Quantcast

ജർമനിയെ വീണ്ടും നാണംകെടുത്തി ജപ്പാൻ; 4-1ന് തകർപ്പൻ ജയം

പ്രതിരോധനിര പൂർണമായി പരാജയപ്പെട്ട മത്സരത്തിൽ ഗോൾ കീപ്പർ ടെർ സ്റ്റെഗന്റെ മികവാണ് ജർമനിയെ ഇതിലും വലിയ നാണക്കേടിൽനിന്ന് രക്ഷിച്ചത്.

MediaOne Logo

Web Desk

  • Published:

    10 Sept 2023 9:18 AM IST

Germany beaten 4-1 by Japan in friendly
X

ഖത്തർ ലോകകപ്പിന്റെ ഗ്രൂപ്പ് ഘട്ടത്തിൽ ജർമനിയെ 2-1ന് തോൽപ്പിച്ച ജപ്പാൻ സൗഹൃദ മത്സരത്തിലും അവരെ നാണംകെടുത്തി. ഒന്നിനെതിരെ നാലു ഗോളുകൾക്കാണ് ഏഷ്യക്കാർ ജർമനിയെ തകർത്തത്. പന്ത് കൈവശം വെക്കുന്നതിൽ മുന്നിട്ടു നിന്നത് ജർമനിയാണെങ്കിലും ഗോളവസരങ്ങൾ ഉണ്ടാക്കിയത് ജപ്പാനായിരുന്നു. മത്സരത്തിൽ ജപ്പാൻ ഉതിർത്ത 14 ഷോട്ടുകളിൽ 11 എണ്ണവും ഷോട്ട് ഓൺ ടാർഗറ്റ് ആയിരുന്നു.

മത്സരത്തിന്റെ 11-ാം മിനിറ്റിൽ തന്നെ ജുൻയ ഇറ്റോ ജപ്പാനെ മുന്നിലെത്തിച്ചു. 19-ാം മിനിറ്റിൽ മനോഹരമായ ഒരു ഗോളിലൂടെ ലീറോയ് സാനെ ജർമനിയെ ഒപ്പമെത്തിച്ചു. വിർറ്റ്‌സിന്റെ പാസിൽനിന്നായിരുന്നു സാനെയുടെ ഗോൾ. മൂന്ന് മിനിറ്റിനുള്ളിൽ ഇറ്റോയുടെ പാസിൽനിന്ന് മുന്നേറ്റനിര താരം അയസെ ഉയെഡെ ജപ്പാനെ മുന്നിലെത്തിച്ചു. ഉയെഡയുടെ ആദ്യ പകുതിയിലെ മികച്ച രണ്ട് ശ്രമങ്ങൾ ജർമൻ ഗോൾ കീപ്പർ ടെർ സ്റ്റെഗൻ കഷ്ടിച്ചാണ് രക്ഷപ്പെടുത്തിയത്.

രണ്ടാം പകുതിയിൽ 90-ാം മിനിറ്റിൽ കൗണ്ടർ അറ്റാക്കിൽ പകരക്കാരനായി ഇറങ്ങിയ കുബോയുടെ പാസിൽനിന്ന് മറ്റൊരു പകരക്കാരനായ ടാകുമോ അസാനോ ആണ് ജപ്പാന്റെ മൂന്നാം ഗോൾ നേടിയത്. രണ്ട് മിനിറ്റിനുള്ളിൽ കുബോയുടെ ക്രോസിൽനിന്ന് വേറൊരു പകരക്കാരൻ ടനാക ഹെഡറിലൂടെ ഗോൾ നേടിയതിലൂടെ ജർമൻ പരാജയം പൂർത്തിയായി.

TAGS :

Next Story