Quantcast

മാരക്കാനയിൽ മിശിഹാക്കു വേണ്ടി എയ്ഞ്ചൽ അവതരിച്ച ദിവസം

ആ സിംഹാസനാരോഹണത്തിന് മാരക്കാന തന്നെ വേദിയായത് ചരിത്രത്തിന്റെ നിയോഗം

MediaOne Logo

എം അബ്ബാസ്‌

  • Updated:

    2021-07-11 07:01:12.0

Published:

11 July 2021 6:53 AM GMT

മാരക്കാനയിൽ മിശിഹാക്കു വേണ്ടി എയ്ഞ്ചൽ അവതരിച്ച ദിവസം
X

പന്തിനെ ചുംബിച്ചുണർന്ന ഈ പുലരിയെ എങ്ങനെ മറക്കാനാണ്! വെളിച്ചം വിരുന്നെത്തുന്ന നേരത്ത് നമ്മൾ മാരക്കാനയിലായിരുന്നു. ലോകഫുട്‌ബോളിന്റെ തറവാട്ടുമുറ്റത്ത് ഉരുണ്ടു കൊണ്ടിരിക്കുന്ന ഒരു തുകൽപ്പന്തിനൊപ്പം. കാറ്റൂതി നിറച്ച ആ ചെറുഗോളത്തിന്റെ ഗതിവേഗങ്ങൾ നമ്മുടെ നെഞ്ചിടിപ്പുകളെ ഏറ്റെടുത്തു. നെടുവീർപ്പുകളുയർന്നു. സമാശ്വാസങ്ങളുടെ സീൽക്കാരങ്ങൾ കേട്ടു. ഒടുവിൽ, പുലരി തുടിക്കവെ അന്തരീക്ഷത്തിൽ ആഹ്ലാദത്തിന്റെ അമിട്ടുപൊട്ടി. മാരക്കാനയിൽ ലയണൽ ആൻഡ്രെസ് മെസ്സിയെന്ന ഫുട്‌ബോൾ ഇതിഹാസത്തിന്റെ പട്ടാഭിഷേകം. ഇരുകൈകളും മാനത്തേക്കുയർത്തി ലോകത്തിന് മുമ്പിൽ മിശിഹായായി അയാൾ നിന്നു. അതേ, ഒടുവിൽ മെസ്സി കിരീടമുള്ള രാജാവായിരിക്കുന്നു.

ആ സിംഹാസനാരോഹണത്തിന് മാരക്കാന തന്നെ വേദിയായത് ചരിത്രത്തിന്റെ നിയോഗം. യുദ്ധത്തിന്റെ മറുതലക്കൽ ചിരവൈരികളായ ബ്രസീൽപ്പട. തന്ത്രങ്ങളൊരുക്കി അയൽരാജ്യത്തെ വീഴ്ത്താൻ തയ്യാറായ പോരാളികളെ അഭിവാദ്യം ചെയ്ത് രാഷ്ട്രത്തിന്റെ കാരണവർ ജയർ ബോൽസൊണാരോ. അങ്കം കാണാൻ ഫുട്‌ബോൾ കൂട്ടായ്മ ഫിഫയുടെ അധിപൻ ജിയാനി ഇൻഫാന്റിനോ. സ്റ്റേഡിയത്തിൽ ആദ്യമായി കാണികളുടെ ആരവം.


കളത്തിലേക്ക് പോരാളികളെ അയച്ച് കുമ്മായവരയ്ക്കപ്പുറം കുരുക്ഷേത്രഭൂമിയിലെ ഭീഷ്മാചാര്യരെ പോലെ ബ്രസീലിന്റെ ആശാൻ ടിറ്റെ. മറുവശത്ത് ലയണൽ സ്‌കലോണി. പോരിനിറങ്ങും മുമ്പെ രണ്ടു പേരും ചില ജാമ്യങ്ങളെടുത്തിരുന്നു. ചരിത്രത്തിലെ മേൽക്കൈയിൽ വലിയ കാര്യമില്ലെന്ന നിലപാടായിരുന്നു ടിറ്റെയ്ക്ക്. ഒരു കിരീടം കൊണ്ട് അളക്കേണ്ടതല്ല മെസ്സിയുടെ മഹത്വമെന്ന് സ്‌കലോണിയും.

കളത്തിൽ ഇരുപത്തിരണ്ടു പേരുണ്ടായിരുന്നെങ്കിലും ഒരു ദിന്ദ്വയുദ്ധത്തിന്റെ പ്രതീതിയായിരുന്നു ആ പോരാട്ടത്തിന്. ഒരുഭാഗത്ത് മെസ്സി. മറുവശത്ത് നെയ്മര്‍. രണ്ടു സംഘത്തിലെയും അങ്കച്ചേകവരെപ്പോലെ ഇരുവരും നിന്നു. ക്യാമറകൾ ആ പോരാളികളുടെ ഭാവങ്ങൾ ഇമചിമ്മാതെ ഒപ്പിയെടുത്തു.

