അല്‍ഹിലാലിന്‍റെ വമ്പന്‍ ഓഫറില്‍ വീണില്ല; ഇന്‍റര്‍ മയാമിയിൽ മെസിക്ക് എന്തു കിട്ടും?

ഡേവിഡ് ബെക്കാമിനു ലഭിച്ചതുപോലെ മേജർ ലീഗ് സോക്കർ അധികൃതകർ മെസിക്കും ഒരു ക്ലബിന്റെ സഹ ഉടമസ്ഥാവകാശം നൽകിയേക്കുമെന്ന് റിപ്പോർട്ടുണ്ട്

MediaOne Logo

Web Desk

  • Updated:

    2023-06-08 10:55:56.0

Published:

8 Jun 2023 10:15 AM GMT

Lionel Messi Inter Miami contract and salary details, Lionel Messi in Inter Miami, Inter Miami, Lionel Messi
X

ന്യൂയോർക്ക്: സൂപ്പർ താരം ലയണൽ മെസിയെ ചുറ്റിപ്പറ്റിയുള്ള അഭ്യൂഹങ്ങൾക്ക് വിരാമമായിരിക്കുകയാണ്. മുൻ തട്ടകം ബാഴ്‌സലോണയിലേക്ക് മടങ്ങിയേക്കുമെന്ന അഭ്യൂഹങ്ങൾ സജീവമാകുന്നതിനിടെയാണ് മെസി-ബാഴ്‌സ ആരാധകരെയെല്ലാം ഒരുപോലെ നിരാശപ്പെടുത്തിക്കൊണ്ടുള്ള സ്ഥിരീകരണം വരുന്നത്. പി.എസ്.ജി വിട്ട ശേഷം യു.എസ് ഫുട്‌ബോൾ ലീഗിലേക്ക് തട്ടകം മാറ്റുകയാണെന്ന് മെസി തന്നെ പ്രഖ്യാപിച്ചിരിക്കുകയാണ്. മേജർ ലീഗ് സോക്കർ(എം.എൽ.എസ്) ക്ലബായ ഇന്‍റര്‍ മയാമിയാണ് താരത്തെ സ്വന്തമാക്കിയിരിക്കുന്നത്.

അതേസമയം, ഇന്റർ മയാമിയുമായുള്ള കരാറിന്റെ വിശദവിവരങ്ങൾ ഔദ്യോഗികമായി ഇതുവരെ പുറത്തുവന്നിട്ടില്ല. മെസിയുടെ ശമ്പളം, മറ്റ് ആനുകൂല്യങ്ങൾ എന്നിവയെക്കുറിച്ച് യു.എസ് മാധ്യമങ്ങളടക്കം റിപ്പോർട്ട് ചെയ്യുന്ന വിവരങ്ങളാണ് ലഭ്യമായിട്ടുള്ളത്. നാലു വർഷത്തേക്കുള്ള ഓഫറാണ് മയാമി മുന്നോട്ടുവച്ചതെങ്കിലും രണ്ടു വർഷത്തേക്കുള്ള കരാറിലാണ് താരം ഒപ്പുവച്ചിരിക്കുന്നതെന്ന് സ്പാനിഷ് മാധ്യമമായ 'സ്‌പോർട്.ഇഎസ്' റിപ്പോർട്ട് ചെയ്തു. തുടക്കത്തിൽ ലോണിൽ താരം ബാഴ്‌സയിലെത്തിയേക്കുമെന്നും റിപ്പോർട്ടുണ്ട്.

പിന്നീട് ഇന്‍റര്‍ മയാമിയിലേക്ക് തന്നെ തിരിച്ചെത്തി അന്താരാഷ്ട്ര കരിയർ അവസാനിപ്പിച്ചേക്കുമെന്നാണ് സൂചന. 2026 ലോകകപ്പിന്റെ സഹ ആതിഥേയരാജ്യമായതുകൂടി യു.എസ് ലീഗിലേക്ക് കൂടുമാറാനുള്ള മെസിയുടെ തീരുമാനത്തിനിടയാക്കിയിട്ടുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്.

