ബാഴ്‌സ അഴിമതിക്കേസില്‍ കടുപ്പിച്ച് റയൽ; പ്രസിഡന്‍റ് പെരെസ് എൽക്ലോസിക്കോ കാണാനെത്തില്ല

20 വർഷത്തിനിടെ ക്യാംപ്നൗവിൽ നടക്കുന്ന എൽക്ലാസിക്കോ പോരാട്ടം കാണാൻ ഫ്‌ളോറന്റിനോ പെരെസ് എത്താതിരിക്കുന്നത് ഇതാദ്യമായാകും

MediaOne Logo

Web Desk

  • Updated:

    2023-03-19 16:19:42.0

Published:

19 March 2023 4:19 PM GMT

RealMadridpresidentFlorentinoPereztoboycottElClasico, RealMadridpresidentPerezwillnotattendElClasico, RealMadridvsBarcelona, ElClasico2023, Barcelonacorruptioncase
X

മാഡ്രിഡ്: ലാ ലിഗയിൽ ഇന്നു നടക്കുന്ന എൽക്ലാസിക്കോ പോരാട്ടം കാണാൻ റയൽ മാഡ്രിഡ് പ്രസിഡന്റ് ഫ്‌ളോറന്റിനോ പെരെസ് എത്തില്ല. ബാഴ്‌സലോണയ്‌ക്കെതിരായ അഴിമതി ആരോപണങ്ങൾക്കു പിന്നാലെയാണ് റയൽ മാനേജ്‌മെന്റിന്റെ നീക്കം. വാർത്താ ഏജൻസിയായ 'എ.എഫ്.പി' ബാഴ്‌സ വൃത്തങ്ങളെ ഉദ്ധരിച്ചാണ് വാർത്ത പുറത്തുവിട്ടത്.

ക്യാംപ് നൗവിൽ പുലർച്ചെ 1.30നാണ് റയൽ മാഡ്രിഡ്-ബാഴ്‌സലോണ മത്സരം. കഴിഞ്ഞ 20 വർഷത്തിനിടെ ഇതാദ്യമായായിരിക്കും ക്യാംപ്നൗവിൽ നടക്കുന്ന എൽക്ലാസിക്കോ പോരാട്ടം കാണാൻ പെരെസ് എത്താതിരിക്കുന്നത്. എൽക്ലാസിക്കോ പോരാട്ടങ്ങൾക്കുമുൻപ് സാധാരണ നടക്കാറുള്ള ക്ലബ് ഡയരക്ടർമാരുടെ വിരുന്നും റയൽ ബഹിഷ്‌ക്കരിക്കുമെന്നാണ് അറിയുന്നത്. ബാഴ്‌സയ്‌ക്കെതിരായ അഴിമതിക്കേസിന്റെ ഭാഗമാകുമെന്ന് റയൽ മാനേജ്‌മെന്റ് നേരത്തെ വ്യക്തമാക്കിയിരുന്നു.

സ്പാനിഷ് ഫുട്‌ബോൾ റഫറി കമ്മിറ്റി വൈസ് പ്രസിഡന്റ് ജോസ് മരിയ എന്റിക്വസിന് ബാഴ്‌സ കോഴ നൽകിയെന്നാണ് ബാഴ്‌സയ്‌ക്കെതിരെ ഉയർന്ന ആരോപണം. 73 ലക്ഷം യൂറോ(ഏകദേശം 64 കോടി രൂപ)യാണ് ബാഴ്‌സയിൽനിന്ന് ജോസ് മരിയ സ്വീകരിച്ചതെന്നാണ് പരാതിയുള്ളത്. 2001നും 2018നും ഇടയിലാണ് സംഭവം.

അഴിമതി ആരോപണങ്ങൾക്കു പിന്നാലെ ഇതാദ്യമായാണ് ഇരുടീമുകളും നേർക്കുനേർ വരുന്നത്. ഇന്ന് പെരെസ് അടിയന്തര ബോർഡ് യോഗം വിളിച്ചതായി 'ദ അത്‌ലെറ്റിക്' റിപ്പോർട്ട് ചെയ്തു. എന്നാൽ, വിഷയത്തിൽ റയൽ ഇതുവരെ പരസ്യമായി പ്രതികരിച്ചിട്ടില്ല. വിവാദവുമായി ബന്ധപ്പെട്ട ചോദ്യങ്ങളിൽനിന്ന് കോച്ച് കാർലോ ആൻസെലോട്ടി ഒഴിഞ്ഞുമാറുകയും ചെയ്തിരുന്നു.

Summary: Real Madrid president Florentino Perez will not attend today's El Clasico between FC Barcelona and his club

TAGS :

Next Story