Quantcast

ഇരുവട്ടം പെപ്രെ; സൂപ്പർ കപ്പിൽ ബ്ലാസ്റ്റേഴ്‌സിന് വിജയത്തുടക്കം

സൂപ്പർതാരം ക്വാമി പെപ്രെ ഇരട്ടഗോളുമായി തിളങ്ങി (14,27).മുഹമ്മദ് ഐമനും(47) ലക്ഷ്യം കണ്ടു. ജയത്തോടെ ഗ്രൂപ്പ് ബിയിൽ ബ്ലാസ്റ്റേഴ്‌സ് ഒന്നാമതെത്തി.

MediaOne Logo

Web Desk

  • Published:

    10 Jan 2024 12:19 PM GMT

ഇരുവട്ടം പെപ്രെ; സൂപ്പർ കപ്പിൽ ബ്ലാസ്റ്റേഴ്‌സിന് വിജയത്തുടക്കം
X

ഭുവനേശ്വർ: കലിംഗ സൂപ്പർകപ്പിൽ കേരള ബ്ലാസ്റ്റേഴ്സിന് വിജയത്തുടക്കം. ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തിൽ നോർത്ത് ഈസ്റ്റ് ശക്തികളായ ഷില്ലോങ് ലജോങിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് മഞ്ഞപ്പട കീഴടക്കിയത്. സൂപ്പർതാരം ക്വാമി പെപ്രെ ഇരട്ടഗോളുമായി തിളങ്ങി (14,27).മുഹമ്മദ് ഐമനും(47) ലക്ഷ്യം കണ്ടു. ജയത്തോടെ ഗ്രൂപ്പ് ബിയിൽ ബ്ലാസ്റ്റേഴ്സ് ഒന്നാമതെത്തി.

ഐ.എസ്.എലിൽ കളിക്കുന്ന പ്രധാന താരങ്ങളെയെല്ലാം സൂപ്പർകപ്പിലും നിലനിർത്തിയ മഞ്ഞപ്പട തുടക്കം മുതൽ കളിയുടെ നിയന്ത്രണം ഏറ്റെടുത്തു. ക്യാപ്റ്റൻ ദിമിത്രിയോസ് ഡയമന്റകോസ് നൽകിയ പാസിൽനിന്നാണ് ഖാനെ താരം പെപ്രെ മത്സരത്തിലെ ആദ്യഗോൾനേടിയത്. 27ാം മിനിറ്റിൽ രണ്ടാമതും വലകുലുക്കി. പ്രബീർദാസ് നൽകിയ ക്രോസ് ലക്ഷ്യത്തിലെത്തിച്ചാണ് ഗോൾനേട്ടം രണ്ടാക്കി ഉയർത്തിയത്. ആദ്യ അര മണിക്കൂറിനകം രണ്ട് ഗോൾ വഴങ്ങിയതോടെ ഷില്ലോങ് ലജോങ് അക്രമണത്തിന് മൂർച്ചകൂട്ടി. ഒടുവിൽ പെനാൽറ്റിയിലൂടെ നോർത്ത് ഈസ്റ്റ് ക്ലബ് ഗോൾമടക്കി. സ്ട്രൈക്കർ കരീമിനെ ബ്ലാസ്റ്റേഴ്സ് ഗോൾകീപ്പർ സച്ചിൻ സുരേഷ് ബോക്സിൽ വീഴ്ത്തിയതിന് ലഭിച്ച പെനാൽറ്റി ക്യാപ്റ്റൻ റെനാൻ പൗളീഞ്ഞോ ലക്ഷ്യത്തിലെത്തിച്ചു.

രണ്ടാംപകുതിയിലും കളിയിൽ മേധാവിത്വം പുലർത്തിയ ബ്ലാസ്റ്റേഴ്സ് മൂന്നാം ഗോളും നേടി പട്ടിക പൂർത്തിയാക്കി. ഡെയ്സുകെയുടെ ക്രോസിൽ നിന്നാണ് മുഹമ്മദ് ഐമൻ ലക്ഷ്യംകണ്ടത്. ഷില്ലോങ് ലജോങ് ഗോൾകീപ്പറുടെ മികച്ച പ്രകടനമാണ് കൂടുതൽഗോൾ വഴങ്ങുന്നതിൽ നിന്ന് ടീമിനെ രക്ഷിച്ചത്. 15ന് ജംഷഡ്പൂർ എഫ്.സിയുമായാണ് കേരളത്തിന്റെ അടുത്ത മത്സരം. നേരത്തെ ഗ്രൂപ്പ് ഘട്ടത്തിലെ മത്സരങ്ങളിൽ ഹൈദരാബാദ് എഫ്.സിയെ ഈസ്റ്റ് ബംഗാൾ ( 3-2) തോൽപിച്ചിരുന്നു. മറ്റൊരു കളിയിൽ ഐലീഗ് ക്ലബ് ശ്രീനിധി ഡെക്കാനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് മോഹൻ ബഗാൻ കീഴടക്കി.

TAGS :

Next Story