ലൂക്ക മോഡ്രിച്ച്; റയലിൽ അടയാളപ്പെടുത്തിയ 13 വർഷങ്ങൾ
മൗറീന്യോയിൽ തുടങ്ങി ആഞ്ചലോട്ടിയിലെത്തി നിൽക്കുമ്പോഴും മാഡ്രിഡിൽ പരിശീലകരുടെ ട്രംകാർഡായി അന്നും ഇന്നും മോഡ്രിച്ചുണ്ടായിരുന്നു

വർഷം 2012. ഇംഗ്ലീഷ് ക്ലബ് ടോട്ടനം ഹോട്‌സ്പറിൽ നിന്ന് അന്നൊരു യുവതാരം സാന്റിയാഗോ ബെർണബ്യുവിന്റെ പുതിയ ആകാശം തേടി പറന്നിറങ്ങി. ഒട്ടും എളുപ്പമായിരുന്നില്ല ആ എൻട്രി. ട്രാൻസ്ഫർമാർക്കറ്റിലെ അന്നത്തെ വലിയ തുക ചെലവഴിച്ച് ലോസ് ബ്ലാങ്കോസിന്റെ നക്ഷത്ര സംഘത്തിലേക്ക് അയാളെ എത്തിച്ചതിൽ മാഡ്രിഡിലെങ്ങും എതിർപ്പിന്റെ സ്വരങ്ങൾ അലയടിച്ചുതുടങ്ങിയിരുന്നു. സീസണിൽ റയലിന്റെ ഏറ്റവും മോശം സൈനിങുകളിലൊന്ന്. സ്പാനിഷ് മാധ്യമമായ മാർക്ക നടത്തിയ സർവ്വേയിൽ വലിയൊരു വിഭാഗം പേരും രേഖപ്പെടുത്തിയത് ഇങ്ങനെയായിരുന്നു. 'നിങ്ങൾ ദയവായി അയാൾക്ക് കുറച്ച് സമയം നൽകൂ... ആ പ്രതിഭ വൈകാതെ കളത്തിൽ കാണാനാകും'. എതിർ സ്വരങ്ങൾക്കിടെ അന്നത്തെ റയൽ പരിശീലകൻ ജോസേ മൗറീന്യോക്ക് പരസ്യമായി ഇങ്ങനെയൊരു പ്രതികരണം പോലും നടത്തേണ്ടി വന്നു
പിൽകാലത്ത് മൗറീന്യോയുടെ വാക്കുകൾ യാഥാർത്ഥ്യമാകുന്നതാണ് ഫുട്ബോൾ ലോകം കണ്ടത്. കളിക്കളത്തെ അടയാളപ്പെടുത്തിയ 13 വർഷങ്ങൾ. ഒന്നുമില്ലാതെയെത്തി റയൽ ഇതിഹാസ നിരയിലേക്ക് കസേരവലിച്ചിട്ട ആ മധ്യനിരതാരത്തെ ഇന്ന് നിങ്ങളറിയും. ലൂക്കാ മോഡ്രിച്ച്. 590 മത്സരങ്ങൾ. 43 ഗോളുകൾ. 95 അസിസ്റ്റുകൾ. ആറ് ചാമ്പ്യൻസ് ലീഗ് കിരീടം ഉൾപ്പെടെ 28 ട്രോഫികൾ. പ്രതിഭകൾ മിന്നിമാഞ്ഞ ലോസ് ബ്ലാങ്കോസിന്റെ തൂവെള്ള ജഴ്സിയിൽ ആ ക്രൊയേഷ്യക്കാരൻ പ്രതിഭാ സ്പർശം തീർത്ത മനോഹര രാവുകൾ. അന്ന് ലൂക്കയുടെ വരവിനെതിരെ തൂലിക ചലിപ്പിച്ച സ്പാനിഷ് മാധ്യമങ്ങൾ ഇന്ന് അയാളുടെ മികവിനെ വാനോളം പുകഴ്ത്താനായി മത്സരിച്ചുകൊണ്ടിരിക്കുന്നു. ലോകത്തിലെ ഏറ്റവും മികച്ച ക്ലബിനൊപ്പം, യൂറോപ്പിലെ പ്രധാന ലീഗിൽ കരിയറിലെ സായാഹ്നത്തിൽ പന്തുതട്ടുമ്പോഴും അയാളുടെ പോരാട്ടവീര്യം ഒരിഞ്ചുപോലും താഴ്ന്നിട്ടില്ല. എതിർ പ്രതിരോധത്തെ കീറിമുറിച്ചുള്ള കില്ലർപാസുകൾ, എതിരാളികളെ നിഷ്പ്രഭമാക്കുന്ന ഡ്രിബ്ലിങ് മാജികുകൾ, ഔട്ട്സൈഡ് ബോക്സിൽ നിന്നുള്ള ബുള്ളറ്റ് ഗോളുകൾ... കാലത്തെ അതിജീവിച്ച് മോഡ്രിച്ച് പ്രതിഭയങ്ങനെ തുടർന്നുകൊണ്ടേയിരിക്കുന്നു.
