Quantcast

മുസ്‌ലിം ബ്രദർഹുഡ് ബന്ധം ആരോപിച്ചു; ഫ്രഞ്ച് മന്ത്രിക്കെതിരെ കേസ് ഫയല്‍ ചെയ്ത് കരിം ബെൻസേമ

ആരോപണം തന്റെ യശസ്സിനെയും സൽപ്പേരിനെയും ബാധിച്ചെന്ന് ബെന്‍സേമ

MediaOne Logo

Web Desk

  • Published:

    18 Jan 2024 11:44 AM GMT

benzema
X

പാരിസ്: ഫ്രഞ്ച് ആഭ്യന്തര മന്ത്രി ജെറാള്‍ഡ് ഡാർമാനിനെതിരെ അപകീർത്തി കേസ് ഫയൽ ചെയ്ത് അൽ ഇത്തിഹാദിന്റെ ഫ്രഞ്ച് ഫുട്‌ബോളർ കരിം ബെൻസേമ. മുസ്‌ലിം ബ്രദർഹുഡുമായി ബെൻസേമയ്ക്ക് ബന്ധമുണ്ടെന്ന ഡാർമാനിന്‍റെ ആരോപണത്തിലാണ് കേസ്. 2023 ഒക്ടോബർ 15ന് ഫ്രഞ്ച് ടെലിവിഷൻ ചാനൽ സി ന്യൂസുമായി സംസാരിക്കവെ ആയിരുന്നു മന്ത്രിയുടെ പരാമർശം.

'നമുക്ക് 1100 ഇസ്ലാമിക സംഘടനകളുണ്ട്. ഈയടുത്ത ആഴ്ചകളിൽ ബെൻസേമക്ക് കുപ്രസിദ്ധമായ ബന്ധമുള്ള മുസ്‌ലിം ബ്രദർഹുഡിൽ ഞാൻ തത്പരനാണ്. ജിഹാദിന്റെ അന്തരീക്ഷം സൃഷ്ടിക്കുന്ന മുസ്‌ലിം ബ്രദർഹുഡിനെതിരെ ഞങ്ങൾ പൊരുതിക്കൊണ്ടിരിക്കുകയാണ്.' - എന്നായിരുന്നു മന്ത്രിയുടെ പ്രസ്താവന.

മുസ്‌ലിം ബ്രദർഹുഡുമായി തനിക്ക് ഒരു ബന്ധവുമില്ലെന്ന് അഭിഭാഷകൻ ഹ്യൂഗസ് വിഗിയർ വഴി സമർപ്പിച്ച സത്യവാങ്മൂലത്തിൽ ബെൻസേമ പറയുന്നു. ആരോപണം തന്റെ യശസ്സിനെയും സൽപ്പേരിനെയും ബാധിച്ചു. രാഷ്ട്രീയ ചൂഷണത്തിന്റെ ഇരയാണ് താൻ. മന്ത്രി മതത്തിന്റെ പേരിൽ ഫ്രാൻസിനെ ജനങ്ങളെ ഭിന്നിപ്പിക്കാൻ ശ്രമിക്കുകയാണ്. - അദ്ദേഹം കൂട്ടിച്ചേർത്തു.

ഗസ്സയിലെ ഫലസ്തീനികൾക്ക് ഐക്യദാർഢ്യം അറിയിച്ച് സമൂഹമാധ്യമമായ എക്‌സിൽ ബെൻസേമ പോസ്റ്റ് ചെയ്ത കുറിപ്പാണ് വിവാദങ്ങൾക്ക് വഴി വച്ചത്. സ്ത്രീകളെയും കുട്ടികളെയും വരെ ഒഴിവാക്കാത്ത അന്യായ ബോംബ് സ്‌ഫോടനത്തിന്റെ ഇരകൾ എന്നാണ് ഗസ്സയിലെ ജനതയെ ബെൻസേമ വിശേഷിപ്പിച്ചിരുന്നത്. പോസ്റ്റിന് പിന്നാലെ, ഒക്ടോബർ ഏഴിലെ ഹമാസ് ആക്രമണത്തിൽ കൊല്ലപ്പെട്ട ഇസ്രായേലിലെ ജനതയോട് എന്തുകൊണ്ടാണ് ബെൻസേമ ഐക്യപ്പെടാത്തത് എന്ന് മന്ത്രി ചോദിച്ചിരുന്നു. വിഷയത്തിൽ ഡർമാനിൻ ഇതുവരെ പ്രതികരിച്ചിട്ടില്ല.

അതിനിടെ, നിലവിൽ സൗദിയിൽ കളിക്കുന്ന ബെൻസേമ പ്രീമിയർ ലീഗ് ക്ലബ്ബിലേക്ക് ചേക്കേറുമെന്ന അഭ്യൂഹങ്ങൾ സജീവമാണ്. ആഴ്‌സണൽ താരത്തിൽ താത്പര്യം പ്രകടിപ്പിച്ചതായി ഗോൾ ന്യൂസ് റിപ്പോർട്ട് ചെയ്തു. വായ്പാ അടിസ്ഥാനത്തിൽ താരത്തെ എത്തിക്കനാണ് ശ്രമം.

TAGS :

Next Story