Quantcast

'അന്ന് മെസിക്ക് കിട്ടിയത് മഞ്ഞക്കാർഡ്; ഇപ്പോൾ ഛേത്രിക്കോ?'-ഫ്രീകിക്ക് ഗോളില്‍ വിവാദം പുകയുന്നു

കിക്കെടുക്കുംമുൻപ് താൻ റഫറിയോട് സംസാരിച്ചത് അഡ്രിയാൻ ലൂണ കേട്ടിരുന്നുവെന്നാണ് ഛേത്രി മത്സരശേഷം പ്രതികരിച്ചത്

MediaOne Logo

Web Desk

  • Updated:

    2023-03-04 07:12:54.0

Published:

4 March 2023 7:10 AM GMT

LionelMessiyellowcardforfreekick, SunilChhetricontroversialfreekick, ISL2023freekickcontroversy
X

ബംഗളൂരു: കഴിഞ്ഞ ദിവസം നടന്ന ഐ.എസ്.എൽ പ്ലേഓഫ് പോരാട്ടത്തിലെ സുനിൽ ഛേത്രിയുടെ ഫ്രീകിക്ക് ഗോളിനെച്ചൊല്ലി വിവാദം പുകയുന്നു. ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ തയാറാകുംമുൻപ് തന്നെ ഛേത്രി കിക്കെടുത്തതാണ് വലിയ കോളിളക്കം സൃഷ്ടിച്ചിരിക്കുന്നത്. റഫറി ഗോൾ വിധിച്ചതോടെ ബ്ലാസ്‌റ്റേഴ്‌സ് കോച്ച് ഇവാൻ വുകുമാനോവിച്ച് താരങ്ങളോട് തിരിച്ചുകയറാൻ ആവശ്യപ്പെടുകയായിരുന്നു.

സംഭവത്തിനു പിന്നാലെ ചേരിതിരിഞ്ഞാണ് സോഷ്യൽ മീഡിയയിൽ അങ്കം മുറുകുന്നത്. ഫ്രീകിക്ക് ലഭിച്ച ശേഷം നിശ്ചിതസമയം കടന്ന ശേഷം കിക്കെടുക്കുമ്പോൾ റഫറിയുടെ വിസിൽ മുഴങ്ങണമെന്ന കാര്യമാണ് ബ്ലാസ്റ്റേഴ്‌സ് ആരാധകർ ചൂണ്ടിക്കാട്ടുന്നത്. ഈ സമയവും കടന്ന ശേഷമാണ് ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ ഫ്രികിക്കിനായി തയാറെടുക്കുംമുൻപ് ഛേത്രിയുടെ അപ്രതീക്ഷിത ഗോൾ വന്നത്.

എന്നാൽ, ഫുട്‌ബോൾ ലോകത്ത് പരിചിതമായ 'ക്വിക് ഫ്രീകിക്ക്' ആണ് ഛേത്രി പയറ്റിയതെന്ന് മറുപക്ഷവും വാദിക്കുന്നു. അന്താരാഷ്ട്ര പ്രൊഫഷനൽ മത്സരങ്ങളിൽ മുൻപും ഇത്തരത്തിലുള്ള സംഭവങ്ങളുണ്ടായിട്ടുണ്ടെന്ന് തെളിവും ഉദ്ധരിക്കുന്നുണ്ട്. ഇത്തരത്തിലുള്ള നിരവധി വിഡിയോകളും പ്രചരിക്കുന്നുണ്ട്.

എന്നാൽ, 2008ൽ ബാഴ്‌സലോണയ്ക്കായി ആദ്യമായി എടുത്ത ഫ്രീകിക്കിന് സൂപ്പർ താരം ലയണൽ മെസിക്ക് മഞ്ഞക്കാർഡ് ലഭിച്ചിരുന്നു. അതും ഇത്തരത്തിലൊരു ക്വിക്ക് ഫ്രീകിക്കായിരുന്നു. 2008 ഒക്ടോബർ നാലിന് അത്‌ലെറ്റിക്കോ മാഡ്രിഡിനെതിരെ നടന്ന ബാഴ്‌സയുടെ മത്സരത്തിലായിരുന്നു സംഭവം. അത്‌ലെറ്റിക്കോ താരങ്ങൾ ഫ്രീകിക്കിന് തയാറെടുക്കുംമുൻപ് തന്നെ മെസി കിക്കെടുക്കുകയും ഗോളാകുകയുമായിരുന്നു. പിന്നാലെ, റഫറി താരത്തിന് മഞ്ഞക്കാർഡും കാണിച്ചു.