'പ്രിയപ്പെട്ട മാഡ്രിഡ് ആരാധകരെ, ആ സമയം വന്നെത്തിയിരിക്കുന്നു. ഒരിക്കലും ആഗ്രഹിക്കാത്ത നിമിഷം. പക്ഷെ ഇതാണ് ഫുട്ബോൾ. എല്ലാത്തിനുമൊരു തുടക്കവും അവസാനവുമുണ്ടാകും. ശനിയാഴ്ച സാന്റിയാഗോ ബെർണബ്യുവിൽ എന്റെ അവസാന മത്സരമാകും. ലോകത്തിലെ ഏറ്റവും മികച്ച ക്ലബിന്റെ ജഴ്സിയണിയാനായി 2012ൽ ഞാൻ ഇവിടെയെത്തി. ആ വരവ് എന്റെ ജീവിതം തന്നെയാണ് മാറ്റിമറിച്ചത്'' - റയൽ വിടുന്നതായി പ്രഖ്യാപിച്ച് ഇൻസ്റ്റഗ്രാമിൽ ലൂക്കാ മോഡ്രിച്ച് കുറിച്ച പോസ്റ്റിലെ ആദ്യ വരികൾ ഇങ്ങനെയായിരുന്നു. അന്നും ഇന്നും അയാൾ അടിയുറച്ചൊരു മാഡ്രിഡിസ്റ്റാണ്. ഇനി നാളെയും അങ്ങനെതന്നെയാകുമെന്ന സ്റ്റേറ്റ്മെന്റ് കൂടിയായിരുന്നു ആരാധകർക്കായി പങ്കുവെച്ച ആ കുറിപ്പ്.
ഒരുപതിറ്റാണ്ട് മുൻപ് മോഡ്രിച്ച് റയലിന്റെ പടികയറുമ്പോൾ മധ്യനിരയിൽ പ്രഭികളുടെ വലിയ നിരതന്നെ അവിടെയുണ്ടായിരുന്നു. സാബി അലോൺസോ, സാമി കദീറ, മൊസ്യൂട്ട് ഓസിൽ, കക്ക തുടങ്ങി അന്നത്തെ യൂറോപ്പിലെ ടോപ് ക്ലാസ് മിഡ്ഫീൽഡർമാർ. ഈ കളിക്കൂട്ടത്തിനിടയിലേക്ക് വന്നിറങ്ങിയ മോഡ്രിച്ചിന് കരിയർ തുടക്കത്തിൽ പലപ്പോഴും സബ്സ്റ്റിറ്റിയൂട്ട് റോളായിരുന്നു. എന്നാൽ തന്റെ സമയം വരുമെന്ന ബോധ്യം അയാൾക്കുണ്ടായിരുന്നു. പിന്നീടങ്ങോട്ട് കഠിനാദ്ധ്വാനത്തിന്റെ നാളുകൾ. അധികം വൈകാതെ റയൽ മധ്യനിരയുടെ ചാലകശക്തിയായി ആ ക്രൊയേഷ്യൻ മിഡ്ഫീൽഡർ. പാസിങിലെ കൃത്യതയും മത്സരം റീഡ് ചെയ്യാനുള്ള കഴിവും അയാളെ മറ്റു താരങ്ങളിൽ നിന്ന് വ്യത്യസ്തനാക്കി. ഇതോടൊപ്പം അസാമാന്യ ബോൾ കൺഡ്രോളും ഡ്രിബ്ലിങ് പാടവവും. എല്ലാത്തിനും പുറമെ മത്സരം വരുതിയിലാക്കുന്ന ടാക്റ്റിക്കൽ ഇന്റലിജൻസും മോഡ്രിച്ചിനെ റയൽ മുൻനിരയിലെത്തിച്ചു. പരിശീലകന സ്ഥാനത്ത് സിനദിൻ സിദാൻ എത്തിയതോടെ മോഡ്രിച്ച് ഫോമിന്റെ പാരമ്യത്തിലെത്തി. സിദാന്റെ പ്ലാനിലെ കേന്ദ്ര ബിന്ദുവായി കളത്തിൽ ഈ ക്രൊയേഷ്യക്കാരൻ പന്തുതട്ടി. 2017-18 സീസണിൽ മാഡ്രിഡിന്റെ ചാമ്പ്യൻസ് ലീഗ് കിരീടധാരണത്തിലും റഷ്യൻ ലോകകപ്പിൽ ക്രൊയേഷ്യയെ ഫൈനലിലെത്തിക്കുന്നതിലും നിർണായക റോളിൽ അയാളെ ഫുട്ബോൾ ലോകം കൺനിറയെ കണ്ടു. രാജ്യത്തിനും ക്ലബിനുമായി പുറത്തെടുത്ത വിസ്മയ പ്രകടനം ബാലൻഡിഓർ എന്ന സ്വപ്ന നേട്ടത്തിലേക്കും
