മാഞ്ചസ്റ്റർ സിറ്റിക്ക് വമ്പൻ തിരിച്ചടി; 115 സാമ്പത്തിക കുറ്റങ്ങളിൽ ഭൂരിഭാഗവും തെളിഞ്ഞതായി റിപ്പോർട്ട്; പുറത്താക്കൽ ഉൾപ്പെടെയുള്ള കടുത്ത ശിക്ഷകൾക്ക് സാധ്യത

മാഞ്ചസ്റ്റർ : ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ സാമ്പത്തിക ചട്ടങ്ങൾ ലംഘിച്ചതുമായി ബന്ധപ്പെട്ട കേസിൽ വമ്പന്മാരായ മാഞ്ചസ്റ്റർ സിറ്റി കുറ്റക്കാരാണെന്ന് സ്വതന്ത്ര അന്വേഷണ കമ്മിഷൻ കണ്ടെത്തി. ക്ലബ്ബിനെതിരെ ചുമത്തിയ 115 കുറ്റങ്ങളിൽ ഒന്നൊഴികെ ബാക്കിയെല്ലാത്തിലും അവർ കുറ്റക്കാരാണെന്നാണ് കണ്ടെത്തൽ. നാല് വർഷത്തോളം നീണ്ട അന്വേഷണത്തിന് ശേഷമാണ് ഈ സുപ്രധാന വിധി വന്നിരിക്കുന്നത്.
എന്നാൽ സിറ്റിക്കെതിരെയുള്ള ശിക്ഷാ നടപടികൾ എന്തൊക്കെയാണെന്ന് പാനൽ ഇതുവരെ തീരുമാനിച്ചിട്ടില്ല. നിയമപ്രകാരം എല്ലാവിധ സാധ്യതകളും പാനലിന്റെ പരിഗണനയിലുണ്ട്. കേവലം പിഴയിലോ താക്കീതിലോ ഒതുങ്ങാതെ, പോയിന്റ് വെട്ടിക്കുറയ്ക്കൽ മുതൽ പ്രീമിയർ ലീഗിൽ നിന്ന് പുറത്താക്കുന്നത് വരെയുള്ള കടുത്ത ശിക്ഷകൾ ക്ലബ്ബിന് ലഭിച്ചേക്കാം. നേരത്തെ നേടിയ കിരീടങ്ങൾ റദ്ദാക്കാനുള്ള സാധ്യതയും നിയമവിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നുണ്ട്. 2009 നും 2018 നും ഇടയിലുള്ള കാലയളവിൽ സാമ്പത്തിക വിവരങ്ങളും കളിക്കാർക്കും പരിശീലകർക്കും നൽകിയ പ്രതിഫലത്തിന്റെ കണക്കുകളും കൃത്യമായി നൽകാത്തതിലാണ് സിറ്റി പ്രധാനമായും കുറ്റക്കാരാണെന്ന് കണ്ടെത്തിയത്.
Adjust Story Font
16

