Quantcast

അരങ്ങേറ്റ സീസണിൽ അടിച്ചുകൂട്ടിയത് 40 ഗോൾ; റയലിൽ മനംകവർന്ന് എംബാപ്പെ

MediaOne Logo

Sports Desk

  • Published:

    15 May 2025 10:49 PM IST

mbappe
X

മാഡ്രിഡ്: സ്പാനിഷ് വമ്പൻമാരായ റയൽ മാഡ്രിഡിന് ഇത് പൊതുവേ നല്ല കാലമല്ല. ബദ്ധവൈരികളായ ബാഴ്സലോണയോട് തു​ടരെ നാല് നാണംകെട്ട തോൽവികൾ ഏറ്റുവാങ്ങി. ചാമ്പ്യൻസ് ലീഗിൽ സെമി കാണാതെ പുറത്തായ റയൽ ലാലിഗ കിരീടവും ബാഴ്സക്ക് മുന്നിൽ അടിയറവ് വെച്ച മട്ടാണ്.

എന്നാൽ ഒരു കാര്യത്തിൽ മാത്രം അവർ ഹാപ്പിയാണ്. അത് പിഎസ്ജിയിൽ നിന്നും പൊന്നും വിലയിൽ റാഞ്ചിയഫ്രഞ്ച് സൂപ്പർ താരം കിലിയൻ എംബാപ്പെയുടെ കാര്യത്തിലാണ്. ഇന്നലെ റയൽ മയ്യോർക്കക്കെതിരെ നേടിയ ഗോളോടെ സീസണിൽ എംബാപ്പെ പൂർത്തിയാക്കിയത് 40 ഗോളുകളാണ്.

ഇതിൽ 28 എണ്ണം ലാലിഗയിലാണ്. അരങ്ങേറ്റ സീസണിൽ ലാലിഗയിൽ ഇത്രയും ഗോളുകൾ ഒരു റയൽ മാഡ്രിഡ് താരവും നേടിയിട്ടില്ല. ആൽഫ്രെഡോ ഡിസ്റ്റെഫാനോ​യെന്ന ഇതിഹാസ താരത്തിന്റെ പേരിലുണ്ടായിരുന്ന 71 വർഷം പഴക്കമുള്ള റെക്കോർഡാണ് എംബാപ്പെ തകർത്തത്. അരങ്ങേറ്റ സീസണിൽ റയലിനായി ഏറ്റവുമധികം ഗോൾ നേടിയ താരമെന്ന റെക്കോർഡും എംബാപ്പെ തിരുത്തിയെഴുതി. ഇവാൻ സമരാനോയുടെ പേരിലുള്ള 39 ഗോളുകളുടെ റെക്കാർഡാണ് എംബാപ്പെ മാറ്റിക്കുറിച്ചത്.

ലാലിഗ ടോപ്പ് സ്കോറർമാരുടെ പട്ടികയിലും ഒന്നാമതാണ് എംബാപ്പെ. രണ്ടാമതുള്ള റോബർട്ട് ലെവൻഡോവ്സ്കിയേക്കാൾ മൂന്ന് ഗോളുകൾ അധികം. അരങ്ങേറ്റ സീസണിൽ 33 ഗോളുകളാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ റയൽ കുപ്പായത്തിൽ കുറിച്ചത്. സീസണിലെ ആദ്യ മത്സരങ്ങളിൽ മോശം ഫോമിലായിരുന്ന എംബാപ്പെ പിന്നീട് താളം കണ്ടെത്തുകയായിരുന്നു.

TAGS :

Next Story