Quantcast

വയസ്സ് 40 കഴിഞ്ഞു, വിരമിക്കാറായില്ലേ? ഇബ്രാഹിമോവിച്ചിന് പറയാനുള്ളത്

'30 വയസ്സ് കഴിഞ്ഞപ്പോൾ, വേദന പോകുന്നില്ലെന്നും ശരീരത്തിനുള്ളിൽ അത് സ്ഥാനം മാറിക്കളിക്കുകയാണെന്നും ഞാൻ തിരിച്ചറിഞ്ഞിരുന്നു. ഇപ്പോൾ എവിടെ പോകുമ്പോഴും ഫിസിയോ കൂടെയുണ്ടാകും...'

MediaOne Logo

Web Desk

  • Updated:

    2022-08-29 09:32:56.0

Published:

9 Nov 2021 8:21 AM GMT

വയസ്സ് 40 കഴിഞ്ഞു, വിരമിക്കാറായില്ലേ? ഇബ്രാഹിമോവിച്ചിന് പറയാനുള്ളത്
X

സ്ലാറ്റൻ ഇബ്രാഹിമോവിച്ചിന് കഴിഞ്ഞ ഒക്ടോബർ മൂന്നിന് പ്രായം 40 കഴിഞ്ഞു. കായികാധ്വാനമുള്ള സ്‌പോർട്‌സ് താരങ്ങൾ വിരമിച്ച് വീട്ടിലിരിക്കുന്ന പ്രായം. എന്നാൽ സ്വയം ഒരു സൂപ്പർ ഹീറോ ആയി കാണുന്ന സ്ലാറ്റനെ സംബന്ധിച്ചിടത്തോളം കാര്യങ്ങൾ വ്യത്യസ്തമാണ്. ജീവിതത്തിന്റെ നാല് ദശാബ്ദങ്ങൾ പിന്നിടുകയും, പരിക്കുകളും വേദനകളും വിടാതെ പിന്തുടരുകയും ചെയ്യുമ്പോഴും പ്രൊഫഷണൽ ഫുട്‌ബോളിൽ നിന്ന് ബൂട്ടഴിക്കുന്നതിനെപ്പറ്റി ആലോചിക്കുന്നില്ലെന്നാണ് സീരി എയിൽ ഇന്റർ മിലാനു വേണ്ടി കളിക്കുന്ന സ്വീഡിഷ് താരം പറയുന്നത്.

2020-ൽ എ.സി മിലാനിൽ തിരികെയെത്തിയ ശേഷം 54 മത്സരങ്ങളിലാണ് സ്ലാറ്റൻ ഇറങ്ങിയത്. 30 ഗോൾ നേടുകയും ഒൻപതെണ്ണത്തിന് വഴിയൊരുക്കുകയും ചെയ്തു. പക്ഷേ, പരിക്കു കാരണം 2020-21 സീസണിന്റെ രണ്ടാം പകുതി താരത്തിന് നഷ്ടമായി. മാത്രവുമല്ല, യൂറോ കപ്പിൽ സ്വീഡനു വേണ്ടി കളിക്കാനും താരത്തിനായില്ല.

എന്നാൽ പരിക്കുമാറി തിരിച്ചെത്തിയ താരം മികച്ച ഫോമിലാണ്. ഈ സീസണിൽ കളിച്ച എട്ട് കളിയിൽ നിന്ന് മൂന്നുതവണ വലകുലുക്കി. ബൊലോന്യക്കെതിരായ ലീഗ് ഗോളോടെ സീരി എയിൽ 40-ാം ജന്മദിനത്തിനു ശേഷം ഗോളടിക്കുന്ന നാലാമത്തെ മാത്രം താരമായി മാറുകയും ചെയ്തു. ഇതേ ഗോളോടെ ലീഗിൽ 400 ഗോളെന്ന നാഴികക്കല്ലും സ്ലാറ്റൻ പിന്നിട്ടു.



കൂടെക്കൂടെ പരിക്കുകൾ പിടികൂടുന്നുണ്ടെങ്കിലും വിരമിക്കുന്നതിനെപ്പറ്റി ചിന്തിക്കാൻ സമയമായിട്ടില്ലെന്നാണ് യുവന്റസ്, ബാഴ്‌സലോണ, പി.എസ്.ജി, ഇന്റർ മിലാൻ, മാഞ്ചസ്റ്റർ യുനൈറ്റഡ് തുടങ്ങിയ വൻകിട ക്ലബ്ബുകൾക്കെല്ലാം കളിച്ചിട്ടുള്ള സ്ലാറ്റൻ പറയുന്നത്.

