രക്ഷകരായി ഗ്രീസ്‍മാനും സുവാരസും; പത്ത് പേരായി ചുരുങ്ങിയ മിലാനെ അവസാന മിനുട്ടില്‍ കീഴടക്കി അത്‍ലറ്റിക്കോ

പത്ത് പേരായി ചുരുങ്ങിയ മിലാനെ അവസാന മിനുട്ടില്‍ കീഴടക്കി അത്‍ലറ്റിക്കോ

MediaOne Logo

ഷെഫി ഷാജഹാന്‍

  • Updated:

    2021-09-29 03:24:56.0

Published:

29 Sep 2021 3:24 AM GMT

രക്ഷകരായി ഗ്രീസ്‍മാനും സുവാരസും; പത്ത് പേരായി ചുരുങ്ങിയ മിലാനെ അവസാന മിനുട്ടില്‍ കീഴടക്കി അത്‍ലറ്റിക്കോ
X

എസി മിലാനെതിരെ ലാലിഗ ചാമ്പ്യന്മാരായ അത്‍ലറ്റിക്കോ മാഡ്രിഡിന് ജയം. ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം ചാമ്പ്യന്‍സ് ലീഗില്‍ ഹോം ഗ്രൌണ്ട് മത്സരത്തിനിറങ്ങിയ മിലാനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് അത്‍ലറ്റിക്കോ പരാജയപ്പെടുത്തിയത്. മത്സരത്തിൽ 60 മിനുട്ടോളം പത്തു പേരുമായി കളിച്ച മിലാൻ അവസാന മിനുട്ടുകളിലാണ് കളി കൈവിട്ടത്. കളിയുടെ ആദ്യ പകുതിയിലെ 29 ആം മിനുട്ടില്‍ ഫ്രാങ്ക് കെസ്സി ചുവപ്പുകാര്‍ഡ് കണ്ട് പുറത്തുപോയതാണ് മിലാന് വിനയായത്.

കളിയുടെ ഇരുപതാം മിനുട്ടിൽ എസി മിലാന്‍ തന്നെയാണ് ആദ്യ ലീഡെടുത്തത്. ബ്രാഹിം ഡിയസിന്‍റെ മികച്ച നീക്കത്തിനൊടുവില്‍ മറിച്ചുനല്‍കിയ പന്ത് റാഫേൽ ലിയോ വലയിലെത്തിക്കുകയായിരുന്നു. മിലാനെ മുന്നിലെത്തിച്ച ഗോളിന് പിന്നാലെ പക്ഷേ ടീമിന് ഒരാളെ നഷ്ടപ്പെട്ടു. രണ്ട് മഞ്ഞക്കാര്‍ഡുകള്‍ വഴങ്ങിയ ഫ്രാങ്ക് കെസി 29ആം മിനുട്ടില്‍ ചുവപ്പ് കാർഡ് വാങ്ങി പുറത്താകുകയായിരുന്നു. ഇതിനു ശേഷം എസി മിലാന് കളി പൂർണ്ണമായും ഡിഫൻസിലേക്ക് മാറ്റേണ്ടി വന്നു.

എന്നിട്ടും മിലാൻ പതറിയില്ല, തങ്ങളുടെ പ്രതിരോധം കീറിമുറിച്ച് ഒരു നീക്കം നടത്താന്‍ അവര്‍ അത്ലറ്റിക്കോ മാഡ്രിഡിനെ അനുവദിച്ചില്ല. ഒരു ഷോട്ട് പോലും ആദ്യ 80 മിനുട്ടിൽ അത്ലറ്റിക്കോ മാഡ്രിഡിന് ടാർഗറ്റിലേക്ക് അടിക്കാൻ ആയില്ല. ലിയോയുടെ ആദ്യ ഗോളിന്‍റെ ലീഡ് 84 ാം മിനുട്ട് വരെ വരെ മിലാന്‍ നിലനിര്‍ത്തി. പക്ഷേ അവിടുന്നങ്ങോട്ട് കളി മാറി.

അത്ലറ്റിക്കോയുടെ രക്ഷകനായി ഗ്രീസ്‍മാന്‍ അവതരിച്ചു. 84ആം മിനുട്ടിലെ ഗോളോടെ ഗ്രീസ്‍മാൻ അത്ലറ്റിക്കോയ്ക്ക് സമനില നൽകി. അവിടുന്നങ്ങോട്ട് താളം തെറ്റിയ മിലാന്‍ അവസാന മിനുട്ടുകളില്‍ കളി മറന്നു. ഇന്‍ജുറി ടൈമിലെ അവസാന മിനുട്ടിൽ ഒരു പെനാല്‍റ്റിയിലൂടെ സുവാരസ് അത്ലറ്റിക്കോ മാഡ്രിഡിനായ് വിജയഗോള്‍ നേടി. ജയത്തോടെ അത്ലറ്റിക്കോയ്ക്ക് നാല് പോയിന്‍റായി. ലീഗില്‍ രണ്ട് പരാജയവുമായി മിലാന്‍ അവസാന സ്ഥാനത്താണ്.

TAGS :

Next Story