വിപിൻ മോഹനന് ഹാട്രിക്, ഐമന് ഡബിൾ; ബ്രൂണെക്കെതിരെ ഇന്ത്യക്ക് തകർപ്പൻ ജയം, 6-0
കളിയുടെ ആദ്യ പത്തുമിനിറ്റിൽ തന്നെ ബ്ലാസ്‌റ്റേഴ്‌സ് താരം ഇന്ത്യക്കായി രണ്ട് ഗോൾ നേടി

ദോഹ: എഎഫ്‌സി ഏഷ്യൻ കപ്പ് യോഗ്യതാ മത്സരത്തിൽ ഇന്ത്യക്ക് തകർപ്പൻ ജയം. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ എതിരില്ലാത്ത ആറു ഗോളിന് ബ്രൂണെയെയാണ് തകർത്തുവിട്ടത്. കേരള ബ്ലാസ്‌റ്റേഴ്‌സ് മലയാളി താരം വിപിൻ മോഹനൻ ഹാട്രിക്കുമായി(5,7,62) തിളങ്ങി. മറ്റൊരു ബ്ലാസ്‌റ്റേഴ്‌സ് താരമായ മുഹമ്മദ് ഐമൻ ഇരട്ടഗോൾ(87,90+7) സ്വന്തമാക്കി. ആയുഷ് ഛേത്രിയും (41) മറ്റൊരു ഗോൾനേടി.
ആദ്യാവസാനം കളിയിൽ മേധാവിത്വം പുലർത്തിയാണ് ബ്ലൂ ടൈഗേഴ്‌സ് ഗോളടിമേളം നടത്തിയത്. സ്റ്റാർട്ടിങ് വിസിൽമുഴങ്ങിയതിന് പിന്നാലെ എതിർബോക്‌സിലേക്ക് ഇരമ്പിയെത്തിയ ഇന്ത്യ അഞ്ചാം മിനിറ്റിൽ ആദ്യ ലീഡെടുത്തു. മധ്യനിരതാരം വിപിൻ മോഹന്റെ മികച്ച ഫിനിഷ്. രണ്ടുമിനിറ്റുകൾക്കകം വീണ്ടും വലകുലുക്കിയ മലയാളി താരം ബ്ലൂസിന് ഡ്രീം സ്റ്റാർട്ടാണ് നൽകിയത്.
62ാം മിനിറ്റിൽ തകർപ്പൻ ഫ്രീകിക്ക് ലക്ഷ്യത്തിലെത്തിച്ചാണ് വിപിൻ ഹാട്രിക് കുറിച്ചത്. കളിയുടെ അവസാന മിനിറ്റുകളിലാണ് മുഹമ്മദ് ഐമൻ ഇരട്ടഗോൾ നേടിയത്. ബ്രൂണെയെ വലിയ മാർജനിൽ തോൽപ്പിച്ചെങ്കിലും യോഗ്യത ഉറപ്പാക്കാൻ ഇന്ത്യക്ക് മറ്റു ടീമുകളുടെ മത്സരഫലത്തെ ആശ്രയിക്കണം.
Adjust Story Font
16

