Quantcast

കിക്കോഫ് സമയവും കളിക്കാരുടെ നക്ഷത്രങ്ങളും വെച്ച് പ്രവചനം; ടീം സെലക്ഷൻ ജ്യോത്സ്യന്‍റെ നിർദേശ പ്രകാരം... ഇന്ത്യൻ ഫുട്‌ബോൾ ടീം പരിശീലകന്‍ വിവാദത്തിൽ

അഫ്ഗാനിസ്താനെതിരായ ഏഷ്യാ കപ്പ് യോഗ്യതാ മത്സരത്തിന് മുന്നോടിയായി ഇഗോര്‍ സ്റ്റിമാച്ച് ജ്യോത്സ്യന് അയച്ച സന്ദേശമടക്കം പുറത്തുവന്നിട്ടുണ്ട്.

MediaOne Logo

Web Desk

  • Updated:

    2023-09-12 08:32:47.0

Published:

12 Sep 2023 7:44 AM GMT

Indian Team, Head Coach, Igor Stimac ,Astrologer,Asian Cup Qualifiers,football,indian football,indian coach
X

ഇന്ത്യന്‍ ഫുട്ബോള്‍ ടീം പരിശീലകന്‍ ഇഗോര്‍ സ്റ്റിമാച്ച്

എ.എഫ്‌.സി യോഗ്യതാ മത്സരത്തിനുള്ള ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിനെ തെരഞ്ഞെടുക്കാന്‍ പരിശീലകന്‍ ഇഗോര്‍ സ്റ്റിമാച്ച് ജ്യോത്സ്യന്‍റെ സഹായം തേടിയതായി റിപ്പോര്‍ട്ട്. ഏഷ്യൻ കപ്പ് യോഗ്യതാ മത്സരത്തിൽ അഫ്ഗാനിസ്താനെതിരായ കളിക്ക് മുന്‍പ് ഇഗോര്‍ സ്റ്റിമാച്ച് പ്ലേയിങ് ഇലവന്‍റെ സാധ്യത പട്ടിക ജ്യോത്സ്യന് അയച്ചുകൊടുത്തുവെന്നതടക്കമുള്ള ഗുരുതര ആരോപണങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.

ഇഗോർ സ്റ്റിമാച്ചിന്‍റെ കീഴില്‍ മിന്നുന്ന പ്രകടനമാണ് അടുത്തിടെയായി ഇന്ത്യൻ ഫുട്ബോള്‍ ടീം പുറത്തെടുത്തുകൊണ്ടിരിക്കുന്നത്. കിങ്സ് കപ്പില്‍ തോല്‍വി രുചിച്ചെങ്കിലും സ്റ്റിമാച്ചിന് കീഴില്‍ ഈ വര്‍ഷം മൂന്ന് കിരീടങ്ങള്‍ ഇന്ത്യന്‍ ടീം ഷെല്‍ഫിലെത്തിച്ചിരുന്നു. ഫിഫ ലോക റാങ്കിങ്ങില്‍ ഈ കാലയളവില്‍ത്തന്നെ ആദ്യ 100നകത്ത് എത്താനും ഇന്ത്യക്ക് സാധിച്ചു. ഈ വിജയങ്ങൾക്കിടയിലാണ് വലിയ വിവാദങ്ങള്‍ക്ക് വഴിവെക്കുന്ന ഇഗോർ സ്റ്റിമാച്ചിനെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.

അഫ്ഗാനിസ്താനെതിരായ ഏഷ്യാ കപ്പ് യോഗ്യതാ മത്സരത്തിന് മുന്നോടിയായി ഇഗോര്‍ സ്റ്റിമാച്ച് ജ്യോത്സ്യന് അയച്ച സന്ദേശമടക്കം പുറത്തുവന്നിട്ടുണ്ട്. ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷനിലെ(എ.ഐ.എഫ്.എഫ്) പേര് വെളിപ്പെടുത്താത്ത ഒരു ഉന്നത ഉദ്യോഗസ്ഥന്‍ തന്നെയാണ് ഇക്കാര്യം പുറത്തുവിട്ടത്. ഇന്ത്യന്‍ എക്‌സ്പ്രസിനോടായിരുന്നു എ.ഐ.എഫ്.എഫിലെ ഉദ്യോഗസ്ഥന്‍റെ വെളിപ്പെടുത്തല്‍.

ഡൽഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജ്യോത്സ്യനായ ഭൂപേഷ് ശർമ്മയോടാണ് ഇഗോര്‍ സ്റ്റിമാച്ച് ഉപദേശം തേടുന്നതെന്നും ഭൂപേഷ് ശര്‍മയെ സ്റ്റിമാച്ചിന് പരിചയപ്പെടുത്തിയതും ഉപദേശമെടുക്കാന്‍ നിര്‍ദേശിച്ചതും ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷനിലെ തന്നെ മറ്റൊരു മുതിര്‍ന്ന ഉദ്യോഗസ്ഥനാണെന്നും അദ്ദേഹം പറയുന്നു. ഉപദേശം നല്‍കാനായി ജ്യോത്സ്യന് 12 മുതല്‍ 15 ലക്ഷത്തോളം രൂപ നല്‍കിയതായും അദ്ദേഹത്തിന്‍റെ വെളിപ്പെടുത്തലില്‍ പറയുന്നു.