ഇതിന്റെ വിഡിയോ അടക്കം എടുത്തിട്ടാണ് സോഷ്യൽ മീഡിയയിൽ തർക്കം മുറുകുന്നത്. അതിനിടെ, ഛേത്രിക്കെതിരെ ബ്ലാസ്‌റ്റേഴ്‌സ് ആരാധകരുടെ പൊങ്കാലയും നടക്കുന്നുണ്ട്. ഛേത്രിയെപ്പോലുള്ള ഒരു താരത്തിൽനിന്ന് ഇത്തരമൊരു അമാന്യമായ നടപടി പ്രതീക്ഷിച്ചതല്ലെന്നാണ് പരാതി. ഒരു കാലത്തെ ഹീറോ ഒറ്റ ഷോട്ട് കൊണ്ട് സീറോ ആയി മാറിയെന്നും ഛേത്രി ചീറ്ററായെന്നുമെല്ലാം പൊങ്കാല പോകുന്നു.

'എല്ലാം ലൂണ കേട്ടു, ഷോട്ട് തടുക്കാനും നോക്കി'

വിവാദത്തിൽ ബംഗളൂരു എഫ്.സി നായകൻ സുനിൽ ഛേത്രി പ്രതികരിച്ചിരുന്നു. ഫ്രീകിക്കെടുക്കുമ്പോൾ വിസിലും പ്രതിരോധ മതിലും വേണ്ടെന്ന് താൻ റഫറിയോട് പറഞ്ഞിരുന്നുവെന്നാണ് ഛേത്രി വ്യക്തമാക്കിയത്. ഇക്കാര്യം കേരള ബ്ലാസ്റ്റേഴ്സ് താരം അഡ്രിയാൻ ലൂണ കേട്ടതാണെന്നും ഛേത്രി അവകാശപ്പെട്ടു.

'ഞങ്ങൾക്ക് ഫ്രീകിക്ക് ലഭിച്ചപ്പോൾ വിസിലും പ്രതിരോധ മതിലും വേണ്ടെന്ന് ഞാൻ റഫറിയോട് പറഞ്ഞിരുന്നു. ഇതുകേട്ട് ഉറപ്പാണോ എന്ന് റഫറി എന്നോട് ചോദിച്ചു. ഞാൻ അതെ എന്നു തന്നെ പറഞ്ഞു. റഫറി ചോദ്യം ആവർത്തിക്കുകയും ഞാൻ ഇക്കാര്യം തന്നെ വ്യക്തമാക്കുകയും ചെയ്തിരുന്നു. ലൂണ അതെല്ലാം കേട്ടതാണ്'-സുനിൽ ഛേത്രി വാദിച്ചു.

ലൂണ പന്തിനു തൊട്ടടുത്ത് നിൽക്കുകയായിരുന്നു. ആദ്യ ശ്രമത്തിൽ ഷോട്ട് തടുക്കാൻ അദ്ദേഹം ശ്രമിക്കുകയും ചെയ്തു. ഞാൻ എന്താണ് ചെയ്യാൻ പോകുന്നതെന്ന് ലൂണയ്ക്ക് അറിയാമായിരുന്നു എന്നാണ് എനിക്ക് തോന്നുന്നത്. ഒരിക്കൽകൂടി എന്റെ നീക്കം തടയാൻ ലൂണ ശ്രമിച്ചു-ഛേത്രി വെളിപ്പെടുത്തി.

'മുന്നിൽ സ്ഥലമില്ലാത്തതു കാരണം പത്ത് വാരയൊരുക്കാൻ ഞാൻ റഫറിയോട് ആവശ്യപ്പെട്ടു. എല്ലാ കളിയിലും ഞാൻ അത് ചെയ്യാറുണ്ട്. അവസരം ലഭിച്ചപ്പോഴെല്ലാം ഞാൻ അങ്ങനെ നോക്കാറുണ്ട്. കാരണം അതുവഴി നമുക്ക് ഒരു അവസരം തുറന്നുലഭിക്കും. മിക്ക സമയത്തും ആരെങ്കിലും പന്തിനു മുന്നിലുണ്ടാകും.'

