Quantcast

റോഡ്രിയില്ലാതെ ലോക ഇലവൻ ; ഫിഫ ടീം പ്രഖ്യാപനം പാളിയോ, കാരണമിതാണ്

കഴിഞ്ഞ വർഷം ക്ലബിനും ദേശീയ ടീമിനുമായി അവിശ്വസിനീയ പ്രകടനം നടത്തിയിട്ടും ലോക ഇലവനിലേക്ക് പരിഗണിക്കാതായതോടെ അവാർഡ് നിർണയത്തിലെ മാനദണ്ഡങ്ങൾ ചോദ്യം ചെയ്യപ്പെടുകയാണ്.

MediaOne Logo

Web Desk

  • Published:

    17 Jan 2024 10:45 AM GMT

റോഡ്രിയില്ലാതെ ലോക ഇലവൻ ; ഫിഫ ടീം പ്രഖ്യാപനം പാളിയോ, കാരണമിതാണ്
X

ലണ്ടൻ: ഫിഫ ലോക ഇലവൻ ടീം പ്രഖ്യാപനത്തിന് പിന്നാലെ ഒരു താരത്തിന്റെ അസാന്നിധ്യം ചർച്ചയായിരുന്നു. വർത്തമാന കാലത്തെ ഏറ്റവും മികച്ച ഡിഫൻസീവ് മിഡ്ഫീൽഡർ റോഡ്രിഗോയ്ക്ക് ഇടമില്ലാത്തതാണ് ആരാധകരെ ഞെട്ടിച്ചത്. കഴിഞ്ഞ വർഷം ക്ലബിനും ദേശീയ ടീമിനുമായി അവിശ്വസിനീയ പ്രകടനം നടത്തിയിട്ടും ലോക ഇലവനിലേക്ക് പരിഗണിക്കാതായതോടെ അവാർഡ് നിർണയത്തിലെ മാനദണ്ഡങ്ങൾ ചോദ്യം ചെയ്യപ്പെടുകയാണ്.

കഴിഞ്ഞ വർഷം രാജ്യത്തിനും ക്ലബിനുമായി 67 മത്സരങ്ങൾ കളിച്ച 27കാരൻ ആറ് മേജർ കിരീടമാണ് സ്വന്തമാക്കിയത്. റോഡ്രി കളിച്ച നാല് മത്സരത്തിൽ മാത്രമാണ് ടീം തോൽവി നേരിട്ടത്. ഇത് കൂടാതെ ചാമ്പ്യൻസ് ലീഗ് ഫൈനലിലെ മാൻ ഓഫ് ദി മാച്ച്, ചാമ്പ്യൻസ് ലീഗ് പ്ലെയർ ഓഫ് ദി സീസൺ, ഫിഫ ക്ലബ് ലോകകപ്പിലെ ടൂർണമെന്റിലെ താരം, യുവേഫ നേഷൺസ് ലീഗ് ഫൈനലിലെ താരം എന്നിവയെല്ലാം സ്പാനിഷ് താരത്തിന്റെ തിളക്കം കൂട്ടുന്നതായി. സിറ്റിക്കൊപ്പം പ്രീമിയർലീഗ്, ചാമ്പ്യൻസ് ലീഗ്, ക്ലബ് ലോകകപ്പ് ഉൾപ്പെടെ ഒരുകലണ്ടർ വർഷം എല്ലാ കിരീടവും നേടി. ഫൈനലിലുൾപ്പെടെ നിർണായക ഗോൾ കണ്ടെത്തി. സ്‌പെയിനിനെ യുവേഫ നേഷൺസ് ലീഗ് ചാമ്പ്യനാക്കുന്നതിലും നിർണായക പ്രകടനം പുറത്തെടുത്തു. ബാലൻ ദി ഓർ മത്സരത്തിൽ അഞ്ചാം സ്ഥാനത്തെത്തുകയും ചെയ്തിരുന്നു.

എന്നാൽ ഫിഫ പ്രഖ്യാപനത്തിൽ ഇതൊന്നും പരിഗണനാ വിഷയമായില്ല. ഫിഫയുടെ അവാർഡ് രീതികൾ ചോദ്യം ചെയ്യപ്പെടുന്നതും ഇവിടെയാണ്. 25000 വരുന്ന പ്രൊഫഷണൽ ഫുട്‌ബോൾ താരങ്ങളാണ് ലോക ഇലവനെ തെരഞ്ഞെടുക്കുന്നത്. ഡിഫൻഡർ, മധ്യനിര, മുന്നേറ്റനിര തുടങ്ങി കാറ്റഗറിയിൽ മൂന്ന് പേരെയാണ് സെലക്ട് ചെയ്യുക. കൂടുതൽ വോട്ട് ക്രമത്തിൽ ടീം തെരഞ്ഞെടുക്കും. എന്നാൽ കളിക്കളത്തിലെ മെറിറ്റിന് പകരം വ്യക്തി താൽപര്യങ്ങൾ അവാർഡ് നിർണയത്തിൽ സ്വാധീനം ചെലുത്തിയെന്നാണ് ആരോപണം.

മാഞ്ചസ്റ്റർ സിറ്റിയിലെ ബെർണാഡോ സിൽവ, ജോൺ സ്‌റ്റോൺസ്, കെവിൻ ഡിബ്രുയിനെ, കെയിൽ വാക്കർ എന്നിവരെല്ലാം ഫിഫ ഇലവനിലുണ്ട്. കഴിഞ്ഞ വർഷം പ്രധാന കിരീടങ്ങളെല്ലാം നേടിയ ക്ലബിൽ നിന്ന് ഭൂരിഭാഗം പേരും സ്ഥാനം പിടിക്കുക സ്വാഭാവികമാണ്. എന്നാൽ സെകക്ഷൻ രീതിയിൽ ലോകത്തെ ഏറ്റവും മികച്ച ഡിഫൻസീവ് മിഡ്ഫീൽഡർ തഴയപ്പെട്ടതെങ്ങനെയെന്നതിൽ ഫുട്‌ബോൾ ലോകത്തിനും ഉത്തരമില്ല.

TAGS :

Next Story