വർണക്കൊടികൾ അതിരുകളിട്ട കളിത്തട്ടിൽ വിധിദാതാവായി യുറഗ്വായ് റഫറി എസ്ബാൻ ഒസ്റ്റോജിച്ച്. യുദ്ധകാഹളം മുഴങ്ങിയ ശേഷമുള്ള ആദ്യമിനിറ്റുകളിൽ ഒന്നും സംഭവിച്ചില്ല. പന്ത് ഇരുവശത്തേക്കും യഥേഷ്ടം കയറിയിറങ്ങിയെങ്കിലും പെനാൽറ്റി ബോക്‌സ് എന്ന അപകടസ്ഥലിയിലേക്കു കടന്നു കയറാൻ പ്രതിരോധ ഭടന്മാർ അനുവദിച്ചില്ല. ഫൈനൽ തേഡിൽ അർജന്റീനയ്ക്കായി മെസ്സിയും ഡി മരിയയും ബ്രസീലിനായി നെയ്മറും റിച്ചാലിസണും ചില മിന്നലാട്ടങ്ങൾ നടത്തി.


അതിനിടെയാണ്, അവൻ തന്റെ ദൂതന്മാരെ നിന്റെ മേൽ നിയോഗിക്കുമെന്ന് ബൈബിൾ പറഞ്ഞ പോലെ മിശിഹായ്ക്കു വേണ്ടി മരിയ മാലാഖയായി അവതരിച്ചത്, 22-ാം മിനിറ്റിൽ. കളിയുടെ വിധിയെ തന്നെ നിർണയിച്ച ഗോളിനായി തന്ത്രമൊരുക്കിയത് മിഡ്ഫീൽഡ് ജനറൽ റോഡിഗ്രോ ഡി പോൾ. മെസ്സിക്കായി ഒരുക്കിയ കെണി പൊട്ടാതെ നോക്കുന്നതിനിടെയാണ് ഡിപോളിന്റെ ബുദ്ധി പ്രവർത്തിച്ചത്. നാലു ഫുൾബാക്കുകൾക്ക് തൊട്ടുമുന്നിൽ നിൽക്കുന്ന മരിയയിലേക്ക് സ്വന്തം ഹാഫിൽ നിന്ന് നീളൻക്രോസ്. മൈതാനത്ത് കുത്തിയുയർന്ന പന്ത് കാൽവച്ചു വഴിതിരിക്കാൻ ഡിഫൻഡർ റെനാൻ ലോധി ഒരു ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടു. വിസ്മയകരമായ ഫസ്റ്റ് ടച്ചിൽ പന്ത് മരിയയുടെ വരുതിയിൽ. മുമ്പിലേക്ക് കയറി വന്ന ബ്രസീൽ കീപ്പർ എഡേഴ്‌സന്റെ തലയ്ക്ക് മുകളിലൂടെ ഗോളിലേക്ക് ഒരിടങ്കാലൻ മുത്തം!

എതിരാളികളുടെ പുലിമടയിൽ ചെന്നുകയറി തൊടുത്ത ആ ഗോളിന്റെ ആരവം ബ്യൂണസ് അയേഴ്‌സിലെയും റൊസാരിയയുടെയും തെരുവുകളിൽ പ്രതിധ്വനിച്ചു. ബിയർ ഗ്ലാസുകളിൽ ഉന്മാദത്തിന്റെ വീഞ്ഞു നുരഞ്ഞു. തോൽവിയുടെ ഭാരം ഉള്ളിൽ കനക്കവെ, അർജന്റൈൻ പ്രവിശ്യയിലേക്ക് ചില കടന്നാക്രമണങ്ങൾ തന്നെ നടത്തി ബ്രസീൽ. ഒരു തവണ ഗബ്രിയേൽ ബർബോസയുടെയും മറ്റൊരിക്കൽ റിച്ചാലിസന്റെയും ക്ലോസ് റേഞ്ച് വെടിയുണ്ടകൾ അപാരമായ ഇച്ഛാശക്തിയോടെയാണ് ഗോൾകീപ്പർ എമിലിയാനോ മാർട്ടിനസ് കുത്തിയകറ്റിയത്. കാലിൽ പന്ത് കിട്ടുമ്പോഴൊക്കെ നെയ്മർ വേഗം കൊണ്ട് അർജന്റീനയുടെ പ്രതിരോധത്തെ വലച്ചു. അതിനിടെ, ആക്രമണത്തിന് മൂർച്ച കൂട്ടാനുള്ള ബ്രസീലിന്റെ സബ്സ്റ്റിറ്റിയൂഷനുകൾ. പ്രതിരോധക്കോട്ട ബലപ്പെടുത്താനുള്ള അർജന്റീനയുടെ നീക്കങ്ങൾ.