ഞാൻ എപ്പോഴും ഗർവ് കാണിക്കാറുണ്ട്. ഇതാദ്യമായല്ല ഞാൻ ചെയ്യുന്നത്. ലൂണ പന്തിനു മുന്നിലുണ്ടായിരുന്നു. അവിടെ ഒഴിവുണ്ടായിരുന്നില്ല. ഞാൻ ഒരു ശ്രമം നടത്തിയപ്പോൾ അദ്ദേഹം തടഞ്ഞു. പൊതുവെ അത്തരം സമയങ്ങളിൽ പത്തുവാരയ്ക്കപ്പുറം താരങ്ങളെ നിർത്താൻ ആവശ്യപ്പെടാറാണ് പതിവ്. ഇത്തവണ വിസിലും പത്തുവാരയും വേണ്ടെന്ന് രണ്ടു പ്രാവശ്യം ഞാൻ റഫറിയോട് പറയുകയായിരുന്നു. പിന്നീട് സംഭവിച്ചതിനെക്കുറിച്ച് ഞാനൊന്നും പറയുന്നില്ല. അത് അവരുടെ കാര്യമാണ്-ഛേത്രി കൂട്ടിച്ചേർത്തു.

96-ാം മിനിറ്റിൽ എന്തു സംഭവിച്ചു?

ഐ.എസ്.എല്ലിൽ കേരള ബ്ലാസ്റ്റേഴ്സും ബംഗളൂരു എഫ്.സിയും തമ്മിൽ നടന്ന ആദ്യ പ്ലേഓഫ് പോരാട്ടത്തിൽ എക്‌സ്ട്രാ ടൈമിലാണ് വിവാദ സംഭവം. ഇരുപകുതികളും ഗോൾരഹിതമായതിനെ തുടർന്ന് എക്‌സ്ട്രാ ടൈമിലേക്ക് നീണ്ട മത്സരത്തിന്റെ 96-ാം മിനിറ്റിലാണ് വിവാദ ഗോൾ പിറന്നത്. ഫ്രീകിക്ക് തടയാൻ ബ്ലാസ്റ്റേഴ്സ് താരങ്ങൾ തയാറാകുംമുൻപെ ബംഗളൂരു താരം സുനിൽ ഛേത്രി ഗോൾ വലയിലാക്കുകയായിരുന്നു. റഫറി ഗോൾ വിളിക്കുകയും ചെയ്തു. പിന്നാലെ ബ്ലാസ്റ്റേഴ്സ് കോച്ച് ഇവാൻ വുകുമാനോവിച്ച് താരങ്ങളെ മുഴുവൻ തിരിച്ചുവിളിച്ചു.

മിനിറ്റുകൾ നീണ്ട നാടകീയരംഗങ്ങൾക്കൊടുവിൽ ബംഗളൂരുവിനെ മാച്ച് റഫറി വിജയിയായി പ്രഖ്യാപിച്ചു. ഇതോടെ ബംഗളൂരു സെമിയിൽ പ്രവേശിക്കുകയും ചെയ്തു. ഗാലറിയിൽ ബ്ലാസ്റ്റേഴ്സ് ആരാധകരും റഫറിയുടെ തീരുമാനത്തിനെതിരെ മുദ്രാവാക്യങ്ങൾ മുഴക്കി പ്രതിഷേധിച്ചു. ഇരുടീമുകളുടെയും ആരാധകർ ഗാലറിയിൽ ഏറ്റുമുട്ടുന്ന കാഴ്ചയ്ക്കും ബംഗളൂരു ശ്രീകണ്ഠീരവ സ്റ്റേഡിയം സാക്ഷിയായി.

ആദ്യ പകുതിയിൽ കളം നിറഞ്ഞ് കളിച്ചത് ബംഗളൂരുവാണെങ്കിൽ രണ്ടാം പകുതിയിൽ മികച്ച കളി പുറത്തെടുത്ത് ബ്ലാസ്റ്റേഴ്സ് മത്സരത്തിലേക്ക് തിരിച്ചെത്തി. മത്സരത്തിൽ 60 ശതമാനവും പന്ത് കൈവശം വച്ചതും ബ്ലാസ്റ്റേഴ്സായിരുന്നു. രണ്ടാം പകുതിയിൽ ഗോൾ മുഖത്തിനടത്തുവച്ച് നിരവധി അവസരങ്ങളാണ് ബ്ലാസ്റ്റേഴ്സ് തുലച്ചുകളഞ്ഞത്.

Summary: 'In 2008, Lionel Messi received a yellow card for a quick free-kick in the Barcelona-Atletico Madrid match': Debate rages over Bengaluru FC's Sunil Chhetri's controversial goal against Kerala Blasters in ISL playoff match, 2023

TAGS :

Next Story