Quantcast

രക്ഷയില്ല; തുടർച്ചയായ മൂന്നാം മത്സരത്തിലും തോറ്റ് ബ്ലാസ്‌റ്റേഴ്‌സ്

എതിരില്ലാത്ത രണ്ടുഗോളിനാണ് മുംബൈ എഫ്‌സി വിജയിച്ചത്

MediaOne Logo

Sports Desk

  • Updated:

    2022-10-28 16:38:22.0

Published:

28 Oct 2022 3:57 PM GMT

രക്ഷയില്ല; തുടർച്ചയായ മൂന്നാം മത്സരത്തിലും തോറ്റ് ബ്ലാസ്‌റ്റേഴ്‌സ്
X

കൊച്ചി: ആദ്യ പകുതിയിൽ പ്രതിരോധം മറന്ന കേരള ബ്ലാസ്‌റ്റേഴ്‌സിന് രണ്ടാം പകുതിയിലെ തുടർമുന്നേറ്റങ്ങൾ തുണയായില്ല. കൊച്ചി കലൂർ സ്റ്റേഡിയത്തിൽ മുംബൈ എഫ്സിക്കെതിരെ ഇന്ന് നടന്ന മത്സരത്തിലും ടീം തോറ്റു. എതിരില്ലാത്ത രണ്ടുഗോളുകൾക്കാണ് ഇന്ത്യൻ സൂപ്പർ ലീഗിലെ തുടർച്ചയായ മൂന്നാം തോൽവി ടീം നേരിടേണ്ടിവന്നത്. ഡിഫൻഡർ മെഹ്താബ് സിംഗും മുൻ ബ്ലാസ്‌റ്റേഴ്‌സ് താരം പെരേര ഡയസുമാണ് മുംബൈക്കായി ഗോൾ നേടിയത്.

ആകെ നാലു മത്സരങ്ങൾ കളിച്ച ബ്ലാസ്‌റ്റേഴ്‌സ് ആദ്യ മത്സരത്തിൽ ഈസ്റ്റ് ബംഗാളിനെതിരെ 3-1ന് ജയിച്ച ശേഷം കളി മറന്ന മട്ടാണ്. മോഹൻ ബഗാനോട് 5-2നും ഒഡീഷയോട് 2-1നും ടീം തുടർ തോൽവികൾ ഏറ്റുവാങ്ങിയ ശേഷമാണ് ഇപ്പോൾ മുംബൈയോടും പരാജയപ്പെട്ടത്.

മുംബൈക്കെതിരെയുള്ള മത്സരത്തിന്റെ ആദ്യ പകുതി അവസാനിക്കുമ്പോൾ കേരളാ ബ്ലാസ്റ്റേഴ്സ് രണ്ടുഗോളിന് പിറകിലായിരുന്നു. 21ാം മിനുട്ടിൽ മെഹ്താബ് സിംഗാണ് ആദ്യം മുംബൈക്കായി ലക്ഷ്യം കണ്ടത്. 31ാം മിനുട്ടിൽ സ്ട്രൈക്കർ പെരേര ഡയസ് മുൻ ടീമിന്റെ മുറിവിനാഴം കൂട്ടി മുംബൈയുടെ ലീഡുയർത്തി.

അഹമ്മദ് ജാഹുവെടുത്ത കോർണറിൽ നിന്നാണ് മെഹ്താബ് ആദ്യ ഗോൾ കണ്ടെത്തിയത്. ഗ്രേഗ് സ്റ്റുവാർട്ട് നൽകിയ പാസ് ബോക്സിന്റെ മധ്യത്തിൽ വെച്ച് വെച്ച് സ്വീകരിച്ച പെരേര ഡയസ് ഗില്ലിനെ മറികടന്നാണ് ടീമിന്റെ രണ്ടാം ഗോൾ നേടിയത്.

ദിമിത്രിയോസ് ഡയമൻറക്കോസും കെ.പി രാഹുലുമടക്കമുള്ളവർ രണ്ടാം പകുതിയിൽ മികച്ച മുന്നേറ്റങ്ങൾ നടത്തിയെങ്കിൽ മുംബൈയുടെ ഗോൾ വല കുലുക്കാനായില്ല. ഇന്നത്തെ മത്സരം വിജയിച്ച മുംബൈ പോയൻറ് പട്ടികയിൽ രണ്ടാമതാണുള്ളത്. ഒമ്പതാം സ്ഥാനത്താണ് കേരളാ ബ്ലാസ്റ്റേഴ്സുള്ളത്.

ഒഡീഷക്കെതിരെയിറങ്ങിയ ടീമിൽ നിന്ന് ഹോർമിപാമിനെയും ഇവാനെയും മാറ്റിയാണ് വുകുമാനോവിച് ഇന്ന് ആദ്യ ഇലവനിറക്കിയിരുന്നത്. പകരം സ്പാനിഷ് ഡിഫൻഡറും മുൻ ഒഡീഷ താരവുമായ വിക്ടർ മോംഗിലും മലയാളി താരം കെ.പി രാഹുലുമാണ് ആദ്യ ഇലവനിലിറങ്ങിയത്. ഗിൽ, ഖബ്ര, ലെസ്‌കോവിച്, ജെസൽ, പ്യൂട്ടിയ, ജിക്സൺ, ലൂന, സഹൽ, ഡയമണ്ടിക്കോസ് എന്നിവരും ഇറങ്ങി. കരൺജിത്ത്, നിഷു, നിഹാൽ, ഹോർമിപാം, സൗരവ്, ബ്രൈസി, സന്ദീപ്, ഇവാൻ, ബിധ്യ എന്നിവർ സബ് താരങ്ങളായിരുന്നു. ഒഡീഷയെ തോൽപ്പിച്ചും ഹൈദരാബാദിനോടും ജംഷഡ്പൂരിനോടും സമനില നേടിയുമാണ് മുംബൈ ഇന്നത്തെ കളിക്കിറങ്ങിയത്.

Kerala Blasters lost the match against Mumbai FC at ISL

TAGS :

Next Story