Quantcast

ലൂണ നേടിയത് ചെൽസിക്കായി വില്യൻ അടിച്ചത് പോലെയൊരു മനോഹര ടീം ഗോൾ

ജംഷഡ്പൂർ എഫ്.സിക്കെതിരെയുള്ള മത്സരത്തിൽ ഗോളിലേക്കുള്ള നീക്കം തുടങ്ങിയതും പാസ് വാങ്ങി മുന്നേറി ഗോളടിച്ചതും ലൂണയായിരുന്നു

MediaOne Logo

Sports Desk

  • Updated:

    2023-01-05 04:19:32.0

Published:

4 Jan 2023 12:54 PM GMT

ലൂണ നേടിയത് ചെൽസിക്കായി വില്യൻ അടിച്ചത് പോലെയൊരു മനോഹര ടീം ഗോൾ
X
കൊച്ചി: ഇന്ത്യൻ സൂപ്പർലീഗിൽ ജംഷഡ്പൂർ എഫ്.സിക്കെതിരെ കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ കേരളാ ബ്ലാസ്‌റ്റേഴ്‌സ് താരം അഡ്രിയാൻ ലൂണ നേടിയത് ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ബ്രസീൽ താരം വില്യൻ ബോർജസ് ഡാ സിൽവ അടിച്ചത് പോലൊരു മനോഹര ടീം ഗോൾ. ഹോർമിപാമിൽ നിന്ന് ലഭിച്ച പന്തുമായി എതിർഗോൾ മുഖത്തേക്കുള്ള മുന്നേറ്റം തുടങ്ങിയത് ലൂണയായിരുന്നു. ഒടുവിൽ ഗോളാക്കിയതും താരമായിരുന്നു. ആദ്യം സഹൽ അബ്ദുസമദിനും പിന്നീട് ദിമിത്രിയോസ് ഡയമൻഡക്കോസിനും പാസ് നൽകി താരം മുന്നേറി. ഒടുവിൽ ഡയമൻ്റാക്കോസ് അപ്പോസ്തലസ് ജിയാനുവിന് പന്ത് നൽകി. തുടർന്ന് ലൂണ 65ാം മിനുട്ടിൽ പാസ് സ്വീകരിച്ച് ജംഷഡ്പൂരിന്റെ ഉരുക്കുവല കുലുക്കുകയായിരുന്നു. മത്സരത്തിൽ ജംഷഡ്പൂർ വഴങ്ങിയ മൂന്നാമത്തെ ഗോളായിരുന്നിത്. നേരത്തെ ജിയാനുവും ഡയമൻറക്കോസും ഗോൾ നേടിയിരുന്നു.

2018 ജനുവരി 20ന് ബ്രൈട്ടനെതിരെ ചെൽസിക്ക് വേണ്ടി വില്യൻ സമാനമായ ഗോൾ നേടിയിരുന്നു. ഹസാർഡ്, ബത്ഷുഹായി എന്നിവർക്ക് പാസ് നൽകി മുന്നേറിയ വില്യൻ എതിർവലയിൽ തീയുണ്ട പായിക്കുകയായിരുന്നു. ടീം ഗോളെന്ന് വിശേഷിപ്പിക്കാവുന്ന പ്രകടനമായിരുന്നത്. മത്സരത്തിൽ എതിരില്ലാത്ത നാലു ഗോളുകൾക്ക് ചെൽസി വിജയിച്ചിരുന്നു. ഇരുഗോളുകളും ചേർത്തുള്ള വീഡിയോ പ്രീമിയർ ലീഗ് ഇന്ത്യ ട്വിറ്ററിൽ പങ്കുവെച്ചിട്ടുണ്ട്.

പരിശീലനത്തിനിടിയിൽ ഇത്തരം കാര്യങ്ങൾ ചെയ്തിരുന്നുവെന്നും എന്നാൽ മത്സരത്തിനിടയിൽ സംഭവിച്ചതാണ് ഗോളെന്നും ലൂണ പിന്നീട് അഭിമുഖത്തിൽ പറഞ്ഞു. ഗോൾ ടീമിന്റെ നേട്ടമായിരുന്നുവെന്നും അടുത്ത മത്സരത്തിനായി ഒരുങ്ങുകയാണ് പ്രധാനമെന്നും ടീം പറഞ്ഞു.

