Quantcast

മെസ്സി, ദ സ്‌പേസ് കിങ്‌

തന്റെ ആയിരാമത് മത്സരത്തെ അടയാളപ്പെടുത്താൻ അയാൾക്ക് ഇതിൽപ്പരം എന്തു വേണം!

MediaOne Logo
മെസ്സി, ദ സ്‌പേസ് കിങ്‌
X

പെനാൽറ്റി ബോക്‌സിന് മുമ്പിൽ നിന്ന് പാപു ഗോമസ് വലതുകാലിന്റെ പുറംഭാഗം കൊണ്ടു മറിച്ച പന്ത് കിട്ടുമ്പോൾ മെസ്സിക്കു മുമ്പിൽ ഒരു മഞ്ഞക്കുപ്പായക്കാരൻ. ഓസീസ് ബോക്സിന്‍റെ വലതു മൂലയില്‍ ഒരു നിമിഷത്തെ ധ്യാനത്തിനെന്ന പോലെ പന്ത് തറയിൽവച്ച് ഞൊടിയിടയിൽ മെസ്സി ഇടത്തോട്ടേക്ക് പാഞ്ഞു. അതേവേഗത്തിൽ മെസ്സിയുടെ എതിർദിശയിലേക്ക് നീങ്ങി ഗോമസ്. രണ്ടു ചുവടു നീട്ടിയെടുത്ത് മെസ്സി പന്ത് ബോക്‌സിനു മുമ്പിൽ സ്റ്റാൻഡെടുത്ത മക്കാലിസ്റ്ററിന് നല്‍കി. മക്കാലിസ്റ്റർ അത് ഓട്ടമെൻഡിക്ക് മറിച്ചു. പന്ത് മെസ്സിക്ക് ഒരുക്കിക്കൊടുക്കുന്ന പണി മാത്രമാണ് ഓട്ടമെൻഡിയെടുത്തത്.

ബോക്‌സിൽ വച്ച് മെസ്സി പന്ത് കാലിൽ കൊരുക്കുമ്പോൾ ഗോളിയടക്കം പത്ത് ആസ്‌ട്രേലിയൻ കളിക്കാരനാണ് അകത്തുണ്ടായിരുന്നത്. തൊട്ടുപിന്നിൽ ഒരാളും. ഒരു ടീമിലെ പതിനൊന്നു പേരും ചേർന്നു തയ്യാറാക്കിയ പത്മവ്യൂഹത്തിൽ നിന്ന് ഒരു നൂൽപ്പഴുതിലൂടെ അയാൾ ലക്ഷ്യത്തിലേക്ക് നിറയൊഴിച്ചു. പന്ത് വലക്കണ്ണിയിളക്കവെ യുദ്ധഭൂമി അടക്കി വാണ യോദ്ധാവിനെ പോലെ രണ്ടുകൈകളും നീട്ടി മെസ്സി ആരവങ്ങളിലേക്ക് ഓടിക്കയറി. ഫൈനൽ തേഡിൽ വട്ടംചുറ്റി നടന്നുണ്ടാക്കുന്ന സ്‌പെയ്‌സിൽ നിന്ന് അയാൾക്കു മാത്രം സാധ്യമാകുന്ന ഇന്ദ്രജാലമായിരുന്നു അത്. മെക്‌സിക്കോക്കെതിരെ ഒച്ചാവയെ അസ്തപ്രജ്ഞനാക്കി നേടിയ ഗോളിന്റെ ഒരു അപ്‌ഡേറ്റഡ് വേർഷൻ.



തോറ്റാൽ റീടേക്കിന് അവസരമില്ലെന്ന് ഉറച്ച ബോധ്യമുള്ളൊരു മത്സരത്തിൽ പരിക്കേറ്റ മിഡ്ഫീൽഡർ ഡി മരിയയ്ക്ക് പകരം പാപ്പുവ ഗോമസ് ആദ്യ ഇലവനിൽ വന്നു. ഡിബാലയെ സ്‌കലോണി ഒരിക്കൽക്കൂടി ബഞ്ചിലിരുത്തി. സ്‌ട്രൈക്കിങ്ങിൽ ഗോമസ്, ജൂലിയൻ അൽവാരസ്, മെസ്സി, ക്രിയേറ്റീവ് മിഡിൽ മക്കാലിസ്റ്ററും ഡി പോളും ഡിഫൻസീവ് മിഡിൽ എൻസോ ഫെർണാണ്ടസും. പ്രതിരോധത്തിൽ അക്യൂന, ഒട്ടമെൻഡി, റൊമേറോ, മൊളീന എന്നിവരും. 4-1-2-3 ഫോർമേഷൻ. മിച്ചൽ ഡ്യൂക്കിനെയും മക്ഗ്രീയെയും മുമ്പിൽ നിർത്തിയുള്ള 4-4-2 ശൈലിയിലാണ് കോച്ച് ഗ്രഹാം ആർനോൾഡ് സോക്കറൂസിനെ വിന്യസിച്ചത്.