ഒരു സീസണിന് 54 മില്യൻ യു.എസ് ഡോളർ(ഏകദേശം 445 കോടി രൂപ) ലഭിക്കുമെന്നാണ് സ്പാനിഷ് സ്‌പോർട്‌സ് ദിനപത്രമായ 'ഡിയറിയോ എ.എസ്' റിപ്പോർട്ട് ചെയ്യുന്നത്. ഇതിനുപുറമെ മറ്റ് ആനുകൂല്യങ്ങളുമുണ്ടാകും. എം.എൽ.എസിന്റെ പ്രധാന പങ്കാളികളായ അഡിഡാസും ആപ്പിളുമായുള്ള കരാറുകളും ഇതിൽ ഉൾപ്പെടുമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. അർജന്റീനയുടെ ലോകകപ്പ് വിജയം വരെയുള്ള മെസിയുടെ കായികജീവിതം അടിസ്ഥാനമാക്കി ഡോക്യുമെന്ററി പുറത്തിറക്കുമെന്ന് ഇന്നലെ ആപ്പിൾ പ്രഖ്യാപിച്ചിരുന്നു.

ഇതോടൊപ്പം ഇന്‍റര്‍ മയാമിയുടെ ഓഹരിയും മെസിക്ക് ലഭിക്കുമെന്ന് യു.എസ് മാധ്യമമായ 'സ്‌പോർട്ടിങ് ന്യൂസ്' റിപ്പോർട്ട് ചെയ്യുന്നു. മെസി ഇന്റർ മയാമിയെലെത്തുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതു തൊട്ടുതന്നെ താരത്തിന് ക്ലബ് ഓഹരിയും ലഭിക്കുമെന്ന് റിപ്പോർട്ടുണ്ടായിരുന്നു. 35 ശതമാനം ഓഹരിയാണ് ഓഫറിലുള്ളതെന്നാണ് റിപ്പോർട്ടിൽ സൂചിപ്പിക്കുന്നത്. എന്നാൽ, 2007ൽ ഡേവിഡ് ബെക്കാമിനു നൽകിയതുപോലെ മേജർ ലീഗ് സോക്കർ ഒരു ക്ലബിന്റെ സഹ ഉടമസ്ഥാവകാശം മെസിക്കും നൽകിയേക്കുമെന്നും റിപ്പോർട്ടുണ്ട്.

2021ൽ കരാർ നൽകുന്നതിൽ പരാജയപ്പെട്ടതിനെ തുടർന്നാണ് മെസി ബാഴ്സലോണ വിട്ട് പി.എസ്.ജിയിലെത്തുന്നത്. 2004 മുതൽ 2021 വരെ ബാഴ്സയ്ക്കായി നിരവധി കിരീടങ്ങൾ സംഭാവന ചെയ്യുന്നതിൽ നിർണായക പങ്കുവഹിച്ച മെസി ടീമിന്റെ തന്നെ ബ്രാൻഡായി മാറിയിരുന്നു. ചാംപ്യൻസ് ലീഗ് കിരീടം അടക്കമുള്ള പദ്ധതിയുമായാണ് ഫ്രഞ്ച് കരുത്തന്മാർ മെസിയെ കൊണ്ടുവന്നതെങ്കിലും ലക്ഷ്യം പൂർത്തീകരിക്കാൻ താരത്തിനായിരുന്നില്ല.

ടീമിന്റെ നിരാശാജനകമായ പ്രകടനത്തിനിടെ സൂപ്പർ താരത്തിനെതിരെ പി.എസ്.ജി ആരാധകരുടെ കൂക്കുവിളിയും പ്രതിഷേധവുമുണ്ടായി. ഇതിനിടെ, ക്ലബിനെ അറിയിക്കാതെ സൗദി അറേബ്യയിൽ പോയതിന് സസ്‌പെൻഷനും നേരിട്ടു. ഇതിനെല്ലാം ഒടുവിലാണ് പി.എസ്.ജി വിടുന്നതായി കഴിഞ്ഞയാഴ്ച മെസി പ്രഖ്യാപിച്ചത്. കണ്ണഞ്ചിപ്പിക്കുന്ന തുകയ്ക്ക് താരത്തെ സ്വന്തമാക്കാൻ സൗദി പ്രോ ലീഗ് കരുത്തരായ അൽഹിലാൽ നീക്കം നടത്തിയെങ്കിലും ഓഫർ മെസി സ്വീകരിച്ചില്ല. എല്ലാ അഭ്യൂഹങ്ങളും അവസാനിപ്പിച്ചാണ് ഇന്‍റര്‍ മയാമിയിലേക്ക് ചേക്കേറുന്ന വിവരം ഇന്നലെ മെസി തന്നെ നേരിട്ട് പ്രഖ്യാപിച്ചത്.

Summary: How much will Lionel Messi make at Inter Miami? Contract details

TAGS :

Next Story