Quantcast

വെയ്ൽസ് ഫുട്‌ബോൾ ഇതിഹാസം ഗാരെത് ബെയ്ൽ വിരമിച്ചു

വെയിൽസിനായി ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച താരമാണ് ബെയ്ൽ. ക്ലബ്ബിനും രാജ്യത്തിനുമായി ആകെ 664 മത്സരങ്ങൾ കളിച്ച ബെയ്ൽ 226 ഗോളുകൾ നേടിയിട്ടുണ്ട്.

MediaOne Logo

Web Desk

  • Updated:

    2023-01-10 04:59:27.0

Published:

10 Jan 2023 3:07 AM GMT

വെയ്ൽസ് ഫുട്‌ബോൾ ഇതിഹാസം ഗാരെത് ബെയ്ൽ വിരമിച്ചു
X

ലോസ് ആഞ്ചൽസ്: വെയ്ൽസിന്റെ ഇതിഹാസ ഫുട്‌ബോൾ താരം ഗാരെത് ബെയ്ൽ ഫുട്‌ബോളിൽനിന്ന് വിരമിച്ചു. നിലവിൽ ലോസ് ആഞ്ചൽസ് ഗ്യാലക്‌സിക്ക് വേണ്ടിയാണ് 33 കാരനായ താരം കളിക്കുന്നത്. വെയിൽസിനായി ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച താരമാണ് ബെയ്ൽ. ക്ലബ്ബിനും രാജ്യത്തിനുമായി ആകെ 664 മത്സരങ്ങൾ കളിച്ച ബെയ്ൽ 226 ഗോളുകൾ നേടിയിട്ടുണ്ട്.

2006 ഏപ്രിൽ 17ന് സതാംപ്ടണ് വേണ്ടിയാണ് ബെയ്ൽ ക്ലബ്ബ് ഫുട്‌ബോളിൽ അരങ്ങേറിയത്. സതാംപ്ടണ് വേണ്ടി 40 മത്സരങ്ങളിൽനിന്നായി അഞ്ച് ഗോളുകൾ നേടി. പിന്നീട് ടോട്ടനത്തിലേക്ക് ചേക്കേറി. ടോട്ടനത്തിനായി നടത്തിയ മികച്ച പ്രകടനമാണ് ബെയ്‌ലിന് സ്പാനിഷ് വമ്പൻമാരായ റയലിലേക്ക് വഴി തുറന്നത്. ടോട്ടനത്തിനായി 146 മത്സരങ്ങളിൽ ബൂട്ട് കെട്ടിയ ബെയ്ൽ 42 ഗോളുകൾ നേടി.

100 മില്യൻ യൂറോക്കാണ് ബെയ്‌ലിനെ റയൽ സ്വന്തമാക്കിയത്. 100 മില്യൻ യൂറോക്ക് ഒരു ടീം സ്വന്തമാക്കുന്ന ആദ്യ താരമായിരുന്നു ബെയ്ൽ. 2013ൽ റയലിലെത്തിയ താരം 2022 വരെ അവിടെ തുടർന്നു. റയലിനായി 176 മത്സരങ്ങളിൽനിന്ന് 81 ഗോളുകളാണ് താരം നേടിയത്.

വെയ്ൽസിനായി 111 മത്സരങ്ങളിൽ കളത്തിലിറങ്ങിയ ബെയ്ൽ 41 ഗോളുകൾ നേടിയിട്ടുണ്ട്. 2016, 2020 യൂറോ കപ്പുകളിലും 2022 ലോകകപ്പിലും വെയ്ൽസിന്റെ നായകനും ബെയ്ൽ ആയിരുന്നു. 1958ന് ശേഷം വെയ്ൽസിനെ ലോകകപ്പിലേക്ക് നയിച്ച നായകൻ കൂടിയാണ് ബെയ്ൽ.

ജീവിതത്തിലെയും കരിയറിലെയും ഏറ്റവും പ്രയാസകരമായ തീരുമാനമാണ് ഇതെന്ന് വിരമിക്കൽ പ്രഖ്യാപനത്തിൽ ബെയ്ൽ പറഞ്ഞു. ഫുട്‌ബോളറാവുക എന്ന സ്വപ്‌നം യാഥാർഥ്യമായതിൽ സന്തോഷമുണ്ടെന്ന് പറഞ്ഞ താരം സതാംപ്ടൺ മുതൽ അവസാനം കളിച്ച ലോസ് ആഞ്ചൽസ് വരെയുള്ള എല്ലാ ക്ലബ്ബുകൾക്കും നന്ദി അറിയിച്ചു.

TAGS :

Next Story