പോളണ്ടിനെതിരെ നിർത്തിയിടത്തു നിന്നാണ് അർജന്റീന തുടങ്ങിയത്. ഫ്രീ ഫ്‌ളോയിങ് ഫുട്‌ബോൾ. ആദ്യ പത്തു മിനിറ്റ് കഴിയുമ്പോൾ 84 ശതമാനം പന്തവകാശവും നീലക്കുപ്പായക്കാർക്കു സ്വന്തമായിരുന്നു. ആ വേളയിലെല്ലാം പ്രതിരോധഘടന ഉലയാതെ നോക്കാന്‍ സോക്കറൂസ് ബദ്ധശ്രദ്ധ കാണിച്ചു. എതിർകളിക്കാരെ കായികമായി നേരിടുന്നതിന്റെ സംഘർഷവും കണ്ടു മൈതാനത്ത്. മെസ്സിയുമായി ലെഫ്റ്റ് ബാക്ക് വിങ്ങർ അസിസ് ബെഹിച്ച് നടത്തിയ പിടിവലിക്കു പിന്നാലെയായിരുന്നു ശൂന്യതയിൽ നിന്നുള്ള ആ മെസ്സി ഗോൾ. കളിയുടെ മുപ്പത്തിയഞ്ചാം മിനിറ്റിൽ. തന്റെ ആയിരാമത് മത്സരത്തെ അടയാളപ്പെടുത്താൻ അയാൾക്ക് ഇതിൽപ്പരം എന്തു വേണം!

ഈ ഗോളുണ്ടാക്കിയ ഞെട്ടലിൽ നിന്നാണ് ആസ്‌ട്രേലിയ നീക്കങ്ങൾ കരുപ്പിടിപ്പിച്ചത്. കൃത്യമായ പാസുകളിലൂടെ പന്ത് കൂടുതൽ കൈവശം വച്ച് ഒരു വേള അവർ അർജന്റൈൻ നിരയെ ഔട്ട് പ്ലേ ചെയ്തു. അങ്ങനെ വിട്ടുകൊടുക്കാൻ ഉദ്ദേശിച്ചിട്ടില്ല എന്ന സന്ദേശത്തോടെയാണ് സോക്കറൂസ് ആദ്യ പകുതി കഴിഞ്ഞ് കളം വിട്ടത്.




രണ്ടാം പകുതിയിൽ കൂടുതൽ പ്രസ്സിങ് ഗെയിമിലേക്ക് മാറി സോക്കറൂസ്. അത് ഇടുടീമുകളും തമ്മിലുള്ള റാങ്കിങ്ങിലെ അന്തരം എടുത്തു കളയുകയും കളിയെ ലോകനിലവാരത്തിലേക്ക് ഉയർത്തുകയും ചെയ്തു. രണ്ടാം പാതിക്ക് അഞ്ചു മിനിറ്റ് പ്രായമാകവെ മിഡ്ഫീൽഡിൽനിന്ന് ഗോമസിനെ പിൻവലിച്ച് കോച്ച് സ്‌കലോണി സെന്റർ ഡിഫൻസിലേക്ക് ലിസാൻഡ്രോ മാർട്ടിനസിനെ കൊണ്ടുവന്നു. പ്രതിരോധത്തിൽ ആൾബലം കൂട്ടി കളി വരുതിയിൽ നിർത്താനുള്ള തന്ത്രം. ഇതോടെ വിങ് ബാക്കുകളായ മൊളീനയ്ക്കും അക്യൂനയ്ക്കും മുന്നിലേക്ക് കയറിക്കളിക്കാൻ കൂടുതൽ സ്വാതന്ത്ര്യം കിട്ടി.

അതിനിടെ, നിർണായക കളികളിൽ മണ്ടത്തരം കാണിക്കുന്ന താരമെന്ന പേരുദോഷം ഓട്ടമെൻഡി 'നിലനിർത്തി'യെന്ന് തോന്നിച്ചു. കീപ്പർ മാർട്ടിനസ് അയാൾ നൽകിയ മൈനസ് കൃത്യമായി വായിച്ചതു കൊണ്ട് ഒരു ദുരന്തം വഴിമാറി. അജന്റീനൻ ബോക്‌സിലെ ആശയക്കുഴപ്പം ആസ്‌ട്രേലിയന്‍ സ്ട്രൈക്കര്‍ ഡ്യൂക്കിന് മുതലെടുക്കാനായില്ല എങ്കിൽ അപ്പുറത്ത് കാര്യങ്ങൾ നേർവിപരീതമായിരുന്നു. സെന്റർബാക്ക് റൗൾസിൽ നിന്ന് കീപ്പർ റ്യാനിലേക്കുള്ളൊരു പാസിലേക്ക് ചാർജ് ചെയ്‌തെത്തിയ ഡീ പോളായിരുന്നു ഈ ഗോളിന്റെ സൃഷ്ടി. ഗോളിയുടെ റേഞ്ചിൽ നിന്ന് തെന്നി നീങ്ങി മുമ്പോട്ടെത്തിയ പന്ത് കുറുക്കന്റെ കൗശലത്തോടെ ബോക്‌സിൽ നിന്ന അൽവാരസിന് തട്ടിയിടേണ്ട ജോലിയേ ഉണ്ടായിരുന്നുള്ളൂ. ഡിഫൻസീവ് പിഴവിന് കിട്ടിയ കാപിറ്റൽ പണിഷ്‌മെന്റ്. സ്കോര്‍ 2 - 0.

മിഡ്ഫീൽഡിൽ വിശ്രമമില്ലാതെ, ഇന്ധനക്ഷമതയുള്ള ഒരു മോട്ടോർ പോലെ പ്രവർത്തിച്ച ഡീ പോൾ അർഹിച്ച ഗോളായിരുന്നു അത്. മെസ്സിയുടെ ബോഡി ഗാർഡ് എന്ന പരിഹാസത്തിൽ നിന്ന് അയാൾ മുക്തി നേടുന്നതും മരിയ ഒഴിച്ചിട്ടു പോയ ഇടമടക്കം അയാൾ അടക്കി ഭരിക്കുന്നതും കണ്ടു.




ഒരു ഗോൾ നേടിയതിനു പുറമേ, പ്രതിരോധം വളഞ്ഞിട്ടു പിടിച്ചിട്ടും മൈതാന മധ്യത്തു നിന്ന് പന്തുമായി സോളോ റൺ ചെയ്തു പോകുന്ന പഴയ മെസ്സിയെ കണ്ടു ആരാധകർ. ആദ്യ പകുതിയിൽ അനുസരണയില്ലാത്ത കുട്ടിയെ പോലെ പന്ത് പലവേള അയാളുടെ കാലുകളിൽ നിന്ന് തട്ടിത്തെറിച്ചു പോയിരുന്നു. എന്നാൽ രണ്ടാം പകുതിയിൽ അത് ഒരരുമയെപ്പോലെ കാലിൽ നിന്നു. തളികയിലെന്ന പോലെ ലിയോ ഒരുക്കി നൽകിയ അവസരങ്ങൾ ലൗതാരോ പാഴാക്കിയിരുന്നില്ലെങ്കിൽ അര്‍ജന്‍റീനയുടെ ഗോൾബലം നാലെങ്കിലുമെത്തിയേനെ.

76-ാം മിനിറ്റിൽ അപ്രതീക്ഷിതമായി ആസ്ട്രേലിയ ലക്ഷ്യം കണ്ടു. പകരക്കാരനായി വന്ന ജാമീ മക്ലാരൻ ബോക്‌സിന് വെളിയിൽനിന്ന് തൊടുത്ത ഷോട്ട് ഫെർണാണ്ടസിന്റെ ദേഹത്തു തട്ടി വലയിൽ കയറുന്നത് നോക്കി നില്‍ക്കാനേ മാര്‍ട്ടിനസിനായുള്ളൂ. അത് ഓൺഗോളായാണ് എഴുതപ്പെട്ടത്. മൈതാനത്ത് കുറച്ചു നേരം കണ്ടത് എതിര്‍ഗോള്‍ മുഖത്തേക്ക് ഇരമ്പിക്കയറുന്ന ആസ്‌ട്രേലിയയെ. എൺപതാം മിനിറ്റിൽ അസിസ് ബെഹിച്ച് നാല് അർജന്റൈൻ കളിക്കാരെ വകഞ്ഞ് ബോക്‌സിലേക്ക് ഒരു മിന്നൽപോലെ പാഞ്ഞുകയറിയതിനെ നിർവീര്യമാക്കിയത് ലിസാൻഡ്രോ മാർട്ടിനസ്. അക്ഷരാർത്ഥത്തിൽ അർജന്റീനയുടെ നെഞ്ചിടിച്ച വേള. അവസരങ്ങൾ അങ്ങോട്ടുമിങ്ങോട്ടും തുറന്നെടുക്കുന്നതിനിടെ, സ്‌റ്റോപ്പേജ് ടൈമിൽ ഒരിക്കൽക്കൂടി നീലക്കുപ്പായക്കാര്‍ പതറി. പതിനെട്ടു വയസ്സു മാത്രം പ്രായമുള്ള ഗരങ് കുവോൾ ബോക്‌സിൽനിന്നു തൊടുത്ത ഷോട്ട് അവിശ്വസനീയമായാണ് മാർട്ടിനസ് കൈപ്പിടിയിലൊതുക്കിയത്.

പന്ത് ഒരു കുഞ്ഞിനെപ്പോലെ നെഞ്ചോടു ചേർത്ത് മാർട്ടിനസ് മൈതാനത്ത് കിടക്കവെ അയാളെ ചേർത്തുപിടിച്ചുനിന്ന ഫെർണാണ്ടസിന്റെയും ഓട്ടമെന്റിയുടെയും ചിത്രത്തിലുണ്ടായിരുന്നു അർജന്റീന ആ നിമിഷം അനുഭവിച്ച സംഘർഷം.

TAGS :

Next Story