'കഴിഞ്ഞ സീസണിൽ, സാധാരണ ഉണ്ടാകാറുള്ളതിനേക്കാൾ കൂടുതൽ പരിക്ക് എന്നെ പിടികൂടി. ചെറിയ വേദനകൾ ഉണ്ടാകുമ്പോൾ അത് കാര്യമായെടുക്കാത്തതു കൊണ്ടായിരുന്നു അതെന്നാണ് ഞാൻ കരുതുന്നത്. അതിൽ നിന്നെല്ലാം ഞാൻ മുക്തനായിക്കഴിഞ്ഞു. അതാണ് എന്റെ മെന്റാലിറ്റി. 200 ശതമാനവും സമർപ്പിക്കുന്ന ആളാണ് ഞാൻ.' - ഇബ്രാഹിമോവിച്ച് പറയുന്നു.

'30 വയസ്സ് കഴിഞ്ഞപ്പോൾ, വേദന പോകുന്നില്ലെന്നും ശരീരത്തിനുള്ളിൽ അത് സ്ഥാനം മാറിക്കളിക്കുകയാണെന്നും ഞാൻ തിരിച്ചറിഞ്ഞിരുന്നു. ഇറ്റലിയിൽ ഞാൻ എവിടെ പോകുമ്പോഴും ഒരു ഫിസിയോ കൂടെയുണ്ട് എന്നതാണ് ഇപ്പോഴത്തെ ഒരു വ്യത്യാസം. എന്തെങ്കിലും കുഴപ്പം തോന്നിയാൽ അപ്പോൾ തന്നെ ചികിത്സ തേടും.'

'എപ്പോഴും കളിക്കണമെന്നു തന്നെ ആയിരിക്കുമല്ലോ നമ്മുടെ ആഗ്രഹം. പരിക്കുകളെ കൂടി കണക്കിലെടുത്തു വേണം പദ്ധതികൾ തയാറാക്കുന്നത്. ഓരോ ദിനത്തിലും പുതിയ ഓരോ കാര്യങ്ങൾ നമ്മൾ പഠിക്കും. ഓരോ ദിവസം കഴിയുമ്പോഴും ശരീരം മെച്ചപ്പെട്ടു വരികയാണെന്നാണ് എനിക്ക് തോന്നുന്നത്. എങ്കിലും, ശരീരത്തിന് പ്രായമാവുകയാണ്, എന്റെ ശരീരത്തിന് പ്രായം കുറയുകയും ഞാൻ കൂടുതൽ സുന്ദരനാവുകയും ചെയ്യുന്നുണ്ടെങ്കിലും.'

'വിരമിക്കുന്നതിനെപ്പറ്റി ഞാൻ ആലോചിച്ചിട്ടില്ല. കഴിയുന്നത്ര കാലം കളിക്കളത്തിൽ തുടരണമെന്നാണ് തീരുമാനം. അതിനാൽ തന്നെ എപ്പോഴാവും അവസാനം എന്ന് ചിന്തിച്ചിട്ടില്ല. വിരമിച്ച ശേഷം, ഇനിയും കളിക്കാമായിരുന്നല്ലോ എന്നു ചിന്തിച്ച് ദുഃഖിക്കുന്ന ആളുകളെ പോലെയാവാൻ ഞാൻ തയാറല്ല.' - സ്ലാറ്റൻ പറഞ്ഞു.

2016-ൽ സ്വീഡൻ ദേശീയ ടീമിൽ നിന്ന് വിരമിച്ച ഇബ്രാഹിമോവിച്ച് ഇക്കഴിഞ്ഞ മാർച്ചിൽ തിരിച്ചുവരവ് നടത്തിയിരുന്നു. താരത്തിന്റെ ആരോഗ്യം മികച്ചതാണെന്നും ഇനിയും അദ്ദേഹത്തെ കളിപ്പിക്കാനെന്നാണ് താൻ കരുതുന്നതെന്നും സ്വീഡൻ കോച്ച് യാനെ ആന്റേഴ്‌സൺ പറയുന്നു. ലോകകപ്പ് യോഗ്യതാ റൗണ്ടിൽ വ്യാഴാഴ്ച ഗ്രീസിനെ നേരിടുന്ന സ്വീഡിഷ് ടീമിൽ സ്ലാറ്റൻ കളിക്കുമെന്നാണ് സൂചന. ഗ്രീസിനെതിരായ മത്സരം ജയിച്ചാൽ, മൂന്നു ദിവസത്തിനു ശേഷം നടക്കുന്ന സ്‌പെയിനിനെതിരായ അവസാന മത്സരത്തിൽ സമനില മതിയാവും സ്വീഡന് ഖത്തർ ലോകകപ്പിന് യോഗ്യത നേടാൻ.

TAGS :

Next Story