Quantcast

''ഷിബി, ജംഷീർ ഇത് നിങ്ങൾക്കുള്ളതാണ്...''; കിരീടനേട്ടത്തിലും പ്രിയപ്പെട്ടവരുടെ കണ്ണീരോര്‍മയില്‍ റബീഹ്

ഹൈദരാബാദ് എഫ്.സി താരം റബീഹിന്റെ പിതൃസഹോദര പുത്രൻ ഷിബിലും കൂട്ടുകാരൻ ജംഷീറുമാണ് ഗോവയിലേക്കുള്ള യാത്രാമധ്യേ അപകടത്തിൽ മരിച്ചത്. റബീഹ് നൽകിയ ടിക്കറ്റുമായി അവന്റെ തന്നെ ബുള്ളറ്റുമെടുത്താണ് ഷിബിൽ കൂട്ടുകാർക്കൊപ്പം ഗോവയിലേക്ക് തിരിച്ചത്

MediaOne Logo

Web Desk

  • Updated:

    2022-03-21 14:35:13.0

Published:

21 March 2022 2:29 PM GMT

ഷിബി, ജംഷീർ ഇത് നിങ്ങൾക്കുള്ളതാണ്...; കിരീടനേട്ടത്തിലും പ്രിയപ്പെട്ടവരുടെ കണ്ണീരോര്‍മയില്‍ റബീഹ്
X

ഐ.എസ്.എല്ലിൽ കന്നിക്കിരീടം നേടിയ സന്തോഷം ഹൈദരാബാദ് എഫ്.സിയുടെ മലയാളി താരം അബ്ദുൽ റബീഹിനെ ഇനിയും ബാധിച്ചിട്ടില്ല. സ്വന്തം ടീമും സ്വന്തം നാടിന്റെ ടീമും ഏറ്റുമുട്ടുന്ന അപൂർവകാഴ്ച കാണാൻ താൻ വിളിച്ചുവരുത്തിയ പ്രിയ സുഹൃത്തുക്കൾ യാത്രാമധ്യേ മരണത്തിനു കീഴടങ്ങിയ നടുക്കത്തിലാണ് ഇപ്പോഴും റബീഹ്. ടീമിന്റെ കിരീടാഘോഷങ്ങളിൽനിന്നെല്ലാം വിട്ടുനിന്ന താരം ഒടുവിൽ പ്രിയസുഹൃത്തുക്കൾക്കു വേണ്ടി സ്വന്തം ജഴ്‌സി സമർപ്പിച്ചാണ് ഈ അപൂർവനിമിഷത്തിന്റെ ഭാഗമായത്.

ഐ.എസ്.എൽ ഫൈനൽ കാണാൻ ഗോവയിലേക്ക് തിരിച്ച മലപ്പുറം ഒതുക്കുങ്ങൾ സ്വദേശികളായ ജംഷീറും(22) മുഹമ്മദ് ഷിബിലു(20)മാണ് വാഹനാപകടത്തിൽ മരിച്ചത്. ഇന്നലെ രാവിലെ കാസർകോട് ഉദുമ പള്ളത്തായിരുന്നു അപകടം. ഇവർ സഞ്ചരിച്ച ബൈക്കിൽ മീൻലോറി ഇടിക്കുകയായിരുന്നു. അപകടസ്ഥലത്തുവച്ചുതന്നെ ഇരുവരും മരണപ്പെട്ടു.

മരിച്ച ഷിബിൽ ഹൈദരാബാദ് എഫ്.സി താരം റബീഹിന്റെ പിതൃസഹോദര പുത്രനും ജംഷീർ കൂട്ടുകാരനുമാണ്. നാട്ടുകാരായ അഞ്ചുപേർ കാറിലും ഗോവയിലേക്ക് പുറപ്പെട്ടിരുന്നു.

റബീഹ് നൽകിയ ടിക്കറ്റിൽ, അവന്റെ തന്നെ ബുള്ളറ്റിൽ

റബീഹ് തന്നെയായിരുന്നു കൂട്ടുകാർക്കെല്ലാം ടിക്കറ്റ് സംഘടിപ്പിച്ചുനൽകിയത്. എന്നാൽ, വിധി ഇങ്ങനെയാകുമെന്ന് റബീഹ് മാത്രമല്ല ആരും കരുതിയില്ല.

റബീഹ് നൽകിയ ടിക്കറ്റുമായി അവന്റെ തന്നെ ബുള്ളറ്റുമെടുത്താണ് ഷിബിൽ കൂട്ടുകാർക്കൊപ്പം ഗോവയിലേക്ക് തിരിച്ചത്. റബീഹിന്റെ നാടായ ഒതുക്കുങ്ങൽ ചെറുകുന്നിലെ കല്യാണ വീട്ടിൽനിന്ന് ഭക്ഷണം കഴിച്ചാണ് സംഘം പുറപ്പെട്ടത്. പക്ഷെ, കാസർകോട്ട് ഷിബിലും ജംഷീറും സഞ്ചരിച്ച ബൈക്ക് അപകടത്തിൽപ്പെടുകയായിരുന്നു. ഷിബിലായിരുന്നു ബൈക്ക് ഓടിച്ചിരുന്നത്.

അധികം വൈകാതെ തന്നെ പ്രിയപ്പെട്ടവരുടെ മരണവിവരം റബീഹും അറിഞ്ഞു. ഫൈനലിനു നിൽക്കാതെ ഉടൻ നാട്ടിലേക്ക് തിരിക്കാനായിരുന്നു ആലോചിച്ചത്. എന്നാൽ, വിമാനടിക്കറ്റ് ലഭിക്കാത്തതിനാൽ അത് മാറ്റിവച്ച് ഇന്ന് പുറപ്പെടുകയായിരുന്നു. ഹൃദയഭേദകമായ വാർത്ത അറിഞ്ഞതോടെ കളിക്കാനോ കളി കാണാനോ നിൽക്കാനുള്ള മാനസികാവസ്ഥയിലായിരുന്നില്ല താരം. ഒടുവിൽ നാട്ടുകാരെ തോൽപിച്ച് സ്വന്തം ടീം കന്നിക്കിരീടം ചൂടുമ്പോൾ ആഘോഷത്തിമിർപ്പുകൾക്കുള്ളിൽ റബീഹുണ്ടായിരുന്നില്ല.

ആരവങ്ങൾ അടങ്ങിയ ശേഷം കിരീടത്തിനൊപ്പം സ്വന്തം ജഴ്‌സികളിൽ ഷിബിലിന്റെയും ജംഷീറിന്റെയും പേരെഴുതി ഫോട്ടോക്ക് പോസ് ചെയ്തു. അതിന്റെ ചിത്രം ട്വിറ്ററിൽ പങ്കുവയ്ക്കുകയും ചെയ്തു. ''ഷിബിൽ, ജംഷീർ... ഇത് നിങ്ങൾ രണ്ടുപേർക്കുമാണ്... ദൈവം നിങ്ങൾ രണ്ടുപേർക്കും സ്വർഗത്തിൽ വീടൊരുക്കിത്തരട്ടെ...'' ഫോട്ടോയ്ക്ക് അടിക്കുറിപ്പായി റബീഹ് കുറിച്ചു.

Summary: Hyderabad FC star Abdul Rabeeh pays tribute to his cousin and friend who lost their life in road mishap on way to Goa to watch ISL final

TAGS :

Next Story