ഒടുവിൽ അനിവാര്യമായ വിധി ബ്രസീലിനെ തേടിയെത്തി. ഒരിക്കൽകൂടി മാരക്കാനയിൽ ചിറകടിച്ചു വീണു കാനറികൾ. സന്തോഷം കൊണ്ട് നിറഞ്ഞു പോയി മെസ്സിയുടെ കണ്ണുകൾ. കൂട്ടുകാർ അയാളെ ആലിംഗനം കൊണ്ട് പൊതിഞ്ഞു. കൈയിലെടുത്ത് ആകാശത്തേക്ക് ഉയർത്തി. അയാൾ കളിയിലെ വിശുദ്ധനായി. അതിനിടെ, സുഹൃത്തായ നെയ്മറിനെ നെഞ്ചോട് ചേർത്ത് സമാശ്വസിപ്പിച്ച് കളത്തിൽ മാന്യതയുടെ മനുഷ്യനായി.

കിരീടത്തിന്റെ പെരുമയില്ലാതെ കളിക്കളം വിടേണ്ടി വരുമോ എന്ന ആരാധകരുടെ നോവുകൾക്ക് അവസാനം കുറിച്ചാണ് മാരക്കാനയിൽ മെസ്സിയുടെ പട്ടാഭിഷേകം. കളത്തിൽ അയാളെ കണ്ടിരിക്കുന്നത് തന്നെ ഉന്മാദമാണ് എന്നു പറഞ്ഞത് ഫിഗോയാണ്. അയാൾക്ക് എന്തിനാണ് വലങ്കാൽ എന്നു ചോദിച്ചത് സ്ലാട്ടൻ ഇബ്രാമോവിച്ച്. അയാളെ കുറിച്ച് എഴുതല്ലേ, പറയല്ലേ, വെറുതെ കണ്ടിരിക്കൂ എന്ന് പറഞ്ഞത് കോച്ചിങ്ങിന്റെ ആശാൻ പെപ് ഗ്വാർഡിയോള.


ലോകം കണ്ടു കണ്ടിരിക്കുകയായിരുന്നു അയാളെ ഇതുവരെ. ഒരു കിരീടത്തിലേക്ക് കണ്ണുനട്ടുള്ള അയാളുടെ കാത്തിരിപ്പിന് ദശാബ്ദങ്ങളുടെ പ്രായമായിരുന്നു. മറഡോണയെന്ന മാന്ത്രികൻ ഏറ്റുവാങ്ങിയ ലോകകിരീടത്തിന്റെ തിരുമധുരം തലനാരിഴ വ്യത്യാസത്തിൽ കടന്നുപോയ കലാശക്കളികൾ. ഒടുവിൽ മെസ്സിയുടെ രാജയോഗം. അതും ബ്രസീലിന്റെ തറവാട്ടു മുറ്റത്ത്. സിംഹത്തിന്റെ മടയിൽ തന്നെ കയറിയെടുത്ത കിരീടത്തിന് മറ്റെന്നെത്തേക്കാളും മധുരം. ലോകഫുട്ബോളിൽ ഇതിലും സമ്മോഹനമായ മുഹൂർത്തം ഇനിയെന്നു കാണാനാണ്!

മറഡോണയ്ക്ക് നേടാനാകാതെ പോയ പെരുമയിലേക്കാണ് മെസ്സി ഡ്രിബിൾ ചെയ്തു കയറിയത്. കിരീടത്തിലേക്കുള്ള അർജന്റീനയുടെ യാത്രയിൽ മെസ്സി നേടിയത് നാലു ഗോളുകൾ. അഞ്ച് അസിസ്റ്റുകൾ. അയാളുടെ വേഗമേറിയ കാലുകളെ ഒരു രാജ്യം എത്ര മേൽ ആശ്രയിച്ചിരിക്കുന്നു എന്നതിന്റെ നേർസാക്ഷ്യങ്ങൾ. എതിരാളികൾ കെട്ടിയ കത്രികപ്പൂട്ടുകളിൽ നിന്നാണ് അയാൾ ഇത്രയും തവണ ലക്ഷ്യത്തിലേക്ക് നിറയൊഴിച്ചത്. കോട്ടകെട്ടിയ പ്രതിരോധമതിലിനൂടെ വഴി തിരിച്ചുവിട്ട അയാളുടെ മഴവില്ലുകൾക്ക് എന്തൊരു ചന്തം! അതിലപ്പുറം അയാൾക്കു വേണ്ടി യുദ്ധസജ്ജരായ പത്തുപേർ. ഈ പോരാട്ടം ജയിച്ചേ അടങ്ങൂ എന്ന് വാശിയുള്ളവർ. അവരൊടുവിൽ സ്വന്തം നായകന് സിംഹാസനത്തിലേക്കുള്ള വഴി കാണിച്ചിരിക്കുന്നു.

TAGS :

Next Story