത്രീഡി അവതാർ എഐ സാങ്കേതിക വിദ്യ നടപ്പിലാക്കുന്നതിലൂടെ വരാനിരിക്കുന്ന ലോകകപ്പിൽ ഫിഫ ലക്ഷ്യമിടുന്നത് ഇതാണ്. നിർമിത ബുദ്ധി അഥവാ എഐയുടെ ഏറ്റവും ആധുനിക സംവിധാനങ്ങൾ ഉപയോഗപ്പെടുത്താനാണ് രാജ്യാന്തര ഫുട്ബോൾ ഫെഡറേഷൻ മാറ്റത്തിന് തയാറെടുക്കുന്നത്. നിലവിൽ നടപ്പിലാക്കിവരുന്ന സെമി-ഓട്ടോമേറ്റഡ് ഓഫ്സൈഡ് നിയമം പരിഷ്‌കരിക്കുകയാണ് ഇതുവഴി ഫിഫ ലക്ഷ്യമിടുന്നത്.
ലോക ഫുട്ബോളിന്റെ ഗവേണിങ് ബോഡിയുടെ ടെക്നോളജി പങ്കാളിയായ ലെനോവോയാണ് പുതിയ പരിഷ്‌കരണത്തിന് പിന്നിൽ. ലോകകപ്പിൽ പങ്കെടുക്കുന്ന മുഴുവൻ താരങ്ങളുടേയും എഐ തയാറാക്കിയാണ് ത്രീഡി അവതാർ നിർമിച്ചെടുക്കുന്നത്. ശരീരഭാഗ അളവുകൾ പകർത്തിയെടുത്ത് ഓരോ താരത്തേയും സ്‌കാൻ ചെയ്തെടുക്കാൻ ഒരുസെക്കന്റ് മാത്രം സമയം മതിയെന്നതാണ് പ്രധാന പ്രത്യേകത. ഈ സംവിധാനം ആവിഷ്‌കരിക്കുന്നിതിലൂടെ അവ്യക്തമായതോ അതിവേഗത്തിൽ വരുന്നതോ ആയ ചലനങ്ങളിൽ കളിക്കാരെ കൃത്യമായി ട്രാക്ക് ചെയ്തെടുക്കാനാകും. അതായത് ഓഫ്സൈഡുമായി ബന്ധപ്പെട്ട് നേരിയ വ്യത്യാസം പോലും ടെക്നോളജിയിൽ പതിയുമെന്നർത്ഥം.
നിലവിൽ നടപ്പിലാക്കിയ സെമി ഓട്ടോമേറ്റഡ് ഓഫ്സൈഡ് സാങ്കേതികവിദ്യയിലെ പ്രധാന അപ്ഡേഷനായാണ് ഫിഫ ഇതിനെ വിശേഷിപ്പിച്ചത്. സ്റ്റേഡിയത്തിലെത്തുന്ന ആരാധകർക്കും ടിവിയിലൂടെ കളികാണുന്നവർക്കുമെല്ലാം ഓഫ്സൈഡ് കോളുകളെകുറിച്ചുള്ള കൃത്യമായി മനസിലാക്കിയെടുക്കാനും ഇത് നടപ്പിലാക്കുന്നതിലൂടെ സാധിക്കുമെന്ന് രാജ്യാന്തര ഫുട്ബോൾ ഫെഡറേഷൻ അവകാശവാദം ഉന്നയിച്ചു.വീഡിയോ അസിസ്റ്റന്റ് റഫറി(വാർ) നിർണയിക്കുന്ന ഓഫ്സൈഡ് തീരുമാനങ്ങൾ ലോകമെമ്പാടുമുള്ള ആരാധകർക്ക് തൽസമയം കാണാനാകുമെന്നതാണ് മറ്റൊരു പ്രത്യേകത.
അതേസമയം, യുഎസ്,കാനഡ,മെക്സികോ എന്നിവിടങ്ങളിലായി നടക്കാനിരിക്കുന്ന ലോകകപ്പിൽ പങ്കെടുക്കുന്ന മുഴുവൻ ടീമുകൾക്കും ലെനോവോയുടെ ജനറേറ്റീവ് എഐ നോളജ് അസിസ്റ്റ് ആക്സസ് നൽകുമെന്നും ഫിഫ പ്രഖ്യാപിച്ചു. ഇതുവഴി ലക്ഷക്കണക്കിന് ഡാറ്റകളുടെ സഹയാത്തോടെ ഓരോ ടീമുകളുടേയും ടെക്സ്റ്റ്, വീഡിയോ, ഗ്രാഫിക്സ്, ത്രീഡി വിഷ്വൽ എന്നിവ ലഭ്യമാകും.എതിരാളികളുടെ ശക്തി-ദൗർബല്യങ്ങൾ മനസിലാക്കിയെടുക്കാനും സ്വന്തംടീമിൽ വരുത്തേണ്ട മാറ്റങ്ങളെ കുറിച്ച് വിശകലനം ചെയ്യാനും ഇതുവഴി തന്ത്രങ്ങൾ രൂപപ്പെടുത്താനും ടീമുകൾക്ക് സാധിക്കും.
Adjust Story Font
16