മോഡ്രിച്ചിനെയെത്തിച്ചു. ക്രിസ്റ്റിയാനോ റൊണാൾഡോ-ലയണൽ മെസ്സി അടക്കിഭരിച്ച ഫുട്ബോളിന്റെ കനകസിഹാസനത്തിലേക്ക് കൂടിയാണ് അന്ന് ക്രൊയേഷ്യൻ മിഡ്ഫീൽഡർ അവകാശവാദം ഉന്നയിച്ചത്. ജോസെ മൗറീന്യോയിൽ തുടങ്ങി കാർലോ ആഞ്ചലോട്ടിയിലെത്തി നിൽക്കുമ്പോഴും മാഡ്രിഡിൽ പരിശീലകരുടെ ട്രംകാർഡായി അന്നും ഇന്നും അയാളുണ്ടായിരുന്നു. 2014 ചാമ്പ്യൻസ് ലീഗിൽ സെർജിയോ റാമോസിന്റെ ഹെഡ്ഡർ ഗോളിന് വഴിയൊരുക്കിയ കോർണർകിക്ക്, ചെൽസിക്കെതിരായ മത്സരത്തിൽ റോഡ്രിഗോക്ക് നീട്ടിനൽകിയ പന്ത്... അങ്ങനെയങ്ങനെ കളിക്കളത്തിൽ ലുക്കിറ്റ തീർത്ത ഒട്ടേറെ അനർഘ നിമിഷങ്ങൾ. ഈ സീസണിലും അതിന് മാറ്റമുണ്ടായില്ല. ലാലീഗയിലും ചാമ്പ്യൻസ് ലീഗിലുമായി 23 മാച്ചുകളിലാണ് 39 കാരൻ സ്റ്റാർട്ട് ചെയ്തത്. 25 കളിയിൽ പകരക്കാരനായും ഇറങ്ങി. സെവിയ്യക്കെതിരായ അത്യുഗ്രൻ ലോങ് റേഞ്ചറുമായി ഈ സീസണിലും അത്ഭുതപ്പെടുത്തി. സാലറിയിൽ കുറവു വരുത്തി വീണ്ടും റയലിൽ തുടരുമെന്ന് അഭ്യൂഹമുണ്ടായിരുന്നെങ്കിലും യുവ താരങ്ങൾക്കായി കളംവിടാൻ ഒടുവിൽ മോഡ്രിച്ച് തീരുമാനിക്കുകയായിരുന്നു.
നിങ്ങൾക്കൊപ്പം റയലിൽ ചെലവഴിച്ച നിമിഷങ്ങൾ ബഹുമതിയായി കാണുന്നു. എല്ലാത്തിനും നന്ദി. റയൽ വിടുന്ന മോഡ്രിച്ചിന് ആശംസയറിയിച്ച് ക്രിസ്റ്റ്യാനോ സമൂഹ മാധ്യമങ്ങളിൽ കുറിച്ചത് ഇങ്ങനെയായിരുന്നു. പഴകും തോറും വീര്യംകൂടുന്ന വീഞ്ഞായിരുന്നു റയലിലെ മോഡ്രിച്ച്. 39ാം വയസ്സിലും ലോസ് ബ്ലാങ്കോസിനായി അയാൾ നേടിയ ലോങ് റേഞ്ചർ ഗോളുകൾ അതിന് അടിവരയിടുന്നു. ടോണി ക്രൂസ് മടങ്ങി... ഇപ്പോഴിതാ ചാമ്പ്യൻ ക്ലബിനോട് വിടപറയാൻ മോഡ്രിച്ചും ഒരുങ്ങുന്നു. മധ്യനിരയിൽ ഈ രണ്ടു പ്രതിഭകൾക്ക് കൃത്യമായി റീപ്ലെയ്സ്മെന്റ് കൊണ്ടുവരിക റയലിന് അത്ര എളുപ്പമാകില്ല. പുതിയ പരിശീലകൻ സാബി അലോൺസോയുടെ മുന്നിലുള്ള പ്രധാന വെല്ലുവിളിയും മധ്യനിരയിൽ മോഡ്രിച്ചിന്റെ ശൂന്യത എങ്ങനെ പരിഹരിക്കുമെന്നതാണ്. ശനിയാഴ്ച റയൽ സോസിഡാഡിനെതിരായ മത്സരത്തിലൂടെ അയാൾ ബെർണബ്യൂവിനോട് വിടപറയുമ്പോൾ ഓർമകളിൽ ആ മനോഹര നിമിഷങ്ങൾ അലയടക്കും. മോഡ്രിച്ചിന് മാത്രം കഴിയുന്ന അത്ഭുത നിമിഷങ്ങൾ.
Adjust Story Font
16