സ്വന്തം ഗ്രൗണ്ടിൽ ജംഷഡ്പൂർ എഫ്.സിയെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് കേരളബ്ലാസ്റ്റേഴ്സ് തോൽപ്പിച്ചത്. ജയത്തോടെ ബ്ലാസ്റ്റേഴ്സ് മൂന്നാം സ്ഥാനത്തേക്ക് ഉയർന്നു. അവസാനം കളിച്ച എട്ട് മത്സരങ്ങളിൽ ഏഴ് എണ്ണത്തിൽ ജയിച്ചപ്പോൾ ഒരു മത്സരം സമനിലയിൽ പിരിഞ്ഞു. ചെന്നൈയിൻ എഫ്.സിയുമായിട്ടായിരുന്നു സമനില. ബ്ലാസ്റ്റേഴ്സിനായി അപ്പോസ്തലസ് ജിയാനു, ദിമിത്രിയോസ് ഡയമന്റകോസ്, അഡ്രിയാൻ ലൂണ എന്നിവരാണ് ഗോളുകൾ നേടിയത്. ഡാനിയേൽ ചിമ ചൗകുവാണ് ജംഷഡ്പൂരിന്റെ ആശ്വാസ ഗോൾ നേടിയത്.

മികച്ച ഫോമിൽ നിൽക്കുന്ന ബ്ലാസ്റ്റേഴ്സിന് എത്രയെണ്ണം കൊടുത്ത് ജയിക്കാനാവും എന്നായിരുന്നു മത്സരം തുടങ്ങുംമുമ്പെ ആരാധകർ കണക്ക് കൂട്ടിയിരുന്നത്. കാരണം ബ്ലാസ്റ്റേഴ്സ് മിന്നുംഫോമിലും എതിരാളികൾ തകർച്ചയിലും. പതിനൊന്ന് മത്സരങ്ങളിൽ നിന്ന് ഒന്നിൽ മാത്രമാണ് ജംഷഡ്പൂരിന് ജയിക്കാനായിരുന്നത്. ബ്ലാസ്റ്റേഴ്സിന്റെ മുന്നേറ്റങ്ങളോടെയാണ് മത്സരം തുടങ്ങിയത് തന്നെ. കളി തുടങ്ങി ഒമ്പതാം മിനുറ്റിൽ തന്നെ ബ്ലാസ്റ്റേഴ്സ് ആദ്യ നിറയൊഴിച്ചു. അപ്പോസ്തലോസ് ജിയാനു ആയിരുന്നു ഗോൾ നേടിയത്. ജിയാനുവിന്റെ ക്ലോസ് റേഞ്ചിൽ നിന്നുള്ള ഇടം കാൽ ഷോട്ട് ജാംഷഡ്പൂർ വലയിലെത്തുകയായിരുന്നു. 17ാം മിനുറ്റിൽ ചിമ ചൗകു ബ്ലാസ്റ്റേഴ്സിനെ ഞെട്ടിച്ചു കൊണ്ട് ഗോൾ നേടിയതോടെ മത്സരം സമനിലയിൽ. റീബൗണ്ടായി വന്ന പന്താണ് ചൗകു ഗോളിലേക്ക് തിരിച്ചുവിട്ടത്. എന്നാൽ 31ാം മിനുറ്റിൽ ലഭിച്ച പെനാൽറ്റി ഡയമന്റകോസ് ഗോളാക്കിയതോടെ ബ്ലാസ്റ്റേഴ്സ് വീണ്ടും മുന്നിൽ. 65ാം മിനുറ്റിൽ ലൂണ കൂടി ഗോൾ നേടിയതോടെ ജംഷഡ്പൂർ പതനം പൂർത്തിയായി.

30 പോയിന്റുള്ള മുംബൈ സിറ്റി എഫ്.സിയാണ് പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്ത്. 28 പോയിന്റുമായി ഹൈദരാബാദ് എഫ്.സി രണ്ടാം സ്ഥാനത്തും. മൂന്നാം സ്ഥാനത്തുള്ള ബ്ലാസ്റ്റേഴ്സിന് 25 പോയിന്റായി. ആദ്യ മത്സരം ജയിച്ച് തുടങ്ങിയ ബ്ലാസ്റ്റേഴ്സ് പിന്നീടുള്ള മൂന്ന് മത്സരങ്ങളിലും തോറ്റു. തുടർന്നാണ് ടീമിന്റെ അപരാജിത കുതിപ്പ്. ഒന്നാം സ്ഥാനത്തുള്ള മുംബൈ സിറ്റി എഫ്.സിയുമായാണ് ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത മത്സരം.

Kerala Blasters player Adrian Luna scored a beautiful team goal in the match against Jamshedpur FC in the Indian Super League, similar to the one scored by Brazilian player Willian Borges da Silva in the English Premier League.

TAGS :

Next Story