'ഏഷ്യൻ കപ്പ് ക്വാളിഫയറിനിടെ അഫ്ഗാനിസ്ഥാനെതിരായ മത്സരത്തിന് മുന്നോടിയായി ഇഗോര്‍ സ്റ്റിമാച്ച് 11 കളിക്കാരുടെ സാധ്യത പട്ടിക ജ്യോത്സ്യന് അയച്ചു കൊടുത്തു. കിക്കോഫ് സമയവും കളിക്കാരുടെ നക്ഷത്രങ്ങളും വെച്ച് പോസിറ്റീവ് റിസല്‍ട്ട് ഉണ്ടാകുമോ എന്നടക്കമുള്ള കാര്യങ്ങള്‍ വിലയിരുത്താൻ സ്റ്റിമാച്ച് ആവശ്യപ്പെട്ടു...' എന്നിങ്ങനെയുള്ള ഞെട്ടിക്കുന്ന വിവരങ്ങളാണ് ഇന്ത്യന്‍ ഫുട്ബോള്‍ ക്യാമ്പില്‍ നിന്നും പുറത്തുവരുന്നത്.

''ഹായ് പ്രിയ സുഹൃത്തേ, നിങ്ങള്‍ക്കയച്ച പട്ടികയില്‍ നിന്നും ജൂണ്‍ 11ലേക്കായി ഓരോ കളിക്കാരന്‍റേയും ചാര്‍ട്ടുകള്‍ പരിശോധിക്കാം. കിക്ക് ഓഫ് സമയം 20.30 ആണ്.” ഇഗോര്‍ സ്റ്റിമാച്ച് ജ്യോത്സ്യനായ ഭൂപേഷ് ശര്‍മക്ക് സന്ദേശമയച്ചു. 2022 ജൂണ്‍ ഒന്‍പതിന് കൊല്‍ക്കത്തയില്‍ നടന്ന നിര്‍ണായക ഏഷ്യന്‍ കപ്പ് യോഗ്യതാ മത്സരത്തില്‍ ഇന്ത്യ അഫ്ഗാനിസ്താനെ നേരിടുന്നതിന് 48 മണിക്കൂര്‍ മുമ്പായിരുന്നു കളിക്കാരുടെ സാധ്യതാ പട്ടിക അയച്ചുകൊടുത്ത് ഇഗോര്‍ സ്റ്റിമാച്ച് ജ്യോത്സ്യനായ ഭൂപേഷ് ശര്‍മയോട് ഉപദേശം തേടുന്നത്.

കോണ്ടിനെന്‍ല്‍ ചാമ്പ്യന്‍ഷിപ്പിലെ വിജയം തുടരാനുള്ള വ്യഗ്രതയിലായിരുന്ന ഇന്ത്യന്‍ കോച്ചിന് മണിക്കൂറുകള്‍ക്കുള്ളില്‍ ജ്യോത്സ്യന്‍റെ മറുപടി സന്ദേശവും എത്തി. സ്റ്റിമാച്ച് അയച്ച ഓരോരുത്തരുടെയും പേരുകള്‍ എടുത്തുപറഞ്ഞ് അവരെക്കുറിച്ചുള്ള അഭിപ്രായം ഭൂപേഷ് ശര്‍മ പങ്കുവെച്ചു. ''ചിലര്‍ക്ക് ആ ദിവസം നന്നായി കളിക്കാന്‍ കഴിയും, മറ്റ് ചിലര്‍ക്ക് വളരെ നന്നായി ചെയ്യാന്‍ കഴിയും, വേറെ ചിലര്‍ അമിത ആത്മവിശ്വാസം ഒഴിവാക്കേണ്ടതുണ്ട്, ചിലര്‍ക്ക് ശരാശരി ദിവസം ആയിരിക്കും, ചിലര്‍ക്ക് ഒട്ടും നല്ല ദിവസമായിരിക്കില്ല''. എന്നിങ്ങനെ ആയിരുന്നു ജ്യോത്സ്യന്‍റെ മറുപടി സന്ദേശം.

ജ്യോത്സ്യന്‍റെ നിര്‍ദേശം പിന്തുടർന്ന് സ്റ്റാർട്ടിങ് ലൈനപ്പിലെ രണ്ട് കളിക്കാരെ കളിക്ക് മുന്‍പ് മാറ്റിയെന്നും ഇന്ത്യൻ എക്സ്പ്രെസ്സിന്‍റെ റിപ്പോർട്ടിൽ പറയുന്നു. ഇതൊരു ഒറ്റപ്പെട്ട സംഭവമായിരുന്നില്ല, ഒന്നിലധികം തവണ ഇത് സംഭവിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു. മെയ്-ജൂൺ മാസങ്ങളിൽ നടന്ന ജോർദാനെതിരെയുള്ള സൗഹൃദ മത്സരം, തുടർന്ന് കംബോഡിയ, അഫ്ഗാനിസ്താന്‍, ഹോങ്കോങ് എന്നിവരുമായുള്ള ഏഷ്യൻ കപ്പ് യോഗ്യതാ മത്സരങ്ങൾക്ക് മുൻപും സ്റ്റിമാച്ചും ഭൂപേഷ് ശർമ്മയും സന്ദേശങ്ങള്‍ കൈമാറിയെന്നും നേരിട്ട് കണ്ടെന്നും പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

TAGS :

Next Story