Quantcast

ഖത്തറിന്റെ ലോകകപ്പ് വേദികളിൽ മലയാളികൾ ആർത്തലയ്ക്കും; ഫുട്‌ബോൾ മാമാങ്കത്തിന് ടിക്കറ്റുകൾ നേരത്തെ കരസ്ഥമാക്കി മലയാളികൾ

ഒന്നും രണ്ടും മൂന്നുമല്ല, മുപ്പതും നാൽപ്പതുമൊക്കെ ടിക്കറ്റുകൾ ലഭിച്ചവരുണ്ട്, അവരെല്ലാം ഇനി കാത്തിരിക്കുന്നത് ലഭിച്ച ടിക്കറ്റുകൾ ഏതൊക്കെ ടീമുകൾ തമ്മിലുള്ള പോരാട്ടത്തിന്റേതാണ് എന്നറിയാനാണ്

MediaOne Logo

Web Desk

  • Updated:

    2022-03-12 16:38:12.0

Published:

12 March 2022 4:33 PM GMT

ഖത്തറിന്റെ ലോകകപ്പ് വേദികളിൽ മലയാളികൾ ആർത്തലയ്ക്കും; ഫുട്‌ബോൾ മാമാങ്കത്തിന് ടിക്കറ്റുകൾ നേരത്തെ കരസ്ഥമാക്കി മലയാളികൾ
X

ലോകകപ്പ് ഫുട്‌ബോൾ നടത്താൻ ഖത്തറിന് അവസരം കിട്ടിയപ്പോൾ തന്നെ പറഞ്ഞു തുടങ്ങിയതാണ് ഈ ലോകകപ്പ് മലയാളികളുടേത് കൂടിയാകുമെന്ന്. അപ്പോഴും ആശങ്കകൾ ഏറെയുണ്ടായിരുന്നു.ടിക്കറ്റ് വിൽപ്പന എങ്ങനെയായിരിക്കും, മലയാളികൾക്ക് ടിക്കറ്റ് ലഭിക്കുമോ, ടിക്കറ്റ് നിരക്ക് താങ്ങാനാകുമോ എന്നൊക്കെ. പക്ഷെ ടിക്കറ്റ് വിൽപ്പനയുടെ ആദ്യഘട്ടം പൂർത്തിയാകുമ്പോൾ ഒരു കാര്യം ഉറപ്പിച്ച് പറയാം. ഉദ്ഘാടന വേദിയായ അൽബൈത്ത് മുതൽ കലാശപ്പോര് നടക്കുന്ന ലുസൈൽ വരെ ആർത്തലയ്ക്കാൻ മലയാളികളുണ്ടാകും.

ഖത്തറിൽ താമസക്കാരായ എല്ലാവരെയും ആതിഥേയരാജ്യത്തെ ഫുട്‌ബോൾ ആരാധകൻ എന്ന നിലയിൽ പരിഗണിക്കാനുള്ള തീരുമാനമാണ് മലയാളികൾക്കും തുണയായത്. ഏറ്റവും കുറഞ്ഞ നിരക്കിലുള്ള 40 റിയാലിന്റെ ടിക്കറ്റ് മുതൽ ബുക്ക് ചെയ്യാനുള്ള അവസരവും ലഭിച്ചു. നാലാം കാറ്റഗറിയിലുള്ള ഈ ടിക്കറ്റുകൾ ഖത്തറിൽ താമസിക്കുന്നവർക്ക് മാത്രമായി പരിമിതപ്പെടുത്തുകയും ചെയ്തിരുന്നു. ഖത്തറിലുള്ള നിരവധി മലയാളികൾക്കാണ് ഇതോടെ ലോകകപ്പ് മത്സരങ്ങൾ നേരിൽ കാണാനുള്ള മഹാഭാഗ്യം ലഭിച്ചത്.

ഒന്നും രണ്ടും മൂന്നുമല്ല, മുപ്പതും നാൽപ്പതുമൊക്കെ ടിക്കറ്റുകൾ ലഭിച്ചവരുണ്ട്. അവരെല്ലാം ഇനി കാത്തിരിക്കുന്നത് ലഭിച്ച ടിക്കറ്റുകൾ ഏതൊക്കെ ടീമുകൾ തമ്മിലുള്ള പോരാട്ടത്തിന്റേതാണ് എന്നറിയാനാണ്. ഇഷ്ട ടീമുകളുടെ മത്സരത്തിന്റെ ടിക്കറ്റുകൾ തന്നെയാവണേ എന്ന പ്രാർഥനയിലാണ് എല്ലാവരും. സെമി ഫൈനലിനും കലാശപ്പോരിനുമൊക്കെ ടിക്കറ്റ് ലഭിച്ചവരിൽ മലയാളികളുണ്ട്. ലോകകപ്പ് ആരുയർത്തിയാലും അതിന് സാക്ഷിയാവാൻ, ആ നിമിഷങ്ങൾ കൺനിറയെ കാണാൻ സാധാരണക്കാരനായ മലയാളികളുമുണ്ടാകും.

ഇന്ത്യ ഒരു ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നത് വരെ, ലോകകപ്പ് കാണാൻ അവസരം ലഭിക്കുന്ന ഇന്ത്യയിൽ നിന്നുള്ള ഫുട്‌ബോൾ ആരാധകരുടെ എണ്ണത്തിൽ സർവകാല റെക്കോർഡാകും ഇത്തവണയുണ്ടാവുക. അടുത്ത രണ്ടു ഘട്ടങ്ങളിലെ ടിക്കറ്റ് വിൽപ്പന കൂടിയാകുമ്പോൾ ഗാലറികളിലെ മലയാളികളുടെ ആവേശവും കൂടും. ലോകകപ്പിന് കിക്കോഫ് മുഴങ്ങുന്നതിന് മാസങ്ങൾക്ക് മുമ്പേ ആഗോള പൗരന്മാരായി പരിണമിക്കുന്നവരാണ് മലയാളികൾ. മെസിയ്ക്കും റൊണാൾഡോയ്ക്കും നെയ്മറിനും എംബാപ്പയ്ക്കുമെല്ലാം വേണ്ടി കോഴിക്കോട്ടെയും മലപ്പുറത്തെയും ഗ്രാമങ്ങളിൽ മാത്രമല്ല,ലോകകപ്പ് വേദികളിലും ഇത്തവണ മലയാളികൾ ആർത്തലയ്ക്കും. ടിക്കറ്റ് ലഭിച്ചുതുടങ്ങിയതോടെ ഇനി കിക്കോഫ് വിസിലിനുള്ള കാത്തിരിപ്പാണ്. ഖത്തറിൽ ചൂടുയരുന്നതിനൊപ്പം ലോകകപ്പ് ആവേശവും ഉയരാൻ തുടങ്ങിയിരിക്കുന്നു.

TAGS :

Next Story