Quantcast

ഭക്ഷണം കഴിക്കാനെത്തിയ മെസിയും കുടുംബവും 'പെട്ടു'; റെസ്റ്റോറന്‍റ് കീഴടക്കി ആരാധകക്കൂട്ടം

മണിക്കൂറുകളോളം റെസ്‌റ്റോറന്‍റിനകത്ത് കുടുങ്ങിയ സൂപ്പർ താരത്തെ ഒടുവിൽ പൊലീസെത്തിയാണ് രക്ഷിച്ചത്

MediaOne Logo

Web Desk

  • Published:

    22 March 2023 5:23 AM GMT

fansmobMessiinrestaurant, Messifamilyatrestaurant, crowdstomeetMessiatrestaurant
X

ബ്യൂണസ് അയേഴ്‌സ്: ലോകകപ്പിനുശേഷമുള്ള ക്ലബ് സീസൺ ഇടവേള കഴിഞ്ഞ് നാട്ടിലേക്ക് തിരിച്ചെത്തിയ സൂപ്പർ താരം ലയണൽ മെസിയെ പൊതിഞ്ഞ് ആരാധകർ. ബ്യൂണസ് അയേഴ്‌സിലെ പ്രശസ്തമായൊരു റെസ്റ്റോറന്റിൽ കുടുംബസമേതം ഭക്ഷണം കഴിക്കാനെത്തിയതായിരുന്നു താരം. എന്നാൽ, മെസി എത്തിയ വിവരം അറിഞ്ഞ് ആയിരങ്ങളാണ് അങ്ങോട്ട് ഒഴുകിയെത്തിയത്.

ബ്യൂണസ് അയേഴ്‌സിലെ പാലെർമോ ജില്ലയിലുള്ള ഡോൻ ജൂലിയോ റെസ്‌റ്റോറന്റിലാണ് ഭാര്യ അന്റോണില റൊക്കുസ്സോയ്ക്കും മക്കൾക്കുമൊപ്പം മെസി എത്തിയത്. രഹസ്യമായായിരുന്നു വരവെങ്കിലും സംഗതി പാളി. സൂപ്പർ താരം ഭക്ഷണം കഴിക്കാനെത്തിയ വിവരം നാടാകെ പാട്ടായി. ഇതോടെ റെസ്‌റ്റോറന്റിലേക്ക് ആരാധകരുടെ ഒഴുക്കായി.

ഇഷ്ടതാരത്തെ ഒരുനോക്കുകാണാൻ ചുറ്റും ആരാധകർ തടിച്ചുകൂടി. ആരാധകരെ റെസ്‌റ്റോറന്റിനകത്തേക്ക് കടത്തിവിട്ടില്ലെങ്കിലും താരകുടുംബത്തിന് ഭക്ഷണം കഴിച്ച് പുറത്തിറങ്ങാൻ പറ്റാത്ത സ്ഥിതിയായി. ആർപ്പുവിളികളും മെസിയുടെ പേരുവിളിച്ച് മുദ്രാവാക്യം വിളികളുമായി ആരാധകരുടെ ആഘോഷമായിരുന്നു അവിടെ. ഖത്തർ ലോകകപ്പിനിടെ അർജന്റീന ടീമിൻരെ അനൗദൗഗിക ഗീതമായി മാറിയ 'മുച്ചാച്ചോസ്' ഒരേ ശബ്ദത്തിൽ പാടി ആൾക്കൂട്ടം.

മണിക്കൂറുകളോളം താരം റെസ്‌റ്റോറന്റിനകത്ത് കുടുങ്ങി. ഒടുവിൽ പുലർച്ചെ 1.45ഓടെ പൊലീസ് സംഘം പണിപ്പെട്ട് ജനക്കൂട്ടത്തെ നിയന്ത്രിച്ചാണ് മെസിയെയും കുടുംബത്തെയും പുറത്തിറങ്ങാൻ സഹായിച്ചത്. ഈ സമയത്തും ആരാധകർ തൊട്ടുനോക്കാനും കൈകൊടുക്കാനും താരത്തിനുനേരെ പൊതിയുകയായിരുന്നു. തുടർന്ന് പോർഷെ കാറിലാണ് മെസി സ്ഥലംവിട്ടത്.

ലോകകപ്പ് വിജയത്തിനു പിന്നാലെ ജന്മനാടായ റൊസാരിയോയിലെത്തിയപ്പോഴും സമാനമായ അനുഭവം നേരിട്ടിരുന്നു മെസി. ബ്യൂണസ് അയേഴ്‌സിൽ നടന്ന ടീമിന്റെ വിജയാഘോഷ മാർച്ച് കഴിഞ്ഞ് നാട്ടിലെത്തിയ താരത്തെ ആരാധകക്കൂട്ടം പൊതിയുകയായിരുന്നു.

പാനമയ്‌ക്കെതിരായ അർജന്റീനയുടെ സൗഹൃദമത്സരത്തിനായാണ് മെസി നാട്ടിലെത്തിയത്. വെള്ളിയാഴ്ച ബ്യൂണസ് അയേഴ്‌സിലെ എൽ മോണ്യുമെന്റൽ സ്‌റ്റേഡിയത്തിലാണ് മത്സരം. 83,000 പേരെ ഉൾക്കൊള്ളാൻ ശേഷിയുള്ള സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരം കാണാൻ 15 ലക്ഷത്തോളം പേരാണ് ടിക്കറ്റ് ബുക്ക് ചെയ്തിരുന്നത്. അർജൻരീനയ്ക്കു വേണ്ടി നൂറുഗോൾ നേട്ടം എന്ന നിർണായക നാഴികക്കല്ലിനരികെയാണ് മെസിയുള്ളത്. പാനമയ്‌ക്കെതിരെ രണ്ട് ഗോൾ നേടാനായാൽ ഈ അപൂർവനേട്ടം താരത്തിന് സ്വന്തം പേരിലാക്കാനാകും.

Summary: Lionel Messi mobbed by fans while dining at a restaurant in Argentina's Buenos Aires' Palermo district. Messi was with his wife Antonela Roccuzzo and their children

TAGS :